ദിവസങ്ങള്‍ക്ക് മുമ്പാണ് യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വ്ളോഗറായ വിജയ്നായരെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഓഫീസിലെത്തി കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ പലരും ഭാഗ്യലക്ഷ്മിയെയും സംഘത്തെയും അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ എതിരാളികള്‍ മുഖ്യമായും ഉയര്‍ത്തിയ ആരോപണം ഭാഗ്യലക്ഷ്മിയുടെ മണിചിത്രത്താഴിലെ നാഗവല്ലിക്ക് ശബ്ദം നല്കിയിരുന്നില്ലെന്നും എന്നാല്‍ അതിന്റെ ക്രഡിറ്റ് തട്ടിയെടുത്തെന്നുമായിരുന്നു.
മണിചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു. നാഗവല്ലി ബാധിക്കുമ്പോള്‍ ഗംഗ നകുലനോട് പറയുന്ന അയോഗ്യ നായെ.. വിടമാട്ടേന്‍ എന്ന പറയുന്ന ഡയലോഗുകളും ഭാഗ്യലക്ഷ്മി തന്നെയാണ് പറഞ്ഞതെന്നായിരുന്നു എല്ലാവരുടെയും വിശ്വാസം. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. തമിഴ് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായ ദുര്‍ഗ്ഗയാണ് നാഗവല്ലിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. പണ്ടൊരിക്കല്‍ ഐഡിയ സ്റ്റാര്‍ സിംഗറില്‍ വന്നപ്പോള്‍ ഈ ഡയലോഗുകള്‍ ഭാഗ്യ ലക്ഷ്മി പറഞ്ഞ് കൈയടി വാങ്ങിയിരുന്നു. ഈ വീഡിയോയ്ക്കൊപ്പമാണ് ഭാഗ്യലക്ഷ്മി ദുര്‍ഗയുടെ ശബ്ദത്തിന്റെ ക്രഡിറ്റ് തട്ടിയെടുത്തു എന്ന രീതിയില്‍ പ്രചരണം നടക്കുന്നത്.
എന്നാല്‍ ഇത് ഭാഗ്യലക്ഷ്മി പോലും അടുത്ത കാലത്താണ് അറിഞ്ഞത് എന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്.. ചിത്രം ഇറങ്ങി ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസിലാണ് ഒരു അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മിയല്ല ദുര്‍ഗയാണ് ഇത് ഡബ്ബ് ചെയ്തതെന്ന് തുറന്നുപറഞ്ഞത്. ഭാഗ്യലക്ഷ്മിയെ കൊണ്ട് ആദ്യം നാഗവല്ലിക്ക് ശബ്ദം നല്‍കിയിരുന്നു. എന്നാല്‍ മലയാളം ചുവ ഡയലോഗിലേക്ക് എത്തിയതോടെയാണ് ചിത്രം റിലീസിന് തൊട്ടുമുമ്പ് നാഗവല്ലിയുടെ ഭാഗങ്ങള്‍ ദുര്‍ഗയെ കൊണ്ട് ചെന്നൈയില്‍ ചെയ്യിപ്പിച്ചത്. അതിനാല്‍ തന്നെ ചിത്രത്തിലും ദുര്‍ഗയുടേ പേരുണ്ടായിരുന്നില്ല. അന്നതു ഭാഗ്യലക്ഷ്മിയോടു പറയാനും ഫാസില്‍ വിട്ടുപോയി. ഭാഗ്യലക്ഷ്മിയാകട്ടെ ഇത് അറിഞ്ഞതും നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രവും. മണിചിത്രത്താഴില്‍ ഡബ്ബ് ചെയ്തതിന് ഒരു പുരസ്‌കാരവും സ്വീകരിക്കാത്തതിനാല്‍ തന്നെ തനിക്ക് ഇക്കാര്യത്തില്‍ യാതൊരു തെറ്റും തോന്നിയിട്ടില്ലെന്നും സംഭവത്തില്‍ ഭാഗ്യലക്ഷ്മി അന്ന് പ്രതികരിച്ചിരുന്നു.
സത്യം ഇപ്പോഴെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് തമിഴ് ഡബ്ബിങ് താരം ദുര്‍ഗയും. വൈകി കിട്ടിയ അംഗീകാരമെന്നായിരുന്നു ദുര്‍ഗയുടെ പ്രതികരണം.