നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ഡിസംബര്‍ എട്ടിന് രാവിലെ നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തിന് മുകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് സഹോദരി എസ്.ജയലക്ഷ്മി ആലുവ പോലീസില്‍ പരാതി നല്‍കി. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കെതിരെയും അവയിലെ ജേണലിസ്റ്റുകള്‍ക്കെതിരെയും ആണ് പരാതി. വീടിന്റെ മുകളില്‍ ഡ്രോണ്‍ പറത്തി ദിലീപിന്റെയും വീട്ടിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യത ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം.
നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപിച്ച 2025 ഡിസംബര്‍ 8-ന് ആലുവയിലെ 'പത്മസരോവരം' എന്ന വസതിയില്‍ അതിക്രമിച്ചു കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളുടെ വാസസ്ഥലം സ്വകാര്യ സ്ഥലമാണ് എന്നും പൊതുസ്ഥലമല്ല എന്നും ഇവിടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണ്‍ നിരീക്ഷണം നടത്താനാകില്ല എന്നും പരാതിയില്‍ പറയുന്നു.
കേസിന്റെ വിധി പറയുന്ന ദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചാണ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തത്. ഇത് വീട്ടിലെ സ്ത്രീകളുടേയും കുട്ടികളുടേയും സ്വകാര്യതയെ ഹനിക്കുന്നതാണ് എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 'ഡ്രോണ്‍ ഉപയോഗിച്ച് ദിലീപിന്റെ മാത്രമല്ല, വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി സംപ്രേഷണം ചെയ്തു,' പരാതിയില്‍ പറയുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയിലെ സംപ്രേഷണത്തിനിടെ ഡ്രോണ്‍ അയച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ തന്നെ പരാമര്‍ശിക്കുന്നുണ്ട് എന്നും ഇത് ഈ കൃത്യത്തിലുള്ള തന്റെ പങ്ക് അദ്ദേഹം സമ്മതിക്കുന്നതിന് തുല്യമാണ് എന്നും ദിലീപിന്റെ സഹോദരി കൂട്ടിച്ചേര്‍ത്തു. വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുന്‍കൂര്‍ അനുമതിയോ കൂടാതെയാണ് തങ്ങളുടെ വാസസ്ഥലത്തിന് മുകളിലൂടെ ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറാനും, വാണിജ്യ ലാഭത്തിനായി നിയമവിരുദ്ധമായി ദൃശ്യങ്ങള്‍ ശേഖരിച്ച് സംപ്രേഷണം ചെയ്യാനുമുള്ള ദുരുദ്ദേശ്യത്തോടെയാണ്് ഡ്രോണ്‍ ഉപയോഗിച്ചത് എന്നും പരാതിയില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെയും ഏഷ്യാനെറ്റ് ടിവിയുടെയും ഈ പ്രവൃത്തികള്‍ തങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണ് എന്നും പരാതിയില്‍ പറയുന്നു.
നിയമവിരുദ്ധമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ ശേഖരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തതിലൂടെ അന്നേ ദിവസം വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ അന്തസിനും സുരക്ഷയ്ക്കും സല്‍പ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചിരിക്കുന്നു എന്നും അതിനാല്‍, മേല്‍പറഞ്ഞ വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഡ്രോണുകള്‍, മെമ്മറി കാര്‍ഡുകള്‍, സ്റ്റോറേജ് ഡിവൈസുകള്‍ എന്നിവ പിടിച്ചെടുക്കണമെന്നും പരാതിയിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസിലെ പി.ജി. സുരേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ.അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയും, ചാനല്‍ മാനേജ്മെന്റുകള്‍ക്ക് എതിരെയുമാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.അതിക്രമിച്ചു കയറുക, ഭീഷണിപ്പെടുത്തുക, പൊതുശല്യം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ബിഎന്‍എസ് പ്രകാരം കേസ് എടുക്കണമെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഡ്രോണുകളും മെമ്മറി കാര്‍ഡുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ചാനലുകളുടെ ബിസിനസ് നേട്ടത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ സ്വകാര്യതയിലേക്ക് കടന്നുകയറിയതെന്നും അവിടെ താമസിക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ അന്തസ്സിനും സുരക്ഷയ്ക്കും ഇത് വലിയ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ജയലക്ഷ്മി പരാതി നല്‍കിയിരിക്കുന്നത്.