പ്രേക്ഷകരുടെ പ്രിയങ്കരരായ താര ദമ്പതികള്‍ ആണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും, നടന്‍ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അമ്മയെപോലെ തന്നെ നൃത്തത്തില്‍ തിളങ്ങുന്ന സൗഭാഗ്യ മലയാളത്തില്‍ ഡബ്സ്മാഷ് തരംഗം തീര്‍ത്ത ആളായിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ സൗഭാഗ്യ എത്തുമെന്ന് കരുതിയവരാണ് അധികമെങ്കിലും സിനിമയിലേക്കേ ഇല്ലെന്ന നിലപാടിലായിരുന്നു സൗഭാഗ്യ.
അമ്മയുടെ ശിഷ്യനായ അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ ജീവിത നായകനായി തിരഞ്ഞെടുത്തത്. നര്‍ത്തകനും ടാറ്റൂ ആര്‍ട്ടിസ്റ്റുമാണ് അര്‍ജ്ജുന്‍. രണ്ടുവര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇവര്‍ വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹശേഷവും തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ ആരാധകരുമായി പങ്കുവയ്ച്ചിരുന്നു. സൗഭാഗ്യ നടിയായില്ലെങ്കിലും ചക്കപ്പഴം എന്ന സീരിയലിലൂടെ അര്‍ജ്ജുന്‍ നടനായി എത്തി. അവതാരകയായ അശ്വതി ശ്രീകാന്തും ഈ സീരിയലിലൂടെ നടിയായി എത്തി്. നര്‍മ്മത്തിന്റെ എരിവും പുളിയും നിറഞ്ഞ കുടുംബ വിശേഷങ്ങള്‍ ആണ് ചക്കപ്പഴവും പങ്കുവയ്ക്കുന്നത്.
ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പരമ്പരയില്‍ എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, സബീറ്റ ജോര്‍ജ് തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്. പൈങ്കിളിയുടെ ഭര്‍ത്താവായ ശിവനെയാണ് അര്‍ജുന്‍ അവതരിപ്പിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിളാണെങ്കിലും ഇടയ്ക്കിടയ്ക്ക് സസ്പെന്‍ഷനിലാവാറുണ്ട് ശിവന്‍. മണ്ണുമാന്തിയെന്നൊരു പേര് കൂടിയുണ്ട് ശിവന്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് അര്‍ജുന്‍ അവതരിപ്പിച്ചിരുന്നത്.
ചക്കപ്പഴത്തില്‍ നിന്നും അര്‍ജുന്‍ പിന്‍വാങ്ങിയെന്ന വിവരങ്ങളാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്കിലൂടെ അര്‍ജുന്‍ തന്നെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ചക്കപ്പഴത്തില്‍ നിന്നും താന്‍ പിന്‍വാങ്ങിയെന്നും കാരണം പറയാനുദ്ദേശിക്കുന്നില്ലെന്നുമാണ് അര്‍ജുന്‍ പറഞ്ഞത്. അര്‍ജുന്‍ ചക്കപ്പഴത്തില്‍ നിന്നു പിന്‍മാറി എന്ന വാര്‍ത്ത പ്രേക്ഷകരില്‍ വലിയ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്.പരമ്പരയില്‍ നിന്നും പിന്മാറാനുള്ള കാരണം ഒരു മാധ്യമത്തോട് അര്‍ജുന്‍ വ്യക്തമാക്കി. അര്‍ജുന്റെ വാക്കുകള്‍, സമയക്കുറവാണ് പ്രധാന കാരണം. ഷെഡ്യൂളുകള്‍ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാന്‍സ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിന്‍മാറാന്‍ തീരുമാനിച്ചത്. ഒരു മാസം വര്‍ക്കിനിടയില്‍ വളരെക്കുറച്ച് അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ.
രണ്ടും കൂടി മാനേജ് ചെയ്യാന്‍ പറ്റുന്നില്ല.200 വിദ്യാര്‍ഥികളുണ്ട്. സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല, ഞങ്ങളുടെ വലിയ പാഷന്‍ കൂടിയാണ് നൃത്തം. അതില്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് ക്ലാസുകള്‍ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. ഡാന്‍സ് ക്ലാസുമായി മുന്നോട്ട് പോകാനും കൊച്ചിയിലും കൂടി ക്ലാസ് തുടങ്ങാനുമാണ് പ്ലാന്‍. തിരുവനന്തപുരത്തും കൊച്ചിയിലുമായി മാറി മാറി നില്‍ക്കും. ഇനി സമയത്തിനനുസരിച്ച് നല്ല ഓഫറുകള്‍ വന്നാല്‍ അഭിനയത്തില്‍ വീണ്ടും നോക്കാം