നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകള്‍ക്കുമെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച നടി മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബര്‍ ആക്രമണം. ഫേസ്ബുക്കിലൂടെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നടിക്കെതിരെ ഒരു വിഭാഗം ആളുകള്‍ രൂക്ഷമായ അധിക്ഷേപങ്ങളുമായി രംഗത്തെത്തിയത്.
'മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും ആശങ്കകള്‍ പങ്കുവെക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കുമാണ് എന്നും മുന്‍ഗണന ലഭിക്കേണ്ടത്. നമ്മുടെ മക്കള്‍ക്ക് ഭയമല്ല, പ്രതീക്ഷയാണ് നല്‍കേണ്ടത്,' എന്നായിരുന്നു മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്.
എന്നാല്‍ ഈ നിലപാടിന് പിന്നാലെ രാഷ്ട്രീയ വ്യക്തിവിരോധം തീര്‍ക്കുന്ന കമന്റുകളാല്‍ നടിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ നിറഞ്ഞു. കേരളത്തിലെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ പ്രതികരിക്കാതിരുന്നതും, വ്യക്തിപരമായ കാര്യങ്ങളും, സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വ്യാജ ആരോപണങ്ങളും ഉന്നയിച്ചാണ് പലരും നടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്നത് വിദ്യാര്‍ത്ഥി സമരമല്ലെന്നും അക്രമികളുടെ കൂട്ടായ്മയാണെന്നും വാദിച്ച് ചിലര്‍ കുറിപ്പുകളുമായി എത്തിയിട്ടുണ്ട്.
നേരത്തെ നീറ്റ് സമരത്തിന് പിന്തുണയറിയിച്ച നടന്‍ മോഹന്‍ലാലിന്റെ മകളും നടിയുമായ വിസ്മയ മോഹന്‍ലാലിന് നേരെയും സമാനമായ രീതിയില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു. വിസ്മയയുടെ നിലപാടിനെതിരെ സംവിധായകനും നടനുമായ മേജര്‍ രവിയും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ക്ക് നേരെയും ഒരു വിഭാഗം സൈബര്‍ ഇടങ്ങളില്‍ കടന്നാക്രമണം ശക്തമാക്കിയിരിക്കുന്നത്.