പാചക വിഡിയോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ ലക്ഷ്മി നായര്‍, 2017-ല്‍ തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ച് മനസുതുറക്കുന്നു. ജാതി അധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന ആ കാലഘട്ടത്തെക്കുറിച്ചും അതിനുശേഷം നേരിട്ട സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
മനസാവാചാ അറിയാത്ത കാര്യങ്ങള്‍ ആരോപണങ്ങളായി വന്നപ്പോള്‍ താന്‍ ഏറെ വേദനിച്ചുവെന്ന് ലക്ഷ്മി നായര്‍ പറയുന്നു. ഭൂമി പിളര്‍ന്ന് താഴേക്ക് പോയാലോ എന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്.
'നമ്മുടെ കയ്യില്‍ സത്യമുണ്ടെങ്കില്‍ ആരെയും പേടിക്കേണ്ടതില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ആരുടെ മുന്നിലും മുട്ടുകുത്തേണ്ട ആവശ്യവുമില്ല. ഒരു സാധാരണക്കാരനാണെങ്കില്‍ ആ തകര്‍ച്ചയില്‍ നിന്ന് തിരിച്ചു വരില്ലായിരുന്നു അത്രത്തോളം ആള്‍ക്കാര്‍ ആ വിവാദങ്ങള്‍ ആഘോഷിച്ചു,' അവര്‍ വ്യക്തമാക്കി.
താന്‍ ഏറെ സ്‌നേഹിച്ചവരും സഹായിച്ചവരും പ്രതിസന്ധി ഘട്ടത്തില്‍ തിരിഞ്ഞു കൊത്തിയത് ഏറെ വേദനിപ്പിച്ചു. സ്‌നേഹിച്ചവര്‍ തിരിഞ്ഞു കൊത്തുന്നത് പിന്നില്‍ നിന്ന് കുത്തുന്നത് പോലെയാണെന്നും ലക്ഷ്മി നായര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഒരു സമയത്ത് ഏറ്റവും കൂടുതല്‍ വെറുപ്പ് (Hate) സമ്പാദിച്ച വ്യക്തി താനായിരുന്നുവെന്ന് അവര്‍ സ്വയം വിലയിരുത്തുന്നു.'ഞാന്‍ 20 ശതമാനം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ 200 ശതമാനം ചീത്തവിളിയാണ് എനിക്ക് കിട്ടിയത്. ഞാന്‍ ചെയ്ത നല്ല കാര്യങ്ങള്‍ ആരും കണ്ടില്ല. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് ഇപ്പോള്‍ കാര്യമാക്കുന്നില്ല, അതിന് നല്ല തൊലിക്കട്ടി വേണം,' ലക്ഷ്മി നായര്‍ പറഞ്ഞു.
തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഏത് തലത്തില്‍ വേണമെങ്കിലും ക്ഷമ ചോദിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ആത്മാഭിമാനം പണയപ്പെടുത്തി ആരുടെയും മുന്നില്‍ കീഴടങ്ങില്ലെന്നും താരം ഉറപ്പിച്ചു പറയുന്നു.
വിവാദങ്ങളെ അതിജീവിച്ച് കുക്കിങ് വ്‌ലോഗുകളിലൂടെ സജീവമായ ലക്ഷ്മി നായര്‍, തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പാഠങ്ങളായിരുന്നു ആ നാളുകളെന്ന് ഓര്‍മ്മിപ്പിക്കുന്നു. കുടുംബത്തെപ്പോലും ബാധിച്ച ആ വിവാദങ്ങളില്‍ നിന്ന് തന്റെ സത്യസന്ധതയും ആത്മധൈര്യവും കൊണ്ടാണ് താന്‍ കരകയറിയതെന്നും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി