Latest News

വിക്രം സാര്‍ എന്നോട് ചോദിച്ചു, 'സുരാജ് കഥ എങ്ങനെയുണ്ട് ?'. അപ്പോള്‍ ഞാന്‍ സാര്‍ എനിക്ക് കഥയൊന്നും മനസ്സിലായില്ലെന്ന് മറുപടി പറഞ്ഞു; തമിഴ് അരങ്ങേറ്റത്തിലെ 'ട്വിസ്റ്റ്' വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട് 

Malayalilife
വിക്രം സാര്‍ എന്നോട് ചോദിച്ചു, 'സുരാജ് കഥ എങ്ങനെയുണ്ട് ?'. അപ്പോള്‍ ഞാന്‍ സാര്‍ എനിക്ക് കഥയൊന്നും മനസ്സിലായില്ലെന്ന് മറുപടി പറഞ്ഞു; തമിഴ് അരങ്ങേറ്റത്തിലെ 'ട്വിസ്റ്റ്' വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട് 

ചിയാന്‍ വിക്രം നായകനായെത്തിയ 'വീര ധീര സൂരന്‍ പാര്‍ട്ട് 2' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ തന്റെ വരവറിയിക്കാന്‍ മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടിന് കഴിഞ്ഞു. 'കണ്ണന്‍' എന്ന വില്ലന്‍ വേഷം തമിഴ് സിനിമാ ലോകത്ത് വലിയ കൈയ്യടിയാണ് ലഭിച്ചത്. എന്നാല്‍ ഈ ചിത്രത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ചും കഥ കേട്ടപ്പോഴുണ്ടായ രസകരമായ അനുഭവവും പങ്കുവെക്കുകയാണ് സുരാജ്. തമിഴ് ശരിക്കും മനസ്സിലാകാതെയാണ് താന്‍ കഥ കേട്ടിരുന്നതെന്ന് തമാശരൂപേണ സുരാജ് വെളിപ്പെടുത്തി. 

 പുതിയ ചിത്രം 'കര'യുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് സുരാജ് മനസ്സ് തുറന്നത്. സംവിധായകന്‍ എസ്.യു. അരുണ്‍കുമാര്‍ കഥ പറയാന്‍ വന്നപ്പോള്‍ ഉണ്ടായ കാര്യങ്ങള്‍ സുരാജ് വിവരിക്കുന്നത് ഇങ്ങനെ: 'തമിഴില്‍ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അരുണ്‍ കഥ പറഞ്ഞപ്പോള്‍ സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ ഈ സിനിമ കൈവിട്ടു പോകരുതല്ലോ എന്ന് കരുതി അദ്ദേഹം 'മനസ്സിലായോ' എന്ന് ചോദിക്കുമ്പോഴൊക്കെ ഞാന്‍ തലയാട്ടി. കഥ കേട്ട ശേഷം ഈ വേഷത്തിന് ഞാന്‍ അനുയോജ്യനാണോ എന്ന് മാത്രം തിരിച്ചു ചോദിച്ചു.' 

പിന്നീട് ഷൂട്ടിങ് സെറ്റിലെത്തിയപ്പോഴാണ് തമാശ നിറഞ്ഞ അടുത്ത രംഗം അരങ്ങേറുന്നത്. 'സെറ്റില്‍ വെച്ച് വിക്രം സാര്‍ എന്നോട് ചോദിച്ചു, സുരാജ് കഥ എങ്ങനെയുണ്ടെന്ന്. എനിക്കൊന്നും മനസ്സിലായില്ല സാര്‍, അത് ചോദിക്കാനാണ് ഞാന്‍ സാറുടെ അടുത്തേക്ക് വന്നതെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് മലയാളം അറിയാവുന്നത് കൊണ്ട് കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലായി. കഥ ഇഷ്ടപ്പെട്ടെന്ന് അരുണിനോട് പറഞ്ഞല്ലോ എന്ന് അദ്ദേഹം ചോദിച്ചപ്പോഴാണ് സിനിമ കിട്ടാന്‍ വേണ്ടി ഞാന്‍ വെറുതെ പറഞ്ഞതാണെന്ന് വെളിപ്പെടുത്തിയത്. അപ്പോഴാണ് സംവിധായകന്‍ അരുണ്‍ പോലും സത്യം അറിയുന്നത്,' സുരാജ് ചിരിയോടെ ഓര്‍ത്തെടുത്തു. 

 കഥ മനസ്സിലാകാതെയും ഇത്രയും ഗംഭീരമായി അഭിനയിച്ച സുരാജിനെ സംവിധായകന്‍ അഭിനന്ദിച്ചതായും താരം പറഞ്ഞു. കഥ പറയാന്‍ വേണ്ടി മാത്രം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വന്നവരോട് മനസ്സിലായില്ലെന്ന് പറയുന്നതിലെ സങ്കടം കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. വീര ധീര സൂരന് പിന്നാലെ യൂത്ത്, കര, ജയിലര്‍ 2 തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളുടെ ഭാഗമാണ് സുരാജ് ഇപ്പോള്‍.

Read more topics: # സുരാജ്
suraj venjaramoodu talks about veera

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES