സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാ വിഷയമാണ് ബിഗ്‌ബോസ് സീസണ്‍ 3 നിര്‍ത്താലാക്കുമോ ഇല്ലയോ എന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പല വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസ് മലയാളം സീസണ്‍ 3യിലെ അണിയറ പ്രവര്‍ത്തകരില്‍ ആറു പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നുള്ള വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോഴിതാ ക്രൂ അംഗത്തില്‍ ഒരാളായ ക്യാമറാമാന്‍ കോവിഡ് ബാധിച്ച് അതിഗുരുതരാവസ്ഥയില്‍ ആയിരിക്കുന്നുവെന്നാണ് വാര്‍ത്ത.
കഴിഞ്ഞ ദിവസങ്ങളും രമ്യയും സൂര്യയും പുറത്തു പോയതോടെ എട്ടു പേരുമായി മത്സരം കൂടുതല്‍ മുറുകിയിരിക്കുകയാണ്. മെയ്യനങ്ങാതെ കാപ്റ്റന്‍സി നേടിയ നോബിയ്ക്ക് തിരിച്ചടി നല്‍കി കാപ്റ്റന്‍സി റിതുവിന് നല്‍കിക്കൊണ്ടുള്ള ട്വിസ്റ്റ്, സായിയുടെ അപ്രതീക്ഷിത മുന്നേറ്റം എല്ലാം ആരാധകരിലും ആവേശം നല്‍കിയിരിക്കുന്ന വേളയിലാണ് ബിഗ്‌ബോസിന്റെ അണിയറയില്‍ നിന്നും ഈ വാര്‍ത്ത പുറത്തു വരുന്നത്.
കോവിഡിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ ഷോ രണ്ടാഴ്ച കൂട്ടി നീട്ടിയിരുന്നു. ജൂണിലാകും ഗ്രാന്‍ഡ് ഫിനാലേയെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കി. സാധാരണ ഗതിയില്‍ നൂറ് ദിവസമാണ് ബിഗ്ബോസിന്റെ കണക്ക്. കൊവിഡ് കണക്കുകള്‍ ദിനം പ്രതി വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലും തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് ഷോ 14 ദിവസങ്ങള്‍ നീട്ടിയത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ചില തമിഴ്മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബിഗ് ബോസ് സെറ്റിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ് വ്യക്തമാകുന്നത്. സെറ്റിലെ ഒരു ഛായാഗ്രാഹകന്‍ അപകടകരമായ അവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണെന്നും ഓരോ ദിവസം കഴിയും തോറും നിരവധി പേര്‍ രോഗബാധിതരാകുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നിട്ടും ഷൂട്ടിംഗ് തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ച് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഷൂട്ടിങ് സൈറ്റില്‍ നിന്നും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ശക്തമായിട്ടും ഷോ തുടരുന്നതില്‍ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഒരു കാരണവശാലും ഷോ മുന്നോട്ടു കൊണ്ടുപോകുവാന്‍ സമ്മതിക്കുന്നതല്ലെന്നും എത്രയും പെട്ടെന്ന് ഷോ നിര്‍ത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്. കോവിഡിനെ പോലൊരു മഹാമാരി നമ്മുടെ നാടിനെ കാര്‍ന്നു തിന്നുമ്പോള്‍ യാതൊരു സാമൂഹിക പ്രതിബദ്ധയും കാണിക്കാതെ ഷോയില്‍ തുടരുന്ന അവതാരകന്‍ മോഹന്‍ലാലിന്റെ നിലപാടുകളെയും സോഷ്യല്‍ മീഡിയകളില്‍ ചോദ്യം ചെയ്യുന്നുണ്ട്.