മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മുകുന്ദൻ. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. എന്നാൽ ഇപ്പോൾ അദ്ദേഹത്തെയ കുറിച്ച് ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മുപ്പത്തിമൂന്ന് വർഷമാവുന്നു മുകുന്ദൻ എന്ന ടെലിവിഷൻ സൂപ്പർതാരം ഉദയം കൊണ്ടിട്ട്. ടെലിവിഷനിൽ തന്നെ നൂറോളം പ്രോജക്ടുകൾ. ഒറ്റത്തവണ കാഴ്ചയായിട്ടു കൂടി വർഷങ്ങൾക്കിപ്പുറം പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ. ചലച്ചിത്രത്തിലായിരുന്നെങ്കിൽ നാഴികക്കല്ലാവേണ്ടിയിരുന്ന എത്രയോ കഥാപാത്രങ്ങൾ. ഡ്രാമയും പരമ്പരയും സിനിമയും വലിപ്പചെറുപ്പമില്ലാതെ ഒരേ അളവിൽ സ്നേഹിക്കുന്ന അഭിനേതാവ്. മൂന്ന് മാധ്യമളെയും തിരിച്ചറിയാനും ആ വിധത്തിൽ അഭിനേതാവിനെ നിരന്തരം പരുവപ്പെടുത്താനും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു അദ്ദേഹം.
സീരിയൽ ചെറുതെന്നോ സിനിമ വലുതെന്നോ ഉള്ള ചിന്തയില്ലാത്ത നടനാണ് മുകുന്ദൻ. അതിനാലാണ് രണ്ടിലും സജീവമായി തുടരാൻ അദ്ദേഹത്തിനാവുന്നതും. സീരിയൽ അഭിനയത്തിൽ മിതത്വം പരീക്ഷിക്കുന്ന അഭിനേതാവാണ്. 'ഭ്രമണത്തി'ലും ഇപ്പോൾ 'രാക്കുയിലി'ലെ ഭാസ്ക്കരമേനോനിലും മിതത്വപരീക്ഷണങ്ങൾ അദ്ദേഹം വിജയപൂർവ്വം ചെയ്യുന്നുണ്ട്. പലപ്പോഴും ലൗഡ്ആക്ടിംഗ് വേണമെന്ന് ധരിക്കപ്പെടുന്ന പരമ്പരകളിൽ അദ്ദേഹം പരീക്ഷണത്തിനുള്ള ധൈര്യം കാണിക്കുന്നു. ഭാസ്ക്കരമേനോൻ റോയൽ ഫാമിലി അംഗമാണ്. സോഫ്റ്റായ എന്നാൽ ഉറച്ച തീരുമാനങ്ങളുള്ള കഥാപാത്രം. ഭാസ്ക്കരമേനോനെ മിതത്വത്തോടെയും കൈയൊതുക്കത്തോടെയും ചെയ്യാൻ ശ്രദ്ധ വെയ്ക്കുന്നുണ്ട് അദ്ദേഹം. അതിന് സംവിധായകൻ മനുസുധാകരന്റെ പൂർണ്ണ പിന്തുണയുമുണ്ട്.
ഒരു കഥാപാത്രത്തെ വ്യത്യസ്തമാക്കാൻ ശരിക്കും പെയിനെടുക്കാൻ സന്തോഷമുള്ള താരമാണ് മുകുന്ദൻ. അക്കാര്യത്തിൽ യാതൊരു ഗ്ലാമർ ചിന്തകളും അദ്ദേഹത്തെ അലട്ടുന്നില്ല. 'നെത്തോലി ചെറിയൊരു മീനല്ല' ചെയ്യുന്ന സമയത്ത് ഡയറക്ടർ വി.കെ.പ്രകാശ് അതിലെ വാസുവേട്ടൻ എന്ന കഥാപാത്രത്തെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. ഒരു ഫ്ലാറ്റിന്റെ കെയർടേക്കറാണ്, വെറുതെ ഇരിക്കാനാണ് പുള്ളിയ്ക്ക് ഏറെ ഇഷ്ടം. അങ്ങനെ അന്നേരം മുകുന്ദൻ വർക്കൗട്ടൊക്കെ ഉപേക്ഷിച്ച് നന്നായി ഭക്ഷണം കഴിച്ചു. കഥാപാത്രത്തിനായി വയറും തടിയുമൊക്കെ ആയി സംഗതി ഗംഭീരമായി.
നെത്തോലി കഴിഞ്ഞ ഉടനെ റോഷൻ ആഡ്രൂസ് വിളിക്കുകയാണ് മുംബൈ പോലീസിലേയ്ക്ക്. അതിൽ നേവി ഓഫീസറായാണ്. ഫിസിക്കലി ഫിറ്റായിരിക്കണം. പിന്നെയുള്ള കുറഞ്ഞ ദിവസങ്ങൾ കൊണ്ട് വയറും തടിയും കുറച്ച് ബോഡി ഓക്കേ ആക്കി. കൂട്ടും പോലെ അത്ര എളുപ്പ പരിപാടിയല്ല കുറയ്ക്കുന്നത്. നല്ല അധ്വാനം വേണ്ടിവന്നു. അതിനായി രണ്ട് നേരമൊക്കെ ജിമ്മിലായിരുന്നു. അടുത്തടുത്ത് ചെയ്ത ആ രണ്ട് കഥാപാത്രങ്ങൾ വാസുവേട്ടനും ക്യാപ്റ്റൻ ശ്രീനിവാസും ശ്രദ്ധിച്ചാൽ മുകുന്ദൻ കഥാപാത്രങ്ങൾക്കായി എടുക്കുന്ന അധ്വാനം ബോധ്യമാവും. ഇത്തരം കഠിനാധ്വാനങ്ങൾ വളരെ ഇഷ്ടപ്പെടുന്ന നടനാണ് മുകുന്ദൻ.
സിനിമയിൽ ചെയ്ത മിക്ക വേഷങ്ങളും സ്ക്രീനിൽ നിൽക്കുന്ന സമയം കുറവായിരുന്നെങ്കിലും അനിതരസാധാരമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മങ്ങാതെ നിൽക്കുന്നതായി. വേഷങ്ങളുടെ ദൈർഘ്യം ഒരു പ്രശ്നമല്ലാത്ത അദ്ദേഹം തന്നിലെ നടനെ വെല്ലുവിളിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന കഥാപാത്രങ്ങൾക്കായുള്ള ക്ഷമാപൂർവ്വമുള്ള കാത്തിരിപ്പിലാണ്.
കലാകാരൻ ദീർഘക്ഷമയുള്ളവനായിക്കണമെന്നതാണ് മുകുന്ദന്റെ കാഴ്ച്ചപ്പാട്. കലാജീവിതത്തിൽ വലിയ ഉയർച്ചകളുണ്ടാകുന്നത് നമ്മളൊട്ടും പ്രതീക്ഷിക്കാത്ത കാലത്താവുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഓരോ കഥാപാത്രത്തേയും ഗൗരവത്തോടെയും അർപ്പണബോധത്തോടെയും കാണുന്ന, കഥാപാത്രം മികവുറ്റതാക്കുക എന്നതിലപ്പുറം വേറെ ചിന്തകളൊന്നുമില്ലാത്ത നിശബ്ദനായിരിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ആ കലാകാരൻ മികവുറ്റ കഥാപാത്രങ്ങളുടെ നാളെകൾക്കായുള്ള കാത്തിരിപ്പിലാണ്.