പരസ്യചിത്ര സംവിധായകനില്‍ നിന്നും സിനിമാ സംവിധായകനായി മാറിയ ആളാണ് ശ്രീകുമാര്‍ മേനോന്‍. ഒടിയന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ മഞ്ജുവാര്യരുമായുള്ള ഉടക്കിന്റെയും പ്രശ്‌നങ്ങളുടെയും പേരിലാണ് ശ്രീകുമാര്‍ കുറച്ചുനാളായി മാധ്യമ ശ്രദ്ധനേടുന്നത്. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും നേരിട്ട ശ്രീകുമാര്‍ മേനോന് ഇപ്പോള്‍ മകളുടെ പേരില്‍ ആഹഌദവും അഭിമാനവും ലഭിച്ചിരിക്കുകയാണ്. മലയാള സാഹിത്യത്തില്‍ റാങ്ക് നേടിയാണ് ലക്ഷ്മി മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറിയത്. പാലക്കാട് കൃഷ്ണശ്രീയില്‍ വിഎ ശ്രീകുമാറിന്റെയും ശര്‍മിളയുടെയും മകളായ ലക്ഷ്മി ഇപ്പോള്‍ തന്റെ അച്ഛനമ്മമാരെക്കുറിച്ചും പഠനത്തെക്കുറിച്ചുമൊക്കെ മനസ്സുതുറന്നിരിക്കയാണ്.
സംവിധായകന്‍ വി എ ശ്രീകുമാര്‍ മോനോന്‍ ആരോപണങ്ങളിലും വാര്‍ത്തകളിലും ഇടം നേടുമ്പോള്‍ മകള്‍ ലക്ഷ്മി ശ്രീകുമാര്‍ തന്റെ മിടുക്കിന്റെ പേരിലാണ് അച്ഛന്റെ യശസ് ഉയര്‍ത്തിയിരിക്കുന്നത്. അച്ഛന്റെ ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി പാട്ടുകള്‍ എഴുതി ലക്ഷ്മി ശ്രദ്ധനേടിയിരുന്നു. ഒടിയനിലെ മുത്തപ്പന്റെ ഉണ്ണീ, നെഞ്ചിലെ കാളകുളമ്പ് എന്നീ പാട്ടുകള്‍ എഴുതിയത് എംഎ മലയാള സാഹിത്യത്തിന് പഠിച്ചിരുന്ന ലക്ഷ്മിയായിരുന്നു. ലക്ഷ്മിയെ തേടി റാങ്കിന്റെ പൊന്‍ തിളക്കം എത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും എംഎ മലയാള സാഹിത്യത്തിലാണ് ലക്ഷ്മി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഈ വാര്‍ത്തയറിഞ്ഞ് സിനിമാരംഗത്ത് നിന്നും തന്നെ ഏറെ അഭിനന്ദനം ലക്ഷ്മി നേടിയിരുന്നു. ഗാനന രചയിതാവും കവയത്രിയുമായ ലക്ഷ്മി ശ്രീകുമാറിന്റെയും ശര്‍മിള മേനോന്റെയും ഏകമകളാണ്. ഇപ്പോള്‍ സാഹിത്യത്തില്‍ തനിക്ക് താത്പര്യം ഉണ്ടാകാനുളള കാരണത്തെക്കുറിച്ചും അച്ഛനമ്മമാരുടെ പിന്തുണയെക്കുറിച്ചും ലക്ഷ്മി മനസ്സു തുറന്നിരിക്കയാണ്.
ഭാഷയോടും പൈതൃകത്തോടുമുള്ള അഭിനിവേശമാണ് മലയാളം ഐച്ഛിക വിഷയമായി എടുത്ത് മുന്നോട്ടു പോകാന്‍ കാരണമെന്ന് ലക്ഷ്മി പറയുന്നു. ഏതെങ്കിലും തരത്തിലെ കരിയര്‍ ലക്ഷ്യം വച്ചിരുന്നില്ല. തന്റെ താല്പര്യങ്ങള്‍ക്ക് വേണ്ട സ്വാതന്ത്ര്യം അച്ഛനും അമ്മയും നല്‍കുന്നുണ്ടെന്നും ലക്ഷ്മി പറയുന്നു. പാലക്കാട് വിക്ടോറിയയിലാണ് ലക്ഷ്മി ഡിഗ്രി ചെയ്തത്. പുത്തൂരാണ് ശ്രീകുമാറിന്റെ ഗ്രാമം. ഒറ്റമോളായത് കൊണ്ട് അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു. അതില്‍ നിന്നും മാറ്റം വേണമെന്ന് ആഗ്രഹിച്ചാണ് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ ആഗ്രഹിച്ചത്. മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ പ്രയാസത്തോടെ ആണെങ്കിലും ഇരുവരും അത് സമ്മതിച്ചെന്നും ലക്ഷ്മി പറയുന്നു. പക്ഷെ ആ രണ്ടു വര്‍ഷങ്ങളും അച്ഛന്‍ വളരെ അസ്വസ്ഥതയോടെയാണ് എന്റെ ദൂരം അനുവദിച്ചിരുന്നത് എന്ന് പിന്നീട് ഞാന്‍ അറിഞ്ഞതെന്നും ലക്ഷ്മി പറയുന്നു.
അമ്മ കുറെകൂടി സ്വതന്ത്രമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ തന്റെ കാര്യത്തില്‍ അല്പം കൂടി ബോള്‍ഡ് ആയിരിക്കും. അച്ഛന് പക്ഷെ താന്‍ എത്ര വളര്‍ന്നാലും 'ലച്ചു' തന്നെയാണ്. ഒറ്റമോള്‍ ആയതിന്റെ പ്രിവിലേജില്‍ താന്‍ അത് ആസ്വദിക്കുകയും ചെയ്യുന്നു എന്നും ലക്ഷ്മി പറയുന്നു. മാതൃഭൂമി കവിതാലക്കം സ്‌പെഷ്യലില്‍ 'ഇടവപ്പാതി' എന്ന ലക്ഷ്മിയുടെ കവിത വന്നിരുന്നു. മുന്‍പ് മറ്റൊരു ചലച്ചിത്ര ഗാനത്തിന് വേണ്ടിയും ലക്ഷ്മി വരികള്‍ എഴുതിയിരുന്നു. ഔസേപ്പച്ചന്‍ സാറായിരുന്നു അതിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്. പക്ഷെ എന്തോ കാരണങ്ങള്‍ കൊണ്ട് ആ സിനിമ റിലീസ് ചെയ്തില്ല. അച്ഛന്റെ സിനിമയ്ക്ക് തന്റെ വരികള്‍ എന്നതായിരിക്കാം നിയോഗമെന്നും ലക്ഷ്മി പറയുന്നു.
മലയാള സാഹിത്യ പുസ്തകങ്ങള്‍ വായിക്കുക, താല്പര്യമുള്ള സംഗീതം കേള്‍ക്കുക, സിനിമകള്‍ കാണുക തുടങ്ങിയവയാണ് ലക്ഷ്മിയുടെ ഇഷ്ടങ്ങള്‍. കര്‍ണാടിക് സംഗീതവും പഠിച്ചിട്ടുണ്ട്. അച്ഛന്‍ കഴിഞ്ഞാല്‍ തന്റെ ഇഷ്ട സംവിധായകന്‍ മണിര്തനമാണെന്നും ലക്ഷ്മി പറയുന്നു. പഠനവുമായി ബന്ധപ്പെട്ട് പുരാണങ്ങളെയും മിത്തുകളെയും അടിസ്ഥാനമാക്കി ഗവേഷണം ചെയ്യണമെന്നാണ് ലക്ഷ്മിയുടെ ആഗ്രഹം.