സൂര്യ ടിവിയിലെ മിന്നുകെട്ട് എന്ന ഹിറ്റ് സീരിയലിലെ ദുഷ്ടയായ അമ്മായിയമ്മയായി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയാണ് നടിയാണ് ശാന്തി വില്യംസ്. ഇപ്പോള്‍ മലയാളത്തില്‍ ഇല്ലെങ്കിലും തമിഴ് സീരിയലുകളിലെ നിറ സാന്നിധ്യമായി നടി മാറിക്കഴിഞ്ഞു. അന്യഭാഷകളില്‍ നിന്നും എത്തി മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസുകളില്‍ ഇടം നേടിയ ശാന്തി ഒരുകാലത്ത് സിനിമകളിലും നിറഞ്ഞു നിന്ന നടിയാണ്. എന്നാല്‍ സംവിധായകന്‍ വില്യംസ് ജെയെ വിവാഹം കഴിച്ച ശേഷം താരലോകത്തു നിന്നും പൂര്‍ണമായും അപ്രത്യക്ഷമാവുകയായിരുന്നു ഈ നടി.
ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയില്‍ നിന്ന വില്യംസ് നടി ശാന്തിയെ കണ്ട് ഇഷ്ടപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കി വിവാഹം കഴിക്കുകയായിരുന്നു. ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും ശാന്തിയ്ക്ക് മറ്റു വഴികളില്ലാതെ അദ്ദേഹത്തെ വിവാഹം കഴിക്കേണ്ടി വരികയായിരുന്നു. വീട്ടുകാരെ അടക്കം ആത്മഹത്യാ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് വില്യംസ് ശാന്തിയെ വിവാഹം കഴിച്ചത്. വില്യംസിന്റെ ആദ്യവിവാഹം ഒരു പരാജയമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. ഇത് വില്യംസിനെ മാനസികമായി ഏറെ തളര്‍ത്തി. ഭാര്യ ഉപേക്ഷിച്ചുപോയതില്‍ മനംനൊന്തായിരുന്നു അദ്ദേഹം ആദ്യമായി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
അതിനു ശേഷമാണ് വില്യംസ് സംവിധാനവും ഛായാഗ്രാഹണവും നിര്‍വ്വഹിച്ച മിസ്റ്റര്‍ മൈക്കിള്‍ എന്ന മലയാള സിനിമ അദ്ദേഹം ചെയ്തത്. ഈ ചിത്രത്തിലേക്ക് ഒറ്റ ദിവസത്തെ ഷൂട്ടുള്ള ചെറിയൊരു വേഷം ചെയ്യുവാനാണ് ശാന്തിയെ വിളിച്ചത്. എന്നാല്‍ ആ സമയത്ത് അത്യാവശ്യം കാരക്ടര്‍ റോളുകള്‍ ചെയ്ത് സിനിമാ രംഗത്ത് ഉയര്‍ന്നു വരികയായിരുന്നു ശാന്തി. അതുകൊണ്ടു തന്നെ ഈ ചെറിയ വേഷം ചെയ്യുവാന്‍ താല്‍പര്യമില്ലെന്ന് ശാന്തിയുടെ അച്ഛന്‍ അറിയിച്ചു. മാത്രമല്ല, ശാന്തി അന്ന് ജേര്‍ണലിസം പഠിക്കുവാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു. അതിന്റെ അഡ്മിഷനു മുമ്പുള്ള ഇന്റര്‍വ്യൂ നടക്കുന്ന ദിവസം കൂടിയായിരുന്നു ഷൂട്ടിംഗ് ദിവസം. അതുകൊണ്ടുതന്നെ മറ്റൊന്നും ചിന്തിക്കാതെ അച്ഛനും ശാന്തിയും നോ എന്ന് മറുപടി നല്‍കുകയും ചെയ്തു.
എന്നാല്‍ വില്യംസ് വിടാന്‍ ഒരുക്കമായിരുന്നില്ല. ഒരു ദിവസത്തെ ഷൂട്ട് മാത്രമേ ഉള്ളൂവെങ്കിലും, നല്ല ക്യാരക്ടര്‍ ആണ്. ശാന്തി ചെയ്താല്‍ നന്നായിരിയ്ക്കും എന്നൊക്കെ പറഞ്ഞ് അച്ഛനെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പെട്ടെന്ന് വിടാം, ഇന്റര്‍വ്യൂവിലും പങ്കെടുക്കാം എന്നു പറഞ്ഞപ്പോള്‍ മനസില്ലാമനസോടെ ശാന്തിയും സമ്മതിക്കുകയായിരുന്നു. വൈകുന്നേരം ആറ് മണിക്ക് വിടാം എന്ന് പറഞ്ഞത് അനുസരിച്ചാണ് ശാന്തി വരാന്‍ സമ്മതിച്ചത്. എന്നാല്‍ സമയം കടന്നു പോകുന്നതല്ലാതെ ശാന്തിയെ വിട്ടില്ല. പോകാന്‍ കഴിയാത്തതിന്റെ ദേഷ്യത്തില്‍ അച്ഛനോട് ഇക്കാര്യം സംസാരിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു ശാന്തി. ഇതിനിടയില്‍ വില്യംസും സംസാരിക്കുന്നുണ്ട്. ഈ സംസാരത്തിനിടയിലുളള എന്തോ കാര്യം വില്യംസിന് വളരെയധികം ഇഷ്ടപ്പെട്ടു. ഇത് പ്രണയത്തിലേക്ക് വഴി തുറക്കുകയും ചെയ്തു. അങ്ങനെയാണ് വില്യംസ് ശാന്തിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.
എന്നാല്‍ അതിനും നോ എന്ന മറുപടിയാണ് ശാന്തി നല്‍കിയത്. നിങ്ങളെ പോലെ ഒരാളെ എനിക്ക് കല്യാണം കഴിക്കാന്‍ പറ്റില്ല എന്ന് തന്നെ ശാന്തി തീര്‍ത്തു പറഞ്ഞു. തുടര്‍ന്ന് വില്യംസ് ശാന്തിയുടെ അച്ഛനോട് പോയി നേരിട്ട് സംസാരിക്കുകയും എങ്ങനെയെങ്കിലും തനിക്ക് ശാന്തിയെ കല്യാണം കഴിപ്പിച്ച് തരണം എന്ന്് പറഞ്ഞ് അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് അച്ഛന്‍ പറഞ്ഞതും മകള്‍ക്ക് ഇഷ്ടമില്ലാതെ നടക്കില്ല എന്നായിരുന്നു. പാന്‍ക്രോയിലായിരുന്നു അന്ന് വില്യംസ് താമസിച്ചിരുന്നത്. അതിന്റെ മുകളില്‍ കയറി നിന്ന് വില്യംസ് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പാന്‍ക്രോയുടെ റിസപ്ഷനില്‍ ശാന്തിയുടെയും അവരുടെ അച്ഛന്റെയും പേരും ഫോണ്‍ നമ്പറും നല്‍കിയിട്ടാണ് വില്യംസ് ആത്മഹത്യാ ശ്രമം നടത്തുന്നത്. ഉടന്‍ തന്നെ റിസപ്ഷനില്‍ നിന്ന് ശാന്തിയെ വിളിച്ച് വിവരം അറിയിച്ചു. ശാന്തിയുടെ അച്ഛന്‍ അവിടേക്ക് ഓടിയെത്തുകയും ചെയ്തു. എന്നാല്‍ ഇയാളെ ഒരിക്കലും വിവാഹ കഴിക്കില്ലെന്ന നിലപാടിലായിരുന്നു അപ്പോഴും ശാന്തി ഉണ്ടായിരുന്നത്. പക്ഷെ സമ്മതം മൂളാതെ വില്യംസ് താഴെ ഇറങ്ങില്ല എന്ന ഘട്ടം വന്നപ്പോള്‍ അച്ഛന്‍ ശാന്തിയെ നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിക്കുകയായിരുന്നു.
എങ്കിലും അവസാന നിമിഷം വരെ ശാന്തിക്ക് താത്പര്യം ഇല്ലാതെയായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. പിന്നീട് വില്യംസിന്റെ കഴിഞ്ഞ കാലം ഒക്കെ അറിഞ്ഞപ്പോള്‍ ആദ്യം സിംപതിയും പിന്നീട് അത് പതിയെ പതിയെ സ്‌നേഹവുമായി മാറുകയുമായിരുന്നു. തുടര്‍ന്ന് വിവാഹ ശേഷം പൂര്‍ണമായും വീട്ടമ്മയായി ഒതുങ്ങുകയായിരുന്നു. വിവാഹത്തിന് മുന്‍പ് നെഞ്ചത്തെ കിള്ളാതെ എന്ന സിനിമയാണ് ഏറ്റവും ഒടുവില്‍ ചെയ്തിരുന്നത്. അതിന് ശേഷം ഇനി സിനിമയും അഭിനയവും ഒന്നും വേണ്ട എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സീരിയലുകളിലൂടെ തിരിച്ചുവരികയായിരുന്നു ശാന്തി.