ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 3 വിജയിയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഏറ്റവും ഒടുവില്‍ ഷോയില്‍ നിന്ന് പുറത്താകാതെ നിന്ന എട്ട് പേരില്‍ ആര് 'കപ്പടിക്കു'മെന്നാണ് അറിയേണ്ടത്. പ്രേക്ഷകരുടെ വോട്ടിങ് തുടരുകയാണ്. ബിഗ് ബോസ് സീസണ്‍ 3 അവസാനിക്കാനിരിക്കവെയായിരുന്നു അടുത്ത സീസണെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. വളരെ പുതുമയോടെയാകും ബിഗ് ബോസ് സീസണ്‍ 4 എത്തുക.
ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയൊരു കാര്യമായിരുന്നു മോഹന്‍ലാലിന്റെ വരവ്്. ആരാണ് അവതാരകനായെത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടക്കത്തിലേ സജീവമായിരുന്നു. വാരാന്ത്യത്തിലാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കാറുണ്ട് ആ വരവിനായി.
നാലാം സീസണില്‍ അവതാരകനായി മോഹന്‍ലാല്‍ ഉണ്ടായിരിക്കില്ലെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു, ആരായിരിക്കും അദ്ദേഹത്തിന് പകരക്കാരനായി എത്തുന്നതെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. മോഹന്‍ലാലിന് പകരമായി സുരേഷ് ഗോപിയെ ഷോയിലേക്ക് പരിഗണിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായി നടക്കുന്നുണ്ടെന്നുള്ള വിവരങ്ങളുമായാണ് മനോജ് നായര്‍ എത്തിയത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മോഹന്‍ലാല്‍ അപൂര്‍വ്വമായി മാത്രമേ വികാരവിക്ഷോഭിതനായി പ്രത്യക്ഷപ്പെടാറുള്ളൂ. പൊതുവെ ശാന്തപ്രകൃതമാണ് സുരേഷ് ഗോപിയുടേതും. എന്നാല്‍ ആവശ്യം വരുമ്പോള്‍ ഷാജി കൈലാസ് ചിത്രത്തിലെ നായകനാവാനും മടിയില്ല അദ്ദേഹത്തിന്.
ദേ പോയി ദാ വന്നു തുടങ്ങിയ സുരേഷ് ഗോപിയുടെ വാക്കുകളെല്ലാം വന്‍ ഹിറ്റായിരുന്നു. തൃശൂരില്‍ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പറഞ്ഞ 'തൃശൂര്‍ ഞാനിങ്ങെടുക്കുവാ' എന്നതും വലിയ ആകര്‍ഷണം നേടിയിരുന്നു. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന സുരേഷ് ഗോപിയെ അവതാരകാനാക്കാനുള്ള ചര്‍ച്ചയും നടക്കുന്നു.
വൈകാതെ തന്നെ ബിഗ് ബോസ് സീസണ്‍ 4 പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നും മനോജ് പറയുന്നു. സീസണ്‍ 2നേക്കാളും പോപ്പുലറായിരുന്നു സീസണ്‍ 3. കേരളത്തില്‍ നിന്നും ചിത്രീകരണം ആരംഭിക്കാനുള്ള സാധ്യതയുണ്ട്. എത്രത്തോളം സാധ്യമാവുമെന്ന കാര്യത്തിലാണ് സംശയം. സുരേഷ് ഗോപിയല്ലെങ്കില്‍ അവതാരകനായെത്താന്‍ സാധ്യതയുള്ള താരം മുകേഷാണ്. രാഷ്ട്രീയത്തിലും സജീവമായതിനാല്‍ അദ്ദേഹത്തിന് ബിഗ് ബോസും അവതരിപ്പിക്കാനാവുമോയെന്നത് ചോദ്യചിഹ്നമാണ്. മോഹന്‍ലാലിന്റെ പിന്‍മാറ്റത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആശങ്കയിലാണ്.