കറുത്ത മുത്തിലെ ഗായത്രിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദര്‍ശന ദാസ്. പാലക്കാട് കല്ലടിക്കോട് സ്വദേശിനിയാണ് ദര്‍ശന. ജനിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണ്. അച്ഛന്‍ അമ്മ രണ്ടു ചേച്ചിമാര്‍ എന്നിവരടങ്ങുന്ന കുടുംബമാണ് ദര്‍ശനയുടേത്. ചേച്ചിമാര്‍ രണ്ടുപേരും വിവാഹിതരാണ്. പത്താംക്ലാസ്സു വരെ ക്ലാസ്സിക്കല്‍ ഡാന്‍സ് പഠിച്ചിരുന്ന ദര്‍ശന ഭക്തി ആല്‍ബങ്ങളില്‍ അഭിനയിച്ചത് വഴിയാണ് അഭിനയത്തിലേക്ക് എത്തുന്നത്. കുടുംബസുഹൃത്തിന്റെ അഭിപ്രായം അനുസരിച്ചാണ് താരം അഭിനയത്തിലേക്ക് തിരിയുന്നത്.
ആദ്യം സിനിമയിലാണ് അവസരങ്ങള്‍ക്ക് ശ്രമിച്ചത് എങ്കിലും സീരിയലിലാണ് അവസരം ലഭിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലാണ് താരം ആദ്യം അഭിനയിച്ചത്. പിന്നീട് ഫോര്‍ ദ പീപ്പിള്‍ എന്ന സീരിയലില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു. കറുത്തമുത്തിലും ആദ്യം നെഗറ്റീവ് ആയിരുന്നു കഥാപാത്രം എന്നാല്‍ പിന്നീട് പോസ്റ്റീവ് ആയി മാറി. കറുത്തമുത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് സീ കേരളത്തില്‍ സുമംഗലീഭവ എന്ന സീരിയലില്‍ നായികയായി ദര്‍ശന എത്തുന്നത്. വളരെ മികച്ച കഥാപാത്രമായിരുന്നു ഇതില്‍ ദേവു എന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് സീരിയലില്‍ നിന്നും പെട്ടെന്ന് ദര്‍ശനയെ കാണാതായി. പിന്നെ പ്രേക്ഷകര്‍ കണ്ടത് സോനു സതീഷ് എന്ന നടി ദേവു എന്ന കഥാപാത്രമായി എത്തിയതാണ്. ഇതോടെ നടി വിവാഹിതയാകാന്‍ ഒരുങ്ങുന്നതിനാലാണ് സീരിയലുകളില്‍ നിന്നും പിന്‍മാറിയെതെന്ന് അഭ്യൂഹങ്ങളെത്തി.
എന്നാല്‍ ഇപ്പോള്‍ താന്‍ വിവാഹിതയായെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കയാണ് ദര്‍ശന ദാസ്. സീരിയലില്‍ നിന്നും പിന്‍മാറിയത് എന്തുകൊണ്ടാണെന്നും സമയത്തിന് നല്‍കിയ അഭിമുഖത്തില്‍ ദര്‍ശന വ്യക്തമാക്കുന്നു. കുറേകാലമായി സീരിയലില്‍ നിന്നും പിന്മാറണം എന്ന് തോന്നിയിരുന്നു. അത് മാനസീകമായി പൊരുത്തപ്പെടാന്‍ ആകാത്തത് കൊണ്ട് മാത്രമാണ് പിന്‍വാങ്ങിയത്. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം ആയിരുന്നില്ലെന്നും താരം പറയുന്നു.
ഡിസംബര്‍ അഞ്ചിന് താന്‍ വിവാഹിത ആയതായിട്ടാണ് ദര്‍ശന വെളിപ്പെടുത്തിയത്. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്ശനയുടെ ഭര്‍ത്താവ്. കുറെ വര്‍ഷങ്ങളായി ഇരുവരും സൗഹൃദത്തില്‍ ആയിരുന്നു. സൗഹൃദം പ്രണയമായി മാറുകയും അത് പിന്നീട് പ്രണയമായി വിവാഹത്തിലെത്തുകയുമായിരുന്നു. അധികമാരും അറിയാതെയാണ് വിവാഹം നടന്നത്. എങ്കിലും വരുന്ന ജനുവരി നാലിന് എല്ലാവര്‍ക്കുമായി റിസപ്ഷന്‍ നടത്തുന്നുണ്ടെന്നും ദര്‍ശന അറിയിച്ചു.