മലയാള സിനിമയിലെന്ന പോലെ മലയാള സീരിയലുകളിലും പല അന്യഭാഷാ നടി-നടന്‍മമാരും അരങ്ങു തകര്‍ക്കാറുണ്ട്. എന്നാല്‍ പല പ്രേക്ഷകരുടെയും ധാരണ ഇവര്‍ മലയാളികളാണ് എന്ന് തന്നെയായിരിക്കും. അത്രമേല്‍ അസാധ്യമായ ഡബ്ബിങ്ങും മലയാളിത്തമുള്ള ലുക്കും ചേരുമ്പോള്‍ ഇവര്‍ മലയാളില്ലെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. അങ്ങനെയുള്ള ചില നടീ-നടന്‍മാരെ നമ്മുക്ക് പരിചയപ്പെടാം.
രൂപശ്രീ-
തമിഴില്‍നിന്നുമെത്തി മലയാളത്തില്‍ വെന്നിക്കൊടിപാറിച്ചവരുടെ ലിസ്റ്റില്‍ ആദ്യം നില്‍ക്കുന്നത് രൂപശ്രീയാണ്. രൂപശ്രീ എന്ന പേരിനെക്കാള്‍ ചന്ദനമഴയിലെ ഊര്‍മിള ദേശായിയെ അവതരിപ്പിച്ച നടിയെന്ന വിശേഷണമാണ് രൂപശ്രീക്ക് ഏറെ ചേരുക. മലയാള സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും അധികം ചര്‍ച്ചയായ കഥാപാത്രമായിരുന്നു ഊര്‍മിള ദേശായി. അതിനാല്‍ തന്നെ പിന്നീടും രൂപശ്രീയെ തേടി മലയാള സീരിയലുകള്‍ എത്തി. ഇപ്പോള്‍ ഏഷ്യാനെറ്റിലെ സീതാ കല്യാണത്തില്‍ രാജേശ്വരി ദേവിയെന്ന വില്ലത്തിയായി തിളങ്ങുകയാണ് രൂപശ്രീ. എന്നാല്‍ തമിഴ്നാട്ടുകാരിയാണ് രൂപശ്രീ. മലയാളസിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴ് നസിനിമയിലാണ് രൂപശ്രീ തിളങ്ങിയത് വിവാഹശേഷം അഭിനയം രംഗം വിട്ട രൂപശ്രീ പിന്നെ തമിഴ് മലയാളം സീരിയലുകളിലൂടെയാണ് വീണ്ടും രംഗപ്രവേശനം ചെയ്തത്. രൂപശ്രീയുടെ കോസ്റ്റിയൂംസും ആഭരണങ്ങളും മലയാളി വീട്ടമ്മമാര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാണ്.
യുവറാണി
ഏഷ്യാനെറ്റിലെ ഭാര്യ സീരിയലിലെ നായിക രോഹിണിയുടെ അമ്മയായി വിഷമിടുന്നതും ഒരു തമിഴ് നടിയാണ്. തമിഴില്‍ പല സിനിമകളിലും നായികയായി തിളങ്ങിയിട്ടുള്ള നടിയാണ് യുവറാണി. ബാഷയില്‍ രജനികാന്തിന്റെ സഹോദരി വേഷം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിംഗം സീരിസില്‍ സൂര്യയുടെ സഹോദരിയായി യുവറാണി അഭിനയിച്ചിരുന്നു. 2008ല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ശ്രീമഹാഭാഗവതത്തിലും താരം യശോദയായി വേഷമിട്ടിരുന്നു. ഇപ്പോള്‍ പല തമിഴ് സീരിയലുകളിലും മലയാളത്തിനൊപ്പം താരം അഭിനയിക്കുന്നുണ്ട്. വിവാഹശേഷമാണ് യുവറാണി സീരിയലുകളില്‍ സജീവമായത്.
ലത സംഗരാജു
ഏഷ്യാനെറ്റിലെ നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ റാണിയെ അവതരിപ്പിക്കുന്നത് തെലുങ്ക് സീരിയല്‍ താരമായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്. തമിഴ് സീരിയല്‍ രംഗത്തും ലത സജീവമാണ്. തെലുങ്ക് ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ലത അഭിനയരംഗത്ത് എത്തിയത്. ആട്ടഗല്ലു എന്ന തെലുങ്ക് സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സീരിയലിലും റിയാലിറ്റി ഷോയിലും ലത സജീവമാണ്. നായിക പദവിയില്‍ മലയാളത്തില്‍ അഭിനയിക്കുന്ന പ്രമുഖ നടിമാരില്‍ ഒരാണ് ലത. നീലക്കുയിലിലെ വില്ലത്തിയായി രാധാമണിയും അന്യഭാഷാ നടി തന്നെ. കന്നട താരമായ രശ്മി ഹരിപ്രസാദാണ് രാധാമണിയെ അവതരിപ്പിക്കുന്നത്.
ചിത്ര ഷേണായി
മലയാളത്തില്‍ എത്തി അഭിനയിച്ച മറ്റൊരു പ്രമുഖ നടിയാണ് ചിത്ര ഷേണായി. സ്ത്രീധനം എന്ന സീരിയലിലെ വില്ലത്തി അമ്മായിഅമ്മയായ സേതുലക്ഷ്മിയെ അവതരിപ്പിച്ചത് ചിത്രയാണ്. 600ഓളം കന്നട,മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, തുളു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ചിത്ര. മമ്മൂട്ടിയുടെ രാജമാണിക്യത്തില്‍ നടന്റെ അമ്മയായി വേഷമിട്ടാണ് ചിത്ര മലയാള സിനിമയിലെത്തിയത്. തുടര്‍ന്ന്, ഡോണ്‍, അലിഭായ്, റോക്ക് ആന്‍ റോള്‍, കല്‍ക്കട്ട ന്യുസ്, കവി ഉദ്ദേശിച്ചത് തുടങ്ങി പല സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സ്ത്രീധനത്തിലെ സേതുലക്ഷ്മി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു. തുടര്‍ന്ന് ചില മലയാളം സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
സായ്കിരണ്‍
മലയാളത്തില്‍ നടിമാര്‍ മാത്രമല്ല നടന്‍മാരും എത്തി മലയാളി മനസുകള്‍ കീഴടക്കാറുണ്ട്. വാനമ്പാടിയിലെ നായകന്‍ മോഹന്‍കുമാര്‍ അത്തരത്തിലുള്ള ഒരു നടനാണ് തെലുങ്ക് സിനിമകളില്‍ സജീവ സാനിധ്യമായിരുന്ന സായ്കിരണ്‍ ഇപ്പോള്‍ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുകയാണ്. തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെയും സായ്കിരണ്‍ തന്നെയാണ് അവതരിപ്പിച്ചത്. ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായ്കിരണ്‍ എത്താന്‍ കാരണം. ഭക്ത സീരിയലുകളില്‍ കൃഷ്ണനും വിഷ്ണുവുമായി എല്ലാം സായ്കിരണ്‍ തിളങ്ങിയിട്ടുണ്ട്.