കൊറോണ വൈറസിന്റെ ഭീകരത കണക്കിലെടുത്തുകൊണ്ട് വലിയ പ്രതിസന്ധികളാണ് ഓരോ മേഖലയും അഭിമുഖീകരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സിനിമാ മേഖലയില്‍ പോലും സ്തംഭനം ഉണ്ടായത്. തിയേറ്ററുകള്‍ അടച്ചിടുകയും സിനിമാ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ ഇതിന് പിന്നാലെ സീരിയല്‍ മേഖലയും ചിത്രീകരണവും നിര്‍മ്മാണവും നിര്‍ത്തുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഈ തീരുമാനം എല്ലാ ടെലിവിഷന്‍ സീരിയലുകള്‍ക്കും ബാധകമാണ്. മാര്‍ച്ച് 20 മുതല്‍ 31 വരെ ചിത്രീകരണം നിര്‍ത്തി വെക്കാനാണ് മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ തീരുമാനം.
അതേസമയം മാര്‍ച്ച് 18 ,19 തിയ്യതികളില്‍, അടിയന്തര പ്രാധാന്യം ഉണ്ടെങ്കില്‍ മാത്രമേ സീരിയല്‍ ചിത്രീകരണം നടത്താവൂ എന്നും മലയാളം ടെലിവിഷന്‍ ഫ്രെട്ടേണിറ്റിയുടെ അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. ആള്‍ക്കൂട്ട ചിത്രീകരണം ഈ ദിവസങ്ങളില്‍ പൂര്‍ണമായും ഒഴിവാക്കാനും മാസ്‌ക് ,സാനിറ്റൈസറുകള്‍ തുടങ്ങിയ മുന്‍കരുതലുകള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ നിര്‍ബന്ധമാക്കണമെന്നും യോഗത്തില്‍ തീരുമാനം എടുത്തു. അതേസമയം കൊറോണാ പ്രതിരോധത്തിനായി നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയും ബിഗ് ബോസ് നിര്‍ത്തിവയ്ക്കാന്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എന്തുകൊണ്ട് സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെയ്ക്കുന്നില്ലെന്ന ചോദ്യങ്ങളുമായി രജിത് ആര്‍മി എത്തിയിരുന്നു. ഇപ്പോള്‍ ആ സംശയങ്ങള്‍ക്കും തീരുമാനമായിരിക്കുകയാണ്.