ഒരിക്കല്‍ നഷ്ടമായത് വീണ്ടും കിട്ടുക തന്നെ വലിയൊരു സന്തോഷമാണ്. സാധാരണയായി നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ പോലീസിനെയോ കോടതിയെയോ ആശ്രയിച്ച് തിരികെ കിട്ടുമെന്ന് പലരും പ്രതീക്ഷിക്കാറില്ല. എന്നാല്‍, നഷ്ടമായിട്ട് 21 വര്‍ഷത്തിനു ശേഷം തന്നെ, പഴയ ഓര്‍മകളുമായി പൊന്നുപോലെ തിരിച്ചുകിട്ടുകയാണെങ്കില്‍? അതും മാത്രമല്ല, കിട്ടിയപ്പോഴേക്കും സ്വര്‍ണത്തിന്റെ മൂല്യം പതിന്മടങ്ങ് ഉയര്‍ന്ന് കണ്ണുതിളപ്പിക്കുന്ന നിലയിലായിരിക്കുകയാണെങ്കില്‍? അതൊരു അത്ഭുതാനുഭവം തന്നെയായിരിക്കും. കോട്ടയത്തെ സിഎംഎസ് കോളേജിലെ ജീവനക്കാരന്‍ ബിജു ഡേവിഡിന് ലഭിച്ചിരിക്കുന്നു അതുപോലൊരു അപൂര്‍വ അനുഭവം. ഒരിക്കല്‍ മഴയുള്ള രാത്രിയില്‍ വീട്ടിലെ ജനല്‍ തകര്‍ത്ത് മോഷ്ടിക്കപ്പെട്ട മകളുടെ വളകളും മാലയും ഇന്ന് അദ്ദേഹത്തിന്റെ കൈകളിലേക്ക് തിരികെയെത്തുമ്പോള്‍, അതിന്റെ തിളക്കം ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന്റെ കഥ പറയുന്നതുപോലെ.
21 വര്‍ഷം മുന്‍പ് മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ ഏറെക്കാലത്തെ കോടതിവ്യവഹാരങ്ങള്‍ക്കു ശേഷം 'പൊന്നുപോലെ' തിരികെ കിട്ടി. ഒരിക്കല്‍ തന്നെ നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന ആ ആഭരണങ്ങള്‍ ഇന്നൊരു പുതുമയോടെ തിരിച്ചുകിട്ടിയപ്പോള്‍, അതിനൊപ്പം തന്നെ പതിന്മടങ്ങ് വില വര്‍ധിച്ച ലാഭത്തിന്റെ വെട്ടിത്തിളക്കവും കൂടി ചേര്‍ന്നു. സാധാരണയായി നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരികെ കിട്ടുക തന്നെ വലിയൊരു അപൂര്‍വ്വ സംഭവമാണ്. അതും 21 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമെങ്കില്‍ അത് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറും. ഇങ്ങനെയൊരു അപൂര്‍വ്വ അനുഭവത്തിന്റെ കഥയാണ് പങ്കുവയ്ക്കുന്നത് ബിജു ഡേവിഡ്.
2004ലെ ശ്രീകൃഷ്ണജയന്തി ദിനത്തിലെ രാത്രിയിലാണ് ബിജു ഡേവിഡിന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം നടന്നത്. ആ സമയത്ത് വീട്ടില്‍ വെറും ആറുമാസം പ്രായമുള്ള മകള്‍ അഞ്ജു എലിസബത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന ചെറിയ വളയും കാല്‍ത്തളയും, കൂടാതെ ഒരു മാലയും ഉള്‍പ്പെടെ ഏകദേശം 22 ഗ്രാം സ്വര്‍ണം ഉണ്ടായിരുന്നു. ആ സ്വര്‍ണം കള്ളന്‍ അകത്ത് കടന്ന് മോഷ്ടിച്ചുകൊണ്ടുപോയി. അന്ന് നല്ല മഴയുള്ള രാത്രിയായിരുന്നു. കള്ളന്‍ വീടിന്റെ ജനല്‍ പൊളിച്ചാണ് അകത്തു കയറി സ്വര്‍ണം മോഷ്ടിച്ചത്. മോഷ്ണ സമയത്ത് എന്തൊ ശബ്ദം കേട്ടാണ് ബിജു എണിറ്റത്. കണ്ടപ്പോള്‍ മോഷ്ടിച്ച സ്വര്‍ണവുമായി കടന്ന് കളയാന്‍ നില്‍ക്കുന്ന കള്ളന്‍. സര്‍വ ധൈര്യവും എടുത്ത് കള്ളന്റെ കൈയ്യില്‍ ബൈജു പിടിച്ചു. എന്നാല്‍ പ്രതി ശക്തിയായി വിടുവിച്ച് ഇരുട്ടിന്റെ മറവില്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും, ദിവസങ്ങളും മാസങ്ങളും കടന്നുപോയിട്ടും കള്ളനെ കണ്ടെത്താനായില്ല. നഷ്ടപ്പെട്ട ആഭരണങ്ങളും തിരികെ കിട്ടുമെന്ന പ്രതീക്ഷയും അകന്നു.
