കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മലയാളികളുടെ ഹൃദയം കവര്‍ന്ന ഒരുരംഗമുണ്ടായിരുന്നു.സീതാലക്ഷ്മി അമ്മാളെന്ന അമ്മാളു അമ്മ, മകനെപ്പോലെ കരുതുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെ തേടിയെത്തിയ വീഡിയോ ആണ് ഏവരുടെയും മനം കവര്‍ന്നത്.
ഇപ്പോഴിതാ, അമ്മാളു അമ്മയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി സീമ ജി. നായര്‍. അമ്മാളു അമ്മ നടന്‍ മമ്മൂട്ടിയെ കണ്ടതിന്റെ അനുഭവമാണ് സീമ പങ്കുവച്ചിരിക്കുന്നത്.
നമസ്‌കാരം.. ഇന്നലെ വിഡിഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിറഞ്ഞു നിന്നത് ഈ അമ്മാളു അമ്മയായിരുന്നു...കുറേ മാസങ്ങള്‍ക്കു മുന്നേ പറവൂരുള്ള രാധിക മുഖേന മമ്മൂക്കയെ കാണണമെന്നുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ വിവരം എന്നിലേക്കെത്തി...ഞാന്‍ രമേഷ് പിഷാരടിയെ അതറിയിച്ചു...പിഷാരടി മുഖേന അമ്മാളു അമ്മക്ക് മമ്മൂക്കയെ കാണാന്‍ സാധിച്ചു...സമ്മാനങ്ങളും നല്‍കിയാണ് മമ്മൂക്ക അമ്മാളു അമ്മയെ യാത്രയാക്കിയത് (അത് വെറുമൊരു താരാരാധന ആയിരുന്നില്ല... ഒരു തപസ്സു പോലെയായിരുന്നു ആ കാത്തിരിപ്പ്...അദ്ദേഹം അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളില്‍ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്).. ഇന്നലെ വീണ്ടും ടിവിയില്‍ അമ്മാളു അമ്മയെ കാണുമ്പോള്‍ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മൂക്കയുടെ ചിത്രവും ഉണ്ടായിരുന്നു...ആ ചടങ്ങു നടക്കുന്ന സ്ഥലത്തും,
ആ ചിത്രവുമായാണ് അവര് പോയത്, അത് കണ്ടപ്പോള്‍ അമ്മയുടെ ഒരു വലിയ സന്തോഷത്തിനു ഞാന്‍ ചെറിയ കാരണമായല്ലോ എന്നോര്‍ത്ത് അഭിമാനം തോന്നി. ഇതൊക്കെയാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങള്‍' എന്നാണ് സീമ കുറിച്ചത്. അമ്മാളു അമ്മയോടൊപ്പം മമ്മൂട്ടിയും സീമയും ഒന്നിച്ചുള്ള ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തു.