പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ ആയ മജിസിയ ഭാനു ബിഗ് ബോസ് മലയാളം ഷോയിലേക്ക് എത്തിയത് എല്ലാവര്‍ക്കും ഒരു കൗതുകമായിരുന്നു. ഹിജാബുമിട്ട് ഇന്ത്യക്ക് വേണ്ടി മെഡലുകള്‍ നിരവധി നേടിയ ഈ താരത്തെ അന്ന് അധികം ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍, ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ പുറത്തിറങ്ങിയപ്പോള്‍ തനിക്ക് പ്രേക്ഷകര്‍ക്ക് ഇടയിലുള്ള പിന്തുണ കണ്ട് ഞെട്ടിപ്പോയെന്ന് മജിസിയ പറഞ്ഞിരുന്നു.
'ഞാന്‍ രാജ്യത്തിന് വേണ്ടി ഒട്ടേറെ മെഡലുകള്‍ നേടിയിരുന്നു പക്ഷെ അന്നൊന്നും എനിക്ക് ഇത്രയും അംഗീകാരം കിട്ടിയിരുന്നില്ല. എന്നാല്‍ ഷോയില്‍ പോയി ആഴ്ചകള്‍ കൊണ്ട് ഞാന്‍ ആയിരങ്ങളുടെ പ്രിയപ്പെട്ട പാത്തുവായി. തട്ടമിട്ട ഒരു നാട്ടുംപുറത്തുകാരിക്ക് ഇതുപോലൊരു ഷോയില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണിത്. ഞാന്‍ ചിലപ്പോള്‍ ഷോ വിജയിച്ചു കാണില്ല പക്ഷെ ഒരുപാട് പേരുടെ ഹൃദയം കീഴടക്കാന്‍ എനിക്ക് കഴിഞ്ഞു,' മജിസിയ പറഞ്ഞു.
ഷോയില്‍ നിന്ന് പുറത്തായി എങ്കിലും തന്റെ സ്വപ്നങ്ങള്‍ എല്ലാം സഫലമായി എന്നാണ് മജിസിയ പറയുന്നത്. ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളിലൂടേയും നിലപാടുകളിലൂടേയുമാണ് ബിഗ് ബോസ് വീട്ടില്‍ ശ്രദ്ധ നേടിയത്. ബിഗ് ബോസ് വീടിനുള്ളില്‍ ഡിംപലും മജിസിയ ഭാനുവും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഡിംപലിന്റെ പപ്പയുടെ മരണത്തിന് പിന്നാലെയുണ്ടായ സംഭവങ്ങള്‍ ഈ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതായിരുന്നു. ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാനുവിനെതിരെ രംഗത്ത് എത്തിയിരുന്നു. വിഷയത്തില്‍ ഡിംപല്‍ ഇതുവരേയും പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
തന്റെ വര്‍ക്കൗട്ട് വീഡിയോകളും വിശേഷങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയിലും മജിസിയ സജീവമാണ്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ഭാനു പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഒരു പുതിയ നേട്ടം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് മജിസിയ. താനൊരു പുതിയ വാഹനം വാങ്ങിയ വിശേഷമാണ് മജിസിയ പറയുന്നത്. റേഞ്ച് റോവര്‍ ആണ് താരം സ്വന്തമാക്കിയത്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആരാകുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഷോ നിര്‍ത്തേണ്ടി വന്നപ്പോള്‍ മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തുക. ഇതിനായുള്ള വോട്ടിംഗ് നടന്നു വരികയാണ്. മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, അനൂപ്, റംസാന്‍, റിതു മന്ത്ര, നോബി മാര്‍ക്കോസ് എന്നിവരാണ് കിരീടത്തിനായി മത്സരിക്കുന്നത്. പുറത്തു വരുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍, ഡിംപല്‍, സായ് എന്നിവരാണ് മുന്നിലുള്ളത്.