വാനമ്പാടിയിലെ മോഹന്‍ കുമാറും പത്മിനിയും നന്ദിനിയും. ഒരു കാലത്ത് മലയാള സീരിയല്‍ ലോകത്ത് ഇത്രയധികം തരംഗം തീര്‍ത്ത മൂന്നു കഥാപാത്രങ്ങള്‍ പിന്നീട് ഉണ്ടായിട്ടില്ല. സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇന്നും മോഹന്‍കുമാറിനെയും ഒപ്പമുണ്ടായിരുന്ന താരങ്ങളേയും ആരും മറന്നിട്ടില്ല. ഇപ്പോഴിതാ, വാനമ്പാടിയെ നെഞ്ചോടു ചേര്‍ത്തു സ്നേഹിച്ച ആരാധകര്‍ക്കിടയിലേക്ക് മോഹന്‍ കുമാറായി അഭിനയിച്ച സായ് കിരണിന്റെ രണ്ടാം വിവാഹ വാര്‍ത്തയാണ് എത്തിയിരിക്കുന്നത്.
ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ സീരിയല്‍ നടിയായ ശ്രാവന്തിയെയാണ് സായ് കിരണ്‍ താലി ചാര്‍ത്തിയത്. ഇരുവരുടേയും വിവാഹ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ ആരാധകരിലേക്ക് എത്തുന്നത്. 46-ാം വയസിലാണ് സായ് കിരണ്‍ 36കാരിയായ ശ്രാവന്തിനയെ വിവാഹം കഴിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന പരമ്പര സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയ സീരിയല്‍ ആയിരുന്നു. അന്തരിച്ച സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ ആണ് മോഹന്‍ കുമാറായി സായിയെ കൊണ്ട് വരുന്നത്. വാനമ്പാടിയുടെ തെലുങ്ക് വേര്‍ഷനായ കൊയിലമ്മ സീരിയലില്‍ നിന്നുമാണ് സായ് കിരണിനെ ആദിത്യന്‍ കണ്ടെത്തുന്നത്.
പ്രശസ്ത ഗായിക സുശീലാമ്മയുടെ ചെറുമകന്‍ കൂടിയാണ് സായി കിരണ്‍. സായിക്ക് ഗുരുസ്ഥാനത്ത് ആണെങ്കിലും അവര്‍ സായിയുടെ അച്ഛന്റെ അമ്മയുടെ ഇളയ സഹോദരിയാണ്. ഈ അടുത്താണ് സായി വീണ്ടും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ അറിയിച്ചത്. 'നീയും ഞാനും ചേരുമ്പോള്‍, എന്നന്നേക്കുമായി' എന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
2010ലായിരുന്നു സായ് കിരണിന്റെ ആദ്യ വിവാഹം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ വൈഷ്ണവി എന്ന പെണ്‍കുട്ടിയെയാണ് സായ് കിരണ്‍ ആദ്യ വിവാഹം കഴിച്ചത്. അതിഗംഭീരമായ വിവാഹ ചടങ്ങിലായിരുന്നു ഇരുവരും ഒന്നായത്. ആന്ധ്രാപ്രദേശിലെ സിനിമാ- സീരിയല്‍ രംഗത്തെ പ്രമുഖരെലല്ലാം പങ്കെടുത്ത ചടങ്ങായിരുന്നു ഇവരുടെ വിവാഹം. പിന്നാലെ വൈഷ്ണവി ഗര്‍ഭിണിയാവുകയും ചെയ്തു. താരകുടുംബം വലിയ ആഘോഷമാക്കിയ കാലമായിരുന്നു അത്. സന്തോഷത്തോടെയായിരുന്നു വൈഷ്ണവിയും സായിയും തങ്ങളുടെ കുഞ്ഞിനെ വരവേറ്റത്. ഫോട്ടോഷൂട്ടും ചിത്രങ്ങളും ഒക്കെയായി വലിയ ആഘോഷത്തോടെയായിരുന്നു ഗര്‍ഭകാലം ആസ്വദിച്ചതും. എന്നാല്‍ മകള്‍ അനുഷ്‌ക ജനിച്ച് വര്‍ഷങ്ങള്‍ക്കകം തന്നെ ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും വേര്‍പിരിയല്‍ സംഭവിക്കുകയും ചെയ്തു.
വിവാഹമോചനത്തിനു ശേഷം അമ്മയ്‌ക്കൊപ്പമാണ് മകള്‍ അനുഷ്‌ക കഴിയുന്നത്. ഏറെക്കാലമായി സായി ഒറ്റക്ക് ആയിരുന്നു. ഇപ്പോഴാണ് അദ്ദേഹം പുതുജീവിതത്തിലേക്ക് കടക്കുന്നത്. ആശംസകള്‍ കൊണ്ട് മൂടുകയാണ് അദ്ദേഹത്തിനെ മലയാളി ആരാധകരും. കൊയിലമ്മ സീരിയലിലൂടെയാണ് ശ്രാവന്തിയും സായിയും ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അന്നുമുതല്‍ തുടങ്ങിയ സൗഹൃദം ഇപ്പോള്‍ വിവാഹത്തിലേക്കും എത്തുകയായിരുന്നു.
തെലുങ്കില്‍ അയ്യായിരത്തില്‍ അധികം പാട്ടുകള്‍ പാടിയ പ്രശസ്ത ഗായകന്‍ വി രാമകൃഷ്ണയുടെ മകനാണ് സായ് കിരണ്‍. അമ്മ ജ്യോതിയും എഴുപതുകള്‍ മുതല്‍ ദൂരദര്‍ശനില്‍ പാട്ടുകള്‍ പാടുന്ന ഗായികയാണ്. നുവ്വെ കാവല്ലി എന്ന ചിത്രത്തില്‍ സഹതാരമായി അഭിനയിച്ചുകൊണ്ടാണ് സായ് കിരണിന്റെ അഭിനയാരങ്ങേറ്റം. തുടര്‍ന്ന് പ്രേമിച്ചു, സട്ട പോലുള്ള നിരവധി തെലുങ്ക് സിനിമകളുടെ ഭാഗമായി. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ സായ് കിരണിന് അംഗീകാരങ്ങളും പ്രശംസകളും ലഭിച്ചത് സീരിയല്‍ ലോകത്തേക്ക് കടന്നതിന് ശേഷമാണ്. സായ് കിരണും നല്ലൊരു ഗായകനാണ്. എങ്കിലും തിളങ്ങിയത് അഭിനയമേഖലയില്‍ ആണെന്നു മാത്രം.
2016ലാണ് തെലുങ്കില്‍ കൊയിലമ്മ എന്ന സീരിയല്‍ ആരംഭിച്ചത്. ബംഗാള്‍ സീരിയലിന്റെ റീമേക്കായി തുടങ്ങിയ ഈ പരമ്പരയില്‍ മോഹന്‍ കുമാറായി അഭിനയിച്ചത് സായ് കിരണും ചേട്ടന്റെ ഭാര്യയായ ലക്ഷ്മിയായി എത്തിയത് ശ്രാവന്തിയും ആയിരുന്നു. ആദ്യ വിവാഹത്തിന്റെ വേര്‍പിരിയല്‍ ഘട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സായ് കിരണ്‍ കൊയിലമ്മയിലേക്ക് എത്തിയത്. സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ചു വരവേയായിരുന്നു കൊയിലമ്മയിലേക്കും എത്തിയത്. അതു വലിയൊരു വഴിത്തിരിവായിരുന്നു. പരമ്പര ശ്രദ്ധ നേടവെയാണ് നടി ചിപ്പിയും സംവിധായകന്‍ ആദിത്യനും ഒക്കെ സായ് കിരണിനെ കാണുന്നതും മലയാളത്തിലേക്ക് ക്ഷണിക്കുന്നതും. തൊട്ടടുത്ത വര്‍ഷം മലയാളത്തില്‍ വാനമ്പാടി ആരംഭിച്ചതോടെ വലിയ പ്രശസ്തിയിലേക്കാണ് സായ് കിരണ്‍ ഉയര്‍ന്നത്.ശ്രാവന്തി ഇപ്പോള്‍ അഭിനയം ഉപേക്ഷിച്ച് വസ്ത്ര വ്യാപാര രംഗത്തേക്ക് പൂര്‍ണമായും മാറി.