Latest News

നാടകത്തിലൂടെ സിനിമാ പ്രവേശം; 55 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ വിവിധ ഭാഷകളികളിലായി എത്തിയത് നാലായിരത്തിലേറെ ചിത്രങ്ങളില്‍; വിട വാങ്ങിയ വിജയ രംഗരാജു എന്ന 'വിയറ്റ്നാം കോളനിയിലൂടെ മലയാളികളെ പേടിപ്പിച്ച റാവുത്തറി'ന്റെ കഥ 

അശ്വിന്‍ പി ടി
നാടകത്തിലൂടെ സിനിമാ പ്രവേശം; 55 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ വിവിധ ഭാഷകളികളിലായി എത്തിയത് നാലായിരത്തിലേറെ ചിത്രങ്ങളില്‍; വിട വാങ്ങിയ വിജയ രംഗരാജു എന്ന 'വിയറ്റ്നാം കോളനിയിലൂടെ മലയാളികളെ പേടിപ്പിച്ച  റാവുത്തറി'ന്റെ കഥ 

ജോലി കിട്ടി വിയറ്റ്‌നാം കോളനിയില്‍ വന്നിറങ്ങുന്ന സ്വമിയോട് കാശിനു വേണ്ടി വഴക്കിടുന്ന ഓട്ടോക്കാരന്‍..ഓട്ടോക്കാരനോട് കയര്‍ക്കുന്ന സ്വാമിയുടെ പിന്നില്‍ ആരെയോ കണ്ട് ഭയന്ന് ഓട്ടോയുമായി സ്ഥലം വിടുന്ന ഡ്രൈവര്‍..തിരിഞ്ഞുനോക്കുന്ന സ്വാമിക്കൊപ്പം ആ വലിയ മനുഷ്യന്‍ നടന്നുകയറിയത് മലയാളി പ്രേക്ഷകരുടെ മനസിലേക്ക് കൂടിയായിരുന്നു..നെഞ്ചില്‍ തേളിന്റെ രൂപം പച്ചകുത്തി..കഴുത്തില്‍ ചരടുമിട്ട് താടിയുമായി ആറരയടി പൊക്കത്തില്‍ റാവുത്തര്‍ നടന്നു വന്നത് കണ്ടപ്പോള്‍,മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മുഖത്ത് മിന്നി മറഞ്ഞ ഭയത്തോടൊപ്പം നിര്‍ത്താതെ മിടിച്ചത് നമ്മുടെ ഓരോരുത്തരുടെയും നെഞ്ചിടിപ്പ് കൂടെയായിരുന്നു. 

തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജു എന്ന ഉദയ് രാജ്കുമാര്‍ കാലമിത്ര കഴിഞ്ഞിട്ടും അല്‍പ്പം പേടിയോടെയും സ്‌നേഹത്തോടെയും മലയാളികളുടെ മനസ്സില്‍ നിലനില്‍ക്കുന്നത് വിയറ്റ്നാം കോളനി' എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ 'റാവുത്തറിലൂടെയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.70 വയസ്സില്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വിടപറയുമ്പോള്‍ ബാക്കിയാകുന്നത് അനശ്വരമായ ഈ കഥാപാത്രം തന്നെയാണ്. 

വിജയ രംഗരാജു നാടക നടനായിരുന്നു.നാടക അഭിനയത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്.വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു വിജയ രംഗരാജുവിന്റെ സിനിമാ അരങ്ങേറ്റം.1973 മുതല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ സജീവമായ വിജയ രംഗരാജു ഇതുവരെ ഏകദേശം നാലായിരത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തെലുങ്ക്,മലയാളം സിനിമകളില്‍ വില്ലന്‍ വേഷത്തിലൂടെയാണ് വിജയ രംഗരാജു ശ്രദ്ധേയനായത്.തെലുങ്കില്‍ പല സൂപ്പര്‍താര ചിത്രങ്ങളിലും വില്ലന്‍,സഹനടന്‍ വേഷങ്ങളില്‍ ഇദ്ദേഹം തിളങ്ങി.നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച ഭൈരവ ദീപം എന്ന തെലുഗു ചിത്രത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം.തെലുങ്കില്‍ സജീവമായതോടെ മഹാരാഷ്ട്ര സ്വദേശിയായ വിജയ രംഗരാജു ഹൈദരാബാദിലേക്ക് സ്ഥിരതാമസം മാറ്റി. 

അശോക ചക്രവര്‍ത്തി,സ്റ്റേറ്റ് റൗഡി,വിജയ്,മഗരായുഡു,മാഡം,ഭൈരവ ദ്വീപ്,യജ്ഞം,വിശാഖ എക്‌സ്പ്രസ്,വീര തെലങ്കാന,ബാന്‍ഡ് ബാജ, ശ്ലോകം തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.മലയാളത്തില്‍ വിയറ്റ്‌നാം കോളനി ശ്രദ്ധ നേടിയതിന് പുറമെ അനുരാഗക്കോടതി, പടയോട്ടം, ആയുധം, ആരംഭം, ആധിപത്യം, സംരംഭം, ഹലോ മദ്രാസ് ഗേള്‍, ഹിറ്റ്ലര്‍ ബ്രദേഴ്സ്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.സിനിമയിലെ അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബില്‍ഡിങ്ങിലും വിജയ രംഗരാജു ശ്രദ്ധ നേടിയിരുന്നു. 

