വലിയ കോളിളക്കമാണ് ബിഗ്ബോസ് ഷോ മലയാളത്തില്‍ എത്തിയപ്പോള്‍ ഉണ്ടായത്. തുടക്കത്തില്‍ ആരാധകര്‍ക്ക് അത്ര താത്പര്യം ഉണ്ടായിരുന്നില്ലെങ്കിലും മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ബിഗ്ബോസ് രണ്ടാം സീസണ്‍ ഏറെ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഷോയില്‍ ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന രജിത് കുമാര്‍ മുളക് വിവാദത്തെ തുടര്‍ന്ന് പുറത്തായിരുന്നു. ഇപ്പോഴും അതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ ദിവസം രേഷ്മ നായരുടെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു പ്രഖ്യാപനവുമായി രജിത് കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്. രജിത്ത് കുമാറിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണെന്നാണ് രേഷ്മ പറഞ്ഞത്.
10 വര്‍ഷമായി മോഡലിങ് ചെയ്യുന്നവര്‍ പോലും അത്രയൊന്നും അറിയപ്പെടുന്നില്ല. ബിഗ് ബോസില്‍ പങ്കെടുത്താല്‍ അറിയപ്പെടുമെന്നും അതുവഴി അവസരങ്ങള്‍ ലഭിക്കും എന്ന ഒറ്റക്കാരണത്താലാണ് പരിപാടിയില്‍ മത്സരാര്‍ഥിയായി ഞാന്‍ എത്തിയത്. എന്നാല്‍ മലയാളത്തില്‍ നിന്ന് ഒരു അവസരവും വരുന്നില്ല. കാരണം ആ പരിപാടിയില്‍ പങ്കെടുത്തതാണ്. എന്നെ ഒരു വില്ലത്തിയും മോശക്കാരിയുമായി മാത്രമേ ആളുകള്‍ ഇപ്പോള്‍ കാണുന്നുള്ളൂ. എന്നാല്‍ രജിത്കുമാര്‍ പല ഇന്റര്‍വ്യൂകള്‍ നല്‍കുന്നു. വീഡിയോ പോസ്റ്റ് ചെയ്യുന്നു. അതെല്ലാം രജിതിന്റെ ഫാന്‍സ് ആഘോഷിച്ച് നടക്കുന്നു. വളരെ നോര്‍മല്‍ ആയാണ് എനിക്കെതിരെ നടത്തിയ ആക്രമണത്തെ രജിത് അവതരിപ്പിക്കുന്നത്. ഇപ്പോള്‍ എന്റെ കണ്ണിലല്ല, കവിളിലാണ് മുളക് തേച്ചതെന്ന് വരെ പറയുന്നു.ഞാന്‍ ഇപ്പോഴും ആ സംഭവവും അതിനെ തുടര്‍ന്നുണ്ടായ കാര്യങ്ങളുമുണ്ടാക്കിയ മെന്റല്‍ ട്രോമയില്‍ നിന്ന് പുറത്ത് വന്നിട്ടില്ലെന്നും രേഷ്മ പറയുന്നു. പിന്നീടും താന്‍ ചെയ്ത പ്രവര്‍ത്തിയെ നിസ്സാരമാക്കി രജിതും ഫാന്‍സും പ്രതികരിക്കുന്നതാണ് കണ്ടത്. പരിപാടി കണ്ട മലയാളികളുടെ എല്ലാം മുന്നില്‍ ഞാന്‍ മോശക്കാരിയുമായി. അതുകൊണ്ട് തന്നെ എനിക്കുണ്ടായ ആക്രമണത്തിനും മാനസിക പീഡനത്തിനും എതിരെ നടപടി എടുക്കണം എന്ന് പൊലീസില്‍ പരാതി നല്‍കുകയാണെന്നാണ് രേഷ്മ അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ഇപ്പോള്‍ ഇതിനോട് പ്രതികരിച്ച് എത്തിയിരിക്കയാണ് രജിത് കുമാര്‍. താന്‍ എന്ത് വന്നാലും മനനഷ്ടക്കേസ് നല്‍കും എന്നാണ് രജിത് കുമാര്‍ പ്രതികരിച്ചിരിക്കുന്നത്. മൂപ്പന്‍സ് വ്‌ളോഗര്‍ ആണ് രജിത്തിന്റെ ശബ്ദസംഭാഷണം പുറത്തുവിട്ടിരിക്കുന്നത്.കുറച്ചുദിവസങ്ങളായി പലതും കേള്‍ക്കുന്നു. ഞാന്‍ അറിയാതെ തന്നെ തെറ്റ് ചെയ്യാതെ തന്നെ പലവിധ ചതിക്കുഴികളും വരുന്നു. എയര്‍പോര്‍ട്ടില്‍ ഞാന്‍ പോലും മനസാ വാചാ അറിയാതെയാണ് നടന്ന സംഭവത്തില്‍ എനിക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്. മാത്രമല്ല ഞാന്‍ തെറ്റ് ചെയ്യാതെ എന്റെ പാസ്പോര്‍ട്ട് റദ്ദ് ചെയ്ത സംഭവം വരെ ഉണ്ടായി. നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിച്ച, സാമൂഹിക പ്രവര്‍ത്തകന്‍ ആയിട്ടും എനിക്കെതിരെ അപവാദപ്രചാരണങ്ങള്‍ ആണ് ഇപ്പോഴും നടത്തുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെ നിയമപരമായി നേരിടാന്‍ തന്നെയാണ് എന്റെ തീരുമാനം. ഞാന്‍ എന്റെ വക്കീല്‍ വിനീത് കുമാറുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം വളരെ പ്രഗത്ഭനായ ഒരു വക്കീല്‍ ആണ്. അദ്ദേഹമാണ് ആറ്റിങ്ങല്‍ കൊലപാതക കേസ് ഉള്‍പ്പെടെ കൈകാര്യം ചെയ്തത്. എന്റെ പേര് പലരുടെയും, പല വിഭാഗങ്ങളുടെയും ഒപ്പം ചേര്‍ത്തുവച്ചുകൊണ്ടാണ് ഇപ്പോള്‍ അപമാനിക്കുന്നത്. ഞാന്‍ അറിയാത്ത പല കാര്യങ്ങളും ചേര്‍ത്തുവച്ചുകൊണ്ട് പ്രചരിപ്പിക്കുന്ന ആളുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നിയമപരമായി മുന്‍പോട്ട് പോകാന്‍ ആണ് തീരുമാനം', രജിത് കുമാര്‍ പറയുന്നു.