നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി യുടെ നേതൃത്വത്തില്‍ രാജ്യത്തെ യുവജനങ്ങള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്‌കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. മലയാള ചലച്ചിത്ര ലോകത്ത് നിന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.
യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്തെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ മമ്മൂട്ടി വ്യക്തമാക്കി. അവരുടെ ശബ്ദം കേള്‍ക്കാനും അവരെ സംരക്ഷിക്കാനും ശാക്തീകരിക്കാനും ഭരണകൂടം തയ്യാറാകണം. മാനുഷികതയ്ക്കാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ സ്ഥാനം നല്‍കേണ്ടത്.
നമ്മുടെ യുവതലമുറയ്ക്ക് സമാധാനപരമായി പ്രതിഷേധിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും അവകാശമുണ്ടെന്നും, പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കുമാണ് എന്നും മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനുഷികത. അതാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങള്‍ ചോദിക്കാനും, ആശങ്കകള്‍ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്.
ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുന്‍ഗണന ലഭിക്കണം. നമ്മുടെ മക്കള്‍ക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്നങ്ങള്‍ സംരക്ഷിക്കപ്പെടട്ടെ. എന്ന് മഞ്ജു വാരിയര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു അതേസമയം, പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് നടി ആലിയ ഭട്ടും രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആലിയ വിദ്യാര്‍ത്ഥികളുടെ ത്യാഗങ്ങളെയും നിശ്ചയദാര്‍ഢ്യത്തെയും പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്.
ഇവിടെ ഉറച്ചുനില്‍ക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും പിന്നില്‍ ഒരു സ്വപ്നവും കുടുംബത്തിന്റെ വലിയ പ്രതീക്ഷകളുമുണ്ടെന്ന് ആലിയ പറഞ്ഞു. ഭാവി തലമുറയ്ക്കായി മികച്ചൊരു പാത വെട്ടിത്തെളിക്കുന്ന ഇവരുടെ ധൈര്യത്തിന് മുന്നില്‍ തലകുനിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളുടെ ശബ്ദം അധികാരികള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവര്‍ കുറിച്ചു. നേരത്തെ നടന്‍ സല്‍മാന്‍ ഖാനും വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ സമരത്തെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്നും സല്‍മാന്‍ വ്യക്തമാക്കുകയുണ്ടായി. ഇവര്‍ക്ക് പുറമെ നടന്‍ രാജ്കുമാര്‍ റാവുവും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
നസീറുദ്ദീന്‍ ഷാ, രത്‌ന പതക് ഷാ, ഷബാന ആസ്മി, പ്രകാശ് രാജ്, ദുല്‍ഖര്‍ സല്‍മാന്‍, സൊനാക്ഷി സിന്‍ഹ, ഇമ്രാന്‍ ഖാന്‍, റിച്ച ഛദ്ദ, സ്വര ഭാസ്‌കര്‍, ഹുമ ഖുറേഷി, രേവതി, ടൊവിനോ തോമസ്, അനുരാഗ് കശ്യപ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ നിരയിലേക്കാണ് ഇപ്പോള്‍ മമ്മൂട്ടിയും ആലിയ ഭട്ടും ഉള്‍പ്പെടെയുള്ളവര്‍ കടന്നുവന്നിരിക്കുന്നത്. ഇവരുടെ പിന്തുണ കൂടിയായതോടെ ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ദേശീയതലത്തില്‍ വലിയ ശ്രദ്ധയും കരുത്തും നേടുകയാണ്.