യൂട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും ദിയയുടെയും ശ്രീലക്ഷ്മിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; മൂവര്‍ സംഘം ഒളിവില്‍; കണ്ടെത്താനാകാതെ പോലീസ്

Malayalilife
യൂട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും ദിയയുടെയും ശ്രീലക്ഷ്മിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; മൂവര്‍ സംഘം ഒളിവില്‍; കണ്ടെത്താനാകാതെ പോലീസ്

യുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ് പി നായരെ ഓഫീസിലെത്തി കരിഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ ഒളിവില്‍. വിജയ് പി നായര്‍ ഭാഗ്യലക്ഷ്മിയെ കയ്യേറ്റം ചെയ്ത പരാതിയിലെ അന്വേഷണ പുരോഗതി കോടതി ആരാഞ്ഞപ്പോഴാണ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കാന്‍ കഴിയാത്തതിനെ കുറിച്ചും അവര്‍ ഒളിവിലാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചത്.

അതേസമയം വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റിനുള്ള നീക്കം. മൂവരെയും അന്വേഷിച്ച് തമ്പാനൂര്‍ പോലീസ് വീടുകളില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല.

നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് നടപടിയിലേക്ക് കടക്കാതെ പോലീസ് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നാണ് പോലീസ് വിലയിരുത്തല്‍. എന്നാല്‍, ക്രിമിനലുകളല്ലെന്നും സ്ത്രീകളാണെന്നുമുള്ള പരിഗണനയോടെയായിരിക്കും പോലീസ് തുടര്‍നടപടികളിലേക്ക് കടക്കുക.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. മൂന്നു പേരെയും കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കായികബലം കൊണ്ട് നിയമത്തെ നേരിടാനാവില്ല. സംസ്‌കാരത്തിന് ഒട്ടും യോജിക്കാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് കോടതിക്ക് പിന്മാറാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

കൈയ്യേറ്റം ചെയ്യല്‍, ഭവനഭേദനം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.

അതേസമയം ഭാഗ്യലക്ഷ്മിയെ വിജയ് പി. നായര്‍ കയ്യേറ്റം ചെയ്ത പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല. വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്നതിനിടയില്‍ അയാള്‍ ഭാഗ്യലക്ഷ്മിയെ കയ്യേറ്റം ചെയ്തു എന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കാന്‍ കഴിയാത്തതിനാലാണ് വിജയ് പി നായര്‍ കയ്യേറ്റം ചെയ്‌തെന്ന പരാതിയില് അന്വേഷണം തുടങ്ങാത്തതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

Sessions court rejects anticipatory bail of Bhagyalakshmi and diyasana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES