Latest News

സോഷ്യല്‍ മീഡിയയിലെ ഒരേയൊരു രാജാവ്; പ്രഭാഷണകലയിലെ അഗ്രഗണ്യന്‍; വിവാദങ്ങളുടെ കളിത്തോഴന്‍; ബിഗ് ബോസില്‍ നിന്ന് പുറത്താകുമ്പോള്‍ താരവും ഡോ രജിത് കുമാറിന്റെ കഥ

Malayalilife
സോഷ്യല്‍ മീഡിയയിലെ ഒരേയൊരു രാജാവ്;  പ്രഭാഷണകലയിലെ അഗ്രഗണ്യന്‍; വിവാദങ്ങളുടെ കളിത്തോഴന്‍; ബിഗ് ബോസില്‍ നിന്ന് പുറത്താകുമ്പോള്‍ താരവും ഡോ രജിത് കുമാറിന്റെ കഥ

ജിത് കുമാറിന് വേണ്ടി ഏഷ്യാനെറ്റ് ഉണ്ടാക്കിയതാണ് രജിത് ആര്‍മിയെന്ന ചര്‍ച്ചകള്‍ ഈ സീസണിലെ ബിഗ് ബോസ് തുടങ്ങുമ്പോള്‍ ചര്‍ച്ചയായിരുന്നു. ഓരോ എലിമിനേഷനിലും പ്രേക്ഷക പിന്തുണ കൂട്ടി കളി തടര്‍ന്ന രജിത് കുമാറിനെ ഒടുവില്‍ പിടിച്ചു കെട്ടിയത് രേഷ്മയെന്ന മത്സാര്‍ത്ഥിയാണ്. ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച കാരണത്തിന് ബിഗ് ബോസ് ഹൗസില്‍ നിന്ന് രജിത് കുമാര്‍ പുറത്തായി. പിന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിനും ഏഷ്യാനെറ്റിനും എതിരെ രജിത് ആര്‍മി തിരിഞ്ഞു. വലിയ പിന്തുണയാണ് ഈ കൂട്ടായ്മയ്ക്ക് സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകളില്‍ നിന്ന് ലഭിക്കുന്നത്. എന്‍ഡമോള്‍ഷൈന്‍ ഏഷ്യാനെറ്റിന് വേണ്ടി ഒരുക്കിയ ആദ്യ സീസണില്‍ ബിഗ് ബോസിലെ സൂപ്പര്‍ താരം തരികിട സാബുവിന് കിട്ടിയതിന്റെ പതിന്മടങ്ങ് പിന്തുണ. പേളി മാണിയും സാബുവുമെല്ലാം ഉണ്ടാക്കിയ ആരാധക വൃന്ദങ്ങള്‍ എല്ലാം രജിത് കുമാറിന്റെ തേരോട്ടത്തില്‍ അപ്രസക്തമായി.

രജിത് കുമാറും ദയ അച്ചുവും തമ്മിലുണ്ടായ ദീര്‍ഘസംഭാഷണമാണ് ബിഗ് ബോസ് എപ്പിസോഡ് രജിത് കുമാറിന്റെ കഥ പറയുന്നത് തുടങ്ങിയത്. മുന്‍പ് പ്ലസ് ടു അദ്ധ്യാപകനായിരുന്ന കാലത്ത് തന്നെ തേടിയെത്തിയ ഒരു വിവാഹാലോചനയെക്കുറിച്ച് ദയയോട് സംസാരിക്കുകയായിരുന്നു രജിത്. തന്നെക്കാള്‍ രണ്ട് വയസ് മൂത്ത ഒരു അദ്ധ്യാപികയുടെ കാര്യമാണ് രജിത് സംസാരിച്ചത്. അവര്‍ വിവാഹിതയായിരുന്നുവെന്നും എന്നാല്‍ അതില്‍ തുടരാന്‍ പറ്റാത്തവിധം ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും അവരുടെ ബന്ധുവായ ഒരാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നുമൊക്കെ രജിത് ദയയോട് പറഞ്ഞു. ഈ അനുഭവം പറയവെ രജിത്തിന്റെ നിരീക്ഷണങ്ങളോട് വിയോജിച്ച് ദയ തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വലിയ തര്‍ക്കവും ആരംഭിച്ചു. പിന്നീട് ഇതൊരു വെറും കഥയാണെന്നും രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ രജിത് പറഞ്ഞത് സത്യമാണെന്ന സൂചനകളുമായി നാട്ടുകാരും എത്തി. ഇതോടെ രജിത് കുമാറിന് സോഷ്യല്‍ മീഡിയയില്‍ വില ഇടിയുമെന്ന് ഏവരും കരുതി. എന്നാല്‍ ഈ കഥയും രജിത് കുമാറിനെ സഹായിക്കുകയാണ് ചെയ്തത്.

ആറ്റിങ്ങലിലാണ് രജിത് കുമാറിന്റെ വീട്. നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന സംഭവമാണ് ഇത്. ആറ്റിങ്ങലിലെ സ്‌കൂളില്‍ നിന്ന് രജിത് കുമാറിനെ സ്ഥലം മാറ്റിയതും സത്യമാണ്. സ്‌കൂളിലെ അദ്ധ്യാപികയുമായി രജിത് കുമാറിന് അടുപ്പമുണ്ടായിരുന്നു. അത് വിവാഹത്തിലേക്ക് എത്തുമെന്ന് കരുതുകയും ചെയ്തു. എന്നാല്‍ നടന്നില്ല. പിന്നീട് ഈ പ്രശ്‌നം സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് മാറി. ഇതോടെ പിടിഎയ്ക്ക് പോലും പരാതികളെത്തി. അങ്ങനെ വലിയ ചര്‍ച്ചയായി മാറി. തുടര്‍ന്ന് രജിത്തിന് സ്ഥലം മാറ്റവും കിട്ടി. ടീച്ചര്‍ക്കും സ്‌കൂള്‍ മാറേണ്ടി വന്നു. അതുകൊണ്ട് തന്നെ രജിത് കുമാറിന്റെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.

പത്രങ്ങളിലും അന്ന് ഈ വിവാദം വാര്‍ത്തയായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളേജിലെ സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ച് വിദ്യാര്‍ത്ഥിനികളോട് പ്രസംഗിച്ചത് വിവാദമായിരുന്നു. പ്രസംഗം അതിരുവിട്ടപ്പോള്‍ ആര്യ എന്ന വിദ്യാര്‍ത്ഥി കൂവി. പിന്നീട് നടന്ന അന്വേഷണത്തില്‍ രജിത് കുമാറിനെ ഋഷി തുല്യനെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് 2004ലെ സ്‌കൂളിലെ വിവാദം ചര്‍ച്ചയായതും വാര്‍ത്തയായി വന്നതും. പെണ്ണു കേസില്‍ തല്ലും രജിത് കുമാറിന് കിട്ടിയെന്നാണ് ഈ വാര്‍ത്ത പറയുന്നത്. സ്വന്തം ഭാര്യയുമായി പിരിഞ്ഞ രജിത് കുമാര്‍ മര്‍ദ്ദനമേറ്റിട്ടും അദ്ധ്യാപികയെ ഉപേക്ഷിച്ചില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

ഇത്തവണത്തെ ബിഗ് ബോസിലെ പതിനേഴ് മത്സരാര്‍ഥികളില്‍ ഒരാളിയി രജിത് കുമാര്‍ എത്തുമെന്ന് മലയാളികള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. തൂവെള്ളത്താടിയും വെളുത്ത വസ്ത്രങ്ങളുമായി നിരവധി വേദികളില്‍ വരാറുള്ള അദ്ദേഹം പ്രഭാഷണകലയില്‍ അഗ്രഗണ്യനാണ്. അതേ സമയം വിവാദങ്ങളുടെ കളിതോഴനും. വന്‍ മേക്കോവറിലാണ് രജിത്കുമാര്‍ ബിഗ് ബോസ് വേദിയില്‍ എത്തിയത്. രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്, അതും നീണ്ടൊരു കൂവലിന്റെ രൂപത്തില്‍. അദ്ദേഹമന്ന്, ശ്രീശങ്കര കോളേജിലെ ബോട്ടണി ലക്ചററായിരുന്നു.ആര്യ എന്ന ഒരു ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു അന്നത്തെ കൂവല്‍പ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത് കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണ് എന്നാക്ഷേപിച്ചായിരുന്നു ആര്യയുടെ കൂക്കിവിളി.

എന്തായാലും, ആ കൂവല്‍ ആര്യയ്ക്ക് കയ്യടികള്‍ നേടിക്കൊടുത്തു. ഡോ. രജിത് കുമാറിന് തുടര്‍ച്ചയായ പ്രഭാഷണങ്ങള്‍ക്കുള്ള അവസരങ്ങളും. വെളുത്ത താടിയുള്ള ആ കൃശഗാത്രന്‍ പിന്നീടങ്ങോട്ട് നിരവധി വിവാദങ്ങളുടെ ഭാഗമായി നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു കവിഞ്ഞുനിന്നു. വേഷഭൂഷാദികളില്‍ ഒരു അവധൂതന്റെ പരിവേഷമുണ്ടായിരുന്നു ഡോ.രജിത് കുമാറിന്. വെള്ളവസ്ത്രങ്ങളോടായിരുന്നു കമ്പം. പ്രഭാഷകന്‍ എന്നതിലുപരി ഒരു അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം. ശ്രീ ശങ്കരാ കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപകനാണ് രജിത് കുമാര്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം. അവിടെ മികച്ച വിദ്യാര്‍ത്ഥിയെന്ന പേരുനേടി. പന്തളം എന്‍എസ്എസ് കോളേജില്‍ ബോട്ടണി ബിരുദാനന്തര ബിരുദം പഠിച്ച് ഒന്നാം റാങ്കോടെ പാസായി. മൈക്രോബയോളജിയില്‍ എംഫിലും ഡോക്ടറേറ്റും. ബോട്ടണിയിലെ ബിരുദങ്ങള്‍ക്ക് പുറമേ ബിഎഡ്., ലൈബ്രറി സയന്‍സില്‍ ബിരുദം, സൈക്കോതെറാപ്പിയില്‍ എം.എസ്. എന്നിവയെല്ലാമുണ്ട് ഡോ. രജിത് കുമാറിന്. അങ്ങനെ കേരളം അറിയുന്ന വിദ്യാ സമ്പന്നന്‍.

വന്ന ഉടനെ തന്നെ ഹൗസിലെ മാലിന്യ സംസ്‌കരണത്തിനും പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുമുള്ള പ്ലാനുകള്‍ ബിഗ് ബോസ് കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ രജിത് കുമാര്‍ അവതരിപ്പിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ച് അവബോധമുണ്ടാക്കുന്ന രജിത് കുമാറിന്റെ 'പ്രസംഗം' ബിഗ് ബോസ് കുടുംബാംഗങ്ങള്‍ക്കിടയില്‍ അല്‍പ്പം മുഷിപ്പ് ഉണ്ടാക്കുകയും ചെയ്തു. ആര്‍ ജെ രഘുവിന്റെ വൈവാഹിക- സ്വകാര്യജീവിതത്തിലും വ്യക്തിപരമായ കാര്യങ്ങളില്‍ കൈക്കടത്തുന്ന രീതിയിലുള്ള രജിത് കുമാറിന്റെ സംസാരവും ഹൗസ് മെമ്പേഴ്സിനിടയില്‍ ആദ്യം ചര്‍ച്ചയായി. ഏവരും ഒറ്റപ്പെടുത്തി. എന്നാല്‍ പതിയെ ഇതെല്ലാം മാറി. രജിത് കുമാര്‍ ബിഗ് ബോസ് വീടിനുള്ളിലെ ഒരു ഗ്രൂപ്പിന്റെ നേതാവുമായി. രേഷ്മയെ വിദഗ്ധ ചികിത്സയ്ക്കായി പുറത്തേക്ക് മാറ്റിയതിന് ശേഷം രജിത് കുമാറിനെ പുറത്താക്കുകയായിരുന്നു. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് സ്ത്രീ വിരുദ്ധവും അശാസ്ത്രീയവുമായ പ്രസ്താവനകളുടെ പേരില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്ന വ്യക്തിയാണ് രജിത് കുമാര്‍.

ജീന്‍സ് ഇടുന്നതിനെ കുറിച്ച് രജിത് കുമാറിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചാല്‍ ഗര്‍ഭപാത്രത്തില്‍ ക്യാന്‍സര്‍ ഉണ്ടാകുമെന്നും ഗര്‍ഭധാരണത്തെ ബാധിക്കും എന്നൊക്കെയായിരുന്നു രജിത് കുമാര്‍ പ്രസംഗിച്ചത്. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതോടെ രജിത് കുമാര്‍ നിലപാട് മാറ്റി. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതിന് ശേഷം തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് രജിത് കുമാര്‍ പറയുന്നത്. കുറച്ച് കാലം മുന്‍പ് ഉണ്ടായിരുന്നതല്ല ഇന്നത്തെ തന്റെ കാഴ്ചപ്പാട് എന്ന് രജിത് കുമാര്‍ പറയുന്നു. താന്‍ എന്തോ ആണെന്ന തോന്നലാണ് മുന്‍പ് തനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ മനോഭാവം മാറിയെന്ന് രജിത് കുമാര്‍ ബിഗ് ബോസില്‍ പറഞ്ഞിരുന്നു.

തന്റെ കുടുംബം കുളമായപ്പോള്‍, എല്ലാം പൊട്ടിത്തകര്‍ന്നപ്പോളാണ് മനോഭാവം മാറിയത്. അത്യാര്‍ത്തിയോടെയും സ്വാര്‍ത്ഥതയോടെയും പഠിച്ചതും നേടി എടുത്തതുമെല്ലാം പൊട്ടി പൊളിഞ്ഞപ്പോഴാണ് മനോഭാവവും മാറിയത്. ബിഗ് ബോസില്‍ നിന്ന് പുറത്ത് ഇറങ്ങിയാല്‍ തന്റെ ജീവിത ശൈലിയും മാറുമെന്ന് രജിത് കുമാര്‍ പറഞ്ഞിരുന്നു. താന്‍ ഇപ്പോള്‍ ജീവിതം ആസ്വദിക്കാന്‍ പഠിച്ചിരിക്കുകയാണ്. തന്നില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. ഇനി താന്‍ പുറത്ത് ഇറങ്ങുമ്പോള്‍ ജീന്‍സ് ധരിക്കുമെന്നും രജിത് കുമാര്‍ ബിഗ് ബോസില്‍ പറഞ്ഞു

 

the story of dr rajith kumar bigboss malayalam contestant

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES