കുടുംബ വിളക്ക് പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് അതിര മാധവ്. സീരിയലിൽ സുമിത്രയുടെ മരുമകളായ അനന്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ആദ്യം വില്ലത്തിയായിട്ടാണ് എത്തിയതെങ്കിലും പിന്നീട് സുമിത്രയുടെ പാവം മരുമകളായി മാറുകയായിരുന്നു. എന്നാൽ താരം പിന്നീട പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ഇപ്പോള്‍ ഗര്‍ഭകാലം തനിക്ക് എങ്ങനെയായിരുന്നുവെന്ന് വിവരിച്ച് വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആതിര.
ആതിര വീഡിയോയില്‍ പറയുന്നതിങ്ങനെ,
ഏഷ്യാനെറ്റിലെ കോമഡി മാമാങ്കം പരിപാടിക്കായി ഞാന്‍ മൂന്ന്, നാല് ദിവസം തകര്‍ത്ത് ഡാന്‍സ് പ്രാക്ടീസായിരുന്നു. ആ പരിപാടി കഴിഞ്ഞ ശേഷമാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തിയപ്പോള്‍ ഷൂട്ടിങ് നിര്‍ത്തേണ്ട ആവശ്യമില്ലെന്ന് അറിയിച്ചു. അങ്ങനെയാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷവും ഷൂട്ടിങിന് മുടങ്ങാതെ പോയത്. ശാരീരിക ബുദ്ധിമുട്ട് ഇല്ലായിരുന്നുവെങ്കില്‍ കൂടിയും നിര്‍ത്താതെ ചര്‍ദ്ദിയായിരുന്നു. പേസ്റ്റിന്റെ മണം പോലും ശ്വസിക്കാന്‍ കഴിയുമായിരുന്നില്ല.
നോണ്‍ വെജ് ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ഞാന്‍ പിന്നീട് ഛര്‍ദ്ദി വന്നതോടെ വെജിറ്റേറിയനായി. പല ഭക്ഷണങ്ങളും ഒഴിവാക്കി. എല്ലാം പരീക്ഷിക്കും അതില്‍ ബുദ്ധിമുട്ടില്ലാത്തത് കഴിക്കും എന്നതായിരുന്നു എന്റെ രീതി. പലപ്പോഴും ഛര്‍ദ്ദി കാരണം സെറ്റില്‍ തലകറങ്ങി വീണിട്ടുണ്ട്. പലപ്പോഴും രാജീവ് സെറ്റില്‍ നിന്ന് എന്നെ നേരിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഗര്‍ഭകാലത്ത് വെറുതെ ഇരിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നെ എപ്പോഴും ഞാന്‍ സന്തോഷമായി വെക്കാറുണ്ടായിരുന്നു. സെറ്റില്‍ തലകറങ്ങി വീണത് കുടുംബവിളക്ക് ടീമിനെ മൊത്തം ഭയപ്പെടുത്തിയ ഒന്നായിരുന്നു. ആറാം മാസത്തില്‍ എത്തിയപ്പോഴാണ് അഭിനയം നിര്‍ത്തിയത്.
ഛര്‍ദ്ദി കൂടിയപ്പോള്‍ ക്ഷീണവും വര്‍ധിച്ചു. ഒറ്റയ്ക്ക് സെറ്റില്‍ പോയിരുന്ന ഞാന്‍ പിന്നീട് അമ്മയുെട സഹായം തേടാന്‍ തുടങ്ങി. സീരിയല്‍ അഭിനയം നിര്‍ത്തിയ ശേഷവും ഫോട്ടോഷൂട്ടുകള്‍, ഇവന്റുകള്‍ എന്നിവയെല്ലാം നടത്തി ഞാന്‍ സജീവമായിരുന്നു. ഗര്‍ഭകാലത്ത് ഒരു കോംപ്ലിക്കേഷനും ഉണ്ടായിരുന്നില്ല. മൂഡ്‌സ്വിങ് പോലും എനിക്ക് വളരെ വിരളമായിരുന്നു. മാര്‍ച്ച് 31 മുതല്‍ എനിക്ക് വേദന എടുക്കാന്‍ തുടങ്ങിയിരുന്നു. ആദ്യമൊന്നും കാര്യമാക്കിയില്ല. പിന്നെ ഓരോ അരമണിക്കൂറിലും വേദന വന്ന് തുടങ്ങിയതോടെയാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. മൂന്ന് ദിവസത്തോളം വേദന തിന്നു.
കുഞ്ഞിന്റെ തലയുടെ പൊസിഷന്‍ ശരിയാകാന്‍ വേണ്ടി ഡോക്ടര്‍മാര്‍ കാത്തിരുന്നു അതുകൊണ്ടാണ് വേദന മൂന്ന് ദിവസത്തോളം സഹിക്കേണ്ടി വന്നത്. ശേഷം അവന്‍ വന്നു…. കുഞ്ഞിനെ പ്രസവിച്ച് എന്റെ വയറില്‍ കിടത്തിയപ്പോള്‍ ആ മൂന്ന് ദിവസം അനുഭവിച്ച വേദന ഞാന്‍ മറന്നുപോയി. പിന്നെ കുഞ്ഞായി എന്റെ ലോകം. എല്ലാ അമ്മമാര്‍ക്കും അങ്ങനെ തന്നെയായിരിക്കും.