എന്നാല്‍ ഇവരുടെ ജീവിതത്തില്‍ കാത്തിരുന്നത് അതിശയകരമായൊരു ട്വിസ്റ്റായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനിടയില്‍, മറ്റൊരു കേസിന്റെ അന്വേഷണം നടത്തുന്നതിനിടെ ചേര്‍ത്തല എസ്ഐ, ശൂരനാട് സ്വദേശി സുബേര്‍ എന്ന പേരിലുള്ള കള്ളനെ പിടികൂടി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിനിടെ, ഇയാള്‍ മുന്‍പ് ചെയ്ത നിരവധി മോഷണങ്ങളാണ് തുറന്നു പറഞ്ഞത്. ആ പട്ടികയില്‍ ബിജു ഡേവിഡിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണവും ഉണ്ടായിരുന്നു. കള്ളന്‍ സമ്മതിച്ചത് പ്രകാരം, മോഷ്ടിച്ച ആഭരണങ്ങള്‍ കായംകുളം റെയില്‍വേ കോളനിയിലെ ഒരു താമസക്കാരന് വില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമായി. ഈ വിവരം അറിഞ്ഞതോടെ പോലീസ് ഉടന്‍ തന്നെ നടപടി തുടങ്ങി. പിറ്റേന്ന് തന്നെ, സുബേറിനെ കൂട്ടിക്കൊണ്ട് പോലീസ് വേലശേരി വീട്ടിലെത്തി. മഴയുള്ള രാത്രിയില്‍ വീട്ടിലെ ജനല്‍ തകര്‍ത്ത് കയറുകയും, കുഞ്ഞിന്റെ ആഭരണങ്ങളും മാലയും മോഷ്ടിക്കുകയും ചെയ്തതിന്റെ വിവരങ്ങള്‍ കള്ളന്‍ മണിമണിപോലെ പറഞ്ഞുതന്നു.
ഓരോ കാര്യവും അത്രയും വ്യക്തതയോടെ വിവരിച്ചത് സംഭവം നടന്നതിന്റെ യാഥാര്‍ത്ഥ്യത്തെ വീണ്ടും കുടുംബത്തിന്റെ മുന്നില്‍ ജീവിപ്പിക്കുന്നതുപോലെ ആയിരുന്നു. ഒരിക്കല്‍ നഷ്ടമായ ആഭരണങ്ങള്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ വീണ്ടും തെളിഞ്ഞു. സംഭവം ഉറപ്പിച്ചതോടെ റെയില്‍വേ കോളനിയിലെത്തിയ പോലീസ്, സ്വര്‍ണം പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടുമാസം കഴിഞ്ഞ് കള്ളന്‍ ജയില്‍ചാടി. അതോടെ അന്വേഷണവും കോടതിവ്യവഹാരവും നീണ്ടു. വീണ്ടും കള്ളന്‍ പോലീസിന്റെ വലയില്‍ വീണു. പിന്നീട് വര്‍ഷങ്ങള്‍നീണ്ട കോടതിവിസ്താരം പൂര്‍ണമാക്കി കള്ളന് ശിക്ഷ വിധിച്ചു. കള്ളന്‍ ജയില്‍വാസം തുടങ്ങി കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, ബിജുവിനെത്തേടി ഒരു സമന്‍സെത്തി. അതാകട്ടെ, കൃത്യം 21 വര്‍ഷമായ ശ്രീകൃഷ്ണജയന്തിയുടെ തലേന്ന്. നഷ്ടപ്പെട്ട സ്വര്‍ണം ഉടനെ ഏറ്റെടുക്കണമെന്നായിരുന്നു കോടതിയുടെ അറിയിപ്പ്. സ്വര്‍ണവില പവന് 5,850 രൂപയുള്ളകാലത്ത് നഷ്ടപ്പെട്ട ഉരുപ്പടി തരിച്ചുകിട്ടിമ്പോള്‍ വില 80,000 രൂപ കടന്നു. 14 മടങ്ങ് വര്‍ധന. കഴിഞ്ഞദിവസം ബിജു സ്വര്‍ണം ഏറ്റുവാങ്ങി.
ഒരു മില്ലിഗ്രാംപോലും കുറവില്ലാതെ സ്വര്‍ണം കിട്ടിയത്, ബിജുവിന്റെ ഭാര്യ മാവേലിക്കര ബിഎഡ് കോളേജ് ഉദ്യോഗസ്ഥയായ അനുമോള്‍ ജോസഫിന് ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. മകള്‍ അഞ്ജു എലിസബത്ത് ഇപ്പോള്‍ നഴ്‌സിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.