മലയാള ചലച്ചിത്ര താരം ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണിയ്ക്ക് ഒടിടിയിലും മികച്ച പ്രതികരണം. മലയാളികള്‍ക്ക് പുറമെ ഇതര ഭാഷക്കാരും സിനിമയെ പ്രശംസിച്ച് രം?ഗത്തെത്തുന്നുണ്ട്. ചിത്രം ഗൂഗിളിന്റെ ഓള് ഇന്ത്യ എന്റര്‍ടൈന്‍മെന്റ് കാറ്റഗറിയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.
ചിത്രത്തിന്റെ ഒടിടി റിലീസിനുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ എങ്ങും ചിത്രത്തിന്റെ വിശേഷങ്ങളാണ് നിറയുന്നത്. നിരവധി പുതുമുഖങ്ങള്‍ക്ക് ചിത്രത്തില്‍ ജോജു അവസരം നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ജോജുവിന്റെ പ്രിയപ്പെട്ട മക്കളുമുണ്ട്. ഇയാന്‍ ജോര്‍ജ് ജോസഫ്, സാറ, ഇവാന് എന്നിവരും അപ്പന്റെ ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ജോജു
ഗുണ്ടകള്‍ക്കൊപ്പം കറങ്ങി നടക്കുന്ന ചിന്ന ഗുണ്ടയായ വെടിമറ ജൂഡന്‍ എന്ന കഥാപാത്രത്തെയാണ് ഇയാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കിടിലന്‍ ഡയലോഗും ചിത്രത്തില്‍ ഇയാന്‍ കാച്ചുന്നുണ്ട്. സുജിത് ശങ്കര്‍ അവതരിപ്പിച്ച സജി എന്ന കഥാപാത്രത്തിന്റെ മകളായാണ് സാറ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ പാട്ടുകാരിയായും സാറ പ്രത്യക്ഷപ്പെടുന്നുണ്ട്. ജോജുവിനും അഭിനയയ്ക്കുമൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളിലും സാറ അഭിനയിച്ചിട്ടുണ്ട്. ഈ സീനുകളില്‍ ഒന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.
അതേസമയം, ചിത്രത്തില്‍ പ്രശാന്ത് അലക്സാണ്ടര്‍ അവതരിപ്പിക്കുന്ന കുരുവിള എന്ന കഥാപാത്രത്തിന്റെ മകനായി എത്തുന്നത് ജോജുവിന്റെ ഇളയമകന് ഇവാന് ആണ്.
തന്റെ പ്രൊഡക്ഷന്‍ ഹൗസിന് മക്കളുടെ വിളിപ്പേരുകള്‍ ചേര്‍ത്ത് പേരിട്ട ആളാണ് ജോജു. അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സ് എന്ന പേരിലെ യഥാര്‍ത്ഥ താരങ്ങള്‍ ഇയാന്‍ (അപ്പു), സാറ (പാത്തു), ഇവാന് (പാപ്പു) എന്നിവരാണ്. കൂട്ടത്തില്‍, അപ്പുവും പാത്തുവും ഇരട്ടക്കുട്ടികളാണ്.
അഭിനയത്തിലേക്ക് എത്തും മുന്‍പ് തന്നെ സാറ എന്ന പാത്തു ജോജുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. നന്നായി പാട്ടുപാടുന്ന പാത്തുവിനെ എപ്പോഴും അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന അപ്പനാണ് ജോജു. മകള്‍ പാടുന്നതിന്റെ വീഡിയോകള്‍ ജോജു സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.