നായിക നായകന്‍ ഷോയില്‍ അവതാരകനായി എത്തി വെളളിത്തിരയിലേക്ക് ചേക്കേറിയ നടനാണ് ഡെയ്ന്‍ ഡേവിസ്. സ്വാഭാവിക നര്‍മ്മത്തിലൂടെയാണ് ഡെയ്ന്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിറസാന്നിധ്യമായത്. അവതാരകനായി എത്തിയ ഡെയിന്‍ കാമുകി, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിലും ചുവടുവച്ചുകഴിഞ്ഞു. ലോക്ഡൗണിലും ഉടന്‍ പണത്തിലൂടെ ഡെയ്ന്‍ അവതാരകനായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഡെയിൻ ഡേവിസിനെ കുറിച്ചുളള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
കുറിപ്പിലൂടെ ....
എന്ന് മുതലാണ് മിനി സ്‌ക്രീനിൽ ഒരു പ്രോഗ്രാമിലുപരി അത് അവതരിപ്പിക്കുന്ന അവതാരകന്റെ പ്രകടനം കണ്ടു ആസ്വദിക്കാൻ ആയി കസേര വലിച്ചിട്ടു ടി വി ക്കു മുന്നിൽ ഇരുന്നു തുടങ്ങിയത് ??? പ്രണയം നുരയുന്ന ആൽബം സോങ്ങുകളും , അതിനേക്കാൾ ലഹരിയുള്ള അവതരണവുമായി ഏഷ്യാനെറ്റിൽ എന്ന പ്രോഗ്രാമില് കരുൺ മാത്യുവും , വീണയും നിറഞ്ഞു തുടങ്ങിയ നാളുകളിൽ ആണോ ?
അതോ കിരൺ ടി വി യിൽ നാഷ് എന്ന നീളൻ മുടിക്കാരൻ തന്റേതു മാത്രമായ മാനറിസങ്ങളിലൂടെ ലൈവ് ഷോ ചെയ്തിരുന്ന നാളുകളിൽ ആയിരുന്നോ ?അതോ അസാധ്യ ഭംഗിയുള്ള വാക്കുകൾ കൊണ്ടും , അപാരമായ അവതരണ ശൈലികൊണ്ടും സന്തോഷ് പാലി എന്ന മനുഷ്യൻ ഹൃദയത്തിൽ കൂട് കൂടിയിരുന്ന ആ നാളുകളിൽ ആണോ ?
അതോ സ്പോട് കൗണ്ടറുകൾ വാരി വിതറി കാഴ്ചക്കാരെ മുഴുവൻ ചിരിയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോയിരുന്ന ബ്ലഫ് മാസ്റ്റേഴ്സ്എന്ന പ്രോഗ്രാമിൽ രമേശ് പിഷാരടിയും , ധർമജനും തരംഗമായ ആ കാലത്താണോ ? അറിയില്ല !! പക്ഷെ ഒന്നറിയാം ഇന്ന് മിനി സ്‌ക്രീനിൽ ടി വി യുടെ മുന്നിൽ കണ്ണും നട്ടു കാത്തിരിക്കുന്നത് ഡെയ്ൻ ഡേവിസ് എന്ന അവതാരകൻ സ്‌ക്രീനിൽ നിറയുമ്പോൾ ആണു.മനോരമയിൽ നായിക നായകൻ എന്ന ഷോ അവതരിപ്പിക്കാൻ ആയി അയാളുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു തുടങ്ങിയ കാലം മുതൽ കണ്ണുകൾ അയാളിൽ നിന്നും മാറാൻ കൂട്ടാക്കാറില്ല ..ഉടൻ പണം 3.0 യിൽ ഷോയിൽ ഓരോ ദിവസവും, സിനിമയിലെ പ്രശസ്തമായ ഓരോ കാരക്റ്റർ ആയി വേഷമിട്ടു വന്നു കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അതെ ഡെയ്ൻ !!
അസാധ്യമായ നർമ്മബോധം , താളബോധം , ഡാൻസ് , മിമിക്രി, വോയിസ് മോഡുലേഷൻ , ടൈമിംഗ് , ഏതു കഥാപാത്രം ആയും നിമിഷ നേരം കൊണ്ട് മാറാനുള്ള കഴിവ്.. ആളുകളെ പിടിച്ചിരുത്തുന്ന ഒഴുക്കുള്ള സംസാരം എന്നിവ കൊണ്ട് ആരാധകരുടെ ഹൃദയം കവർന്ന അവരുടെ പ്രിയപ്പെട്ട ഡി ഡി മോനെ നീ പറയുന്നത് ആർക്കും മനസിലാകുന്നില്ല ക്ലാരിറ്റി കുറവുണ്ട് നന്നായിട്ടു വ്യക്തമായിട്ടു സംസാരിക്കണം കേട്ടോ എന്നൊരു ഉപദേശവുമായി സ്കൂൾ ആനിവേഴ്സറിയിൽ മോണോ ആക്ട് മത്സരത്തിനിടെ ടീച്ചർ വേദിയിൽ നിന്നും ഇറക്കി വിട്ട ഒരു ആറാം ക്ലാസ്സുകാരനെയും, ആ സ്കൂളിൽ നിന്നും ഇറങ്ങുന്നത് വരെ പിന്നീടു നടന്ന എല്ലാ ആനിവേഴ്സറികളിലും മോണോ ആക്ടിന്റെ ഫസ്റ്റ് പ്രൈസ് എന്നും തന്റെ കയ്യിൽ പിടിച്ചിരുന്ന ആ കൗമാരക്കാരന്റെ നിശ്ചയദാർട്യത്തേയും.
അപ്രതീക്ഷിതമായുള്ള സാമ്പത്തീക ബാധ്യതകൾ മൂലം തകർന്നു പോയ കുടുമ്പത്തിനെ കൈത്താങ്ങുവാൻ ആയി ഒരു ചാനലിൽ നടക്കുന്ന റിയാലിറ്റി ഷോ ജയിച്ചേ മതിയാവു എന്നൊരു മൈൻഡ്‌സെറ്റോടെ പ്രോഗ്രാമിൽ പങ്കെടുത്തു ഉള്ളിൽ എരിയുന്ന നൊമ്പര കനലുകൾ എല്ലാം ഒരു തരി പുറത്തു കാണിക്കാതെ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു മനോരമയുടെകോമഡി സർക്കസ് എന്ന ഷോയുടെ വിന്നർ എന്ന ടൈറ്റിലും നേടി വീട്ടിലേക്കു പോയ അയാളുടെ വാശിയേയും പരിശ്രമങ്ങളെയും ഇന്നും ഓര്മയുള്ളതു കൊണ്ടാകും അയാളോടുള്ള ഇഷ്ടം ആരാധനക്ക് വഴി മാറുന്നതും..കുട്ടൻപിള്ളയുടെ ശിവരാത്രി..കാമുകി..ഒറ്റക്കൊരു കാമുകൻ.പ്രേതം ചെമ്പരത്തി പൂ..അയാൾ പതുക്കെ തന്റെ സാന്നിധ്യം ബിഗ് സ്ക്രീനിലും അറിയിച്ചു തുടങ്ങുക ആണു.നാളെയുടെ തിരശീലയിൽ അയാളുടെ മുഖം ഒരു സ്ഥിരം കാഴ്ച ആയില്ലെങ്കിൽ അതായിരിക്കും അത്ഭുതവും ഡെയ്ൻ ഡേവിസ് എന്ന ഡി ഡി..♥️♥️പ്രതിഭ ആണു;.നെഞ്ചോട് ചേർത്തു പിടിച്ചേക്കണം.