പതിനാലാമത്തെ വയസില്‍ ബാലചന്ദ്രമേനോന്റെ കൈപിടിച്ച് വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലേക്ക് ശോഭന എത്തിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. ഒരു തലമുറയുടെ നായിക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച നടി ഇപ്പോഴും അഭിനയവും നൃത്തവും സജീവമാണ്.തുടരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് ഇപ്പോള്‍ ശോഭന അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കാരവാന്‍ സംസ്‌കാരത്തെ കുറിച്ചും തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി.
കാരവാന്‍ വെച്ച് ആര്‍ട്ടിസ്റ്റുകളുടെ റേഞ്ച് അളക്കുന്ന സ്ഥിതിയാണ് ഇന്ന് സിനിമയിലെന്ന് നടി പറയുന്നു. കാരവാന്‍ ഇല്ലാത്തതിന്റെ പേരില്‍ പിണങ്ങിപ്പോകുന്ന ആര്‍ട്ടിസ്റ്റുകളുള്ള കാലത്താണ് കാരവാനോടുള്ള താല്‍പര്യ കുറവ് ശോഭന വെളിപ്പെടുത്തിയത്. എനിക്ക് കാരവാന്‍ താല്‍പര്യമില്ല. ഞാന്‍ വേണ്ടെന്ന് പറഞ്ഞാലും എന്നോട് കാരവനില്‍ കയറി ഇരിക്കാന്‍ പറയും. പണ്ട് കാരവന്‍ ഇല്ലാത്തതുകൊണ്ട് വളരെ വേഗത്തില്‍ കോസ്റ്റ്യൂം മാറി വരും. സെറ്റില്‍ ചെന്നാല്‍ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാന്‍ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. കോസ്റ്റ്യൂം ചേഞ്ച് ഒരു വീട്ടിലാണെന്ന് പറഞ്ഞാല്‍ വണ്ടി കയറി അങ്ങോട്ടുപോയി തിരിച്ച് വരുന്ന സമയം ലാഭിക്കാന്‍ സെറ്റില്‍ തന്നെ വസ്ത്രം മാറ്റി ബാക്കിയുള്ള സമയം ഇരുന്ന് ഉറങ്ങാന്‍ നോക്കും. എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റിലാണ് പോയിക്കൊണ്ടിരുന്നത്.
ഞാന്‍ മാത്രമല്ല എന്റെ തലമുറയില്‍ പെട്ട ഖുശ്ബു, സുഹാസിനി, രാധിക അങ്ങനെ എല്ലാവരും സെറ്റിലെ പരിമിതികള്‍ അറിഞ്ഞ് പെരുമാറുന്നവരായിരുന്നു. കാരവാന്‍ ഒരു ശല്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതില്‍ കയറി ഇറങ്ങി വരുമ്പോഴേക്കും എന്റെ മുട്ട് വേദനിക്കും. എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളുമായുള്ള കണക്ട് കാരവന്‍ കളയുന്നു എന്നതല്ല. മൊത്തം സ്‌ക്രിപ്റ്റ് തന്നെ കയ്യില്‍ നിന്ന് േ
കല്‍ക്കി സിനിമയില്‍ ബച്ചന്‍ സര്‍ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറില്‍ വന്നിരിക്കുന്നത് കാണാം. അദ്ദേഹത്തിന് മാത്രമായി അഞ്ച് ലക്ഷം രൂപ ദിവസ വാടകയ്ക്ക് ഒരു കാരവാന്‍ അവിടെയുണ്ട്. അദ്ദേഹം പക്ഷെ അതിനുള്ളില്‍ പോകില്ല. കാരണം അത് ഒട്ടും സുഖപ്രദമല്ല. ഇപ്പോള്‍ കാരവാന്‍ വെച്ചാണ് ആര്‍ടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നതെന്ന് തോന്നുന്നു.
പലരും ആര്‍ട്ടിസ്റ്റിനെ വിലയിരുത്തുന്നത് കാരവാനും ഒപ്പം വരുന്ന ആളുകളുടെ എണ്ണം വെച്ചുമൊക്കെയാണ് നടി പറയുന്നു. പിന്നീട് ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയതിനെ കുറിച്ചാണ് ശോഭന സംസാരിച്ചത്. എന്റെ വയസിനെപ്പറ്റി ആരും ആശങ്കപ്പെട്ടില്ല. ശോഭന ഒരു ആര്‍ടിസ്റ്റാണ്. ഹിറ്റായി നില്‍ക്കുന്ന ഒരു നായികയാണ്. അവരെ ബുക്ക് ചെയ്യാം എന്നല്ലാതെ അയ്യോ... അവര്‍ക്ക് 15 വയസല്ലേ ആയിട്ടുള്ളൂ എന്നൊന്നും ആരും ചിന്തിക്കില്ലല്ലോ. അവര്‍ പണം തരുന്നു. ബുക്ക് ചെയ്യുന്നു. ആ സമയത്ത് എനിക്ക് കോളജില്‍ പോകണമെന്നോ പാര്‍ട്ടിക്ക് പോകണമെന്നോ ചിന്തയില്ല. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ആ ചിന്തയുണ്ട്. എന്റെ മകള്‍ വരെ പറയും ഞാനിവിടെ ഒറ്റയ്ക്കാണ്. എനിക്കൊന്ന് പുറത്തുപോകണം.
ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. ചിലരെ കാണാന്‍ പോകണം. എന്റെ പ്രായത്തിലുള്ള കുട്ടികള്‍ പോകുന്നുണ്ടല്ലോ. അതുകൊണ്ട് എനിക്ക് പോകണം എന്നൊക്കെ. അവര്‍ക്ക് അത് അറിയാം. പക്ഷെ എന്റെ കാലഘട്ടത്തില്‍ എനിക്ക് അത് അറിയുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം പുറത്തുപോകണമെങ്കില്‍ സിനിമയില്‍ അഭിനയിക്കണം. പാര്‍ട്ടി എന്നാല്‍ എന്റെ സുഹൃത്തുക്കള്‍. ഭക്ഷണമെന്ന് പറഞ്ഞാല്‍ സെറ്റില്‍ നിന്ന് കിട്ടുന്നത്. എനിക്ക് അത് വലിയ നിധി കിട്ടിയ പോലെയായിരുന്നു ശോഭന കൂട്ടിച്ചേര്‍ത്തു.