വിയറ്റ്‌നാം കോളനിയും ഒരേയൊരു റാവുത്തറും 1992 ലാണ് വിജയ രംഗരാജുവിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ വിയറ്റ്‌നാം കോളനി സംഭവിക്കുന്നത്.'വിയറ്റ്‌നാം കോളനി' ഹിറ്റായതിനൊപ്പം തന്നെ ചിത്രത്തിലെ സൂപ്പര്‍ വില്ലനും മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചു.നടന്‍ എന്‍ എഫ് വര്‍ഗ്ഗീസാണ് വിയറ്റ്‌നാം കോളനിയില്‍ റാവുത്തര്‍ക്ക് ശബ്ദം നല്‍കിയത്.ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാല്‍ സലാം എന്ന പരിപാടിയിലും വിജയ രംഗരാജു അതിഥിയായി എത്തിയിരുന്നു.'വിയറ്റ്‌നാം കോളനി ഇറങ്ങിയ സമയത്ത് റാവുത്തര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയായിരുന്നു.പക്ഷേ ഇത്രയും പാവമായ മറ്റൊരു മനുഷ്യനെ ലോകത്ത് കാണാന്‍ കിട്ടില്ല,' എന്ന മുഖവുരയോടെയാണ് വിജയ രംഗരാജുവിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്. 'സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശിയോടാണ് ഞാന്‍ നന്ദി പറയേണ്ടത്.അദ്ദേഹമാണ് എന്നെ ഫാസില്‍ സാറിന് പരിചയപ്പെടുത്തുന്നത്.1973 മുതല്‍ ഞാന്‍ സിനിമയില്‍ സജീവമായി ഉണ്ട്.എല്ലാ ഭാഷകളിലുമായി ഇതുവരെ ഏകദേശം നാലായിരത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

പക്ഷേ എനിക്ക് വിയറ്റ്‌നാം കോളനിയില്‍ ലഭിച്ച പേര് ഇതിനു മുന്‍പൊന്നും ലഭിച്ചിട്ടില്ല,ഇനി ലഭിക്കുകയുമില്ല,'എന്നാണ് വിയറ്റ്‌നാം കോളനിയെ കുറിച്ച് വിജയ രംഗരാജു പറഞ്ഞത്. സിദ്ദീഖ്-ലാല്‍ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രമായിരുന്നു വിയറ്റ്‌നാം കോളനി.1992-ല്‍ പുറത്തിറങ്ങിയ സിനിമ ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവുമായി.ചെന്നൈയില്‍ ഫാസിലിന്റെ വീട്ടില്‍വെച്ചാണ് സിദ്ദിക്കും ലാലും വിജയ രംഗരാജുവിനെ ആദ്യം കാണുന്നത്.നടന്‍ സുകുമാരന്റെ വീട്ടില്‍ ഫാസിലന്ന് വാടകയ്ക്കു താമസിക്കുകയായിരുന്നു.അന്ന് അവിടെക്കണ്ട ആ 'ഭീമാകാര'നെ സിദ്ദിക്കും ലാലും മനസ്സില്‍ കുറിച്ചിട്ടു. തങ്ങളുടെ സിനിമയിലെ വില്ലനാക്കാന്‍.ആലപ്പുഴ ഗുജറാത്തി സ്ട്രീറ്റിനോടു ചേര്‍ന്നുള്ള ഒരേക്കറോളം വരുന്ന സ്ഥലത്തായിരുന്നു വിയറ്റ്‌നാം കോളനി ചിത്രീകരിച്ചത്. 40 ദിവസമായിരുന്നു ചിത്രീകരണം നടന്നതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ.കബീര്‍ ഓര്‍മ്മിക്കുന്നു.അന്ന് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായിരുന്നു.ബാബു സേട്ട്, മക്കളായ ബെന്‍സി, ജുഗിള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹനുമാന്‍ ട്രേഡിങ് കമ്പനി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് വിയറ്റ്‌നാം കോളനിയാക്കി മാറ്റിയതെന്നും കബീര്‍ പറയുന്നു.

ആറരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമൊക്കയുള്ളയാളായിരുന്നു ശാന്തനും സാധുവുമായിരുന്ന വിജയ രംഗരാജു.ചിത്രീകരണത്തിനായി അദ്ദേഹം അംബാസഡര്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ പലരും ഭയപ്പെട്ട് മാറുമായിരുന്നു.എന്നാല്‍, അവിടെയെത്തിയവരുമായി അദ്ദേഹം വളരെവേഗം സൗഹൃദത്തിലായിയെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. സിനിമയില്‍ വില്ലനായിരുന്നെങ്കിലും ജീവിതത്തില്‍ സാധുവായ മനുഷ്യനായിരുന്നു റാവുത്തര്‍ക്കു ജീവന്‍പകര്‍ന്ന വിജയ രംഗരാജുവെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദില്‍ ഒരു ഷൂട്ടിങ്ങിനിടെ ഇദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു.തുടര്‍ന്ന് ചികിത്സക്കായി ചെന്നൈയിലേക്ക് എത്തിച്ചിരുന്നു.ഇവിടെ ചികിത്സയിലായിരിക്കെയാണ് മരണത്തിന് കീഴടങ്ങയത്.

vijaya rangaraju life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES