ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ഏഴാമത്തെ ഓപ്പറേഷന്‍ കഴിഞ്ഞ നടി ശരണ്യ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഓപ്പറേഷനായി ശരണ്യയെ ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചതോടെ സോഷ്യല്‍ മീഡിയ മുഴുവന്‍ താരത്തിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു എന്നാലിപ്പോള്‍ ശരണ്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരം സിനി ലൈഫിനോട് വെളിപ്പെടുത്തിയിരിക്കയാണ് മാതാവ് ഗീത. അതേസമയം ശരണ്യയുടെ രോഗം കൃത്യമായി നിര്‍ണയിക്കാതെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി തന്റെ മകളുടെ തൈറോയിഡ് എടുത്തുകളഞ്ഞെന്നും ശരണ്യയുടെ ശസ്ത്രക്രിയ നടത്തിയത് സംബന്ധിച്ച് പല ഊഹാപോഹങ്ങളും എത്തുന്നതായും ഗീത വേദനയോടെ പറയുന്നു.
2012 മുതലാണ് ശരണ്യക്ക് ബ്രയിന്‍ ട്യൂമറുണ്ടെന്ന് സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചത്. എന്നാല്‍ ആദ്യം ചികിത്സിച്ച കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി രോഗം നിര്‍ണയിക്കാതെ ശരണ്യയെ ചികിത്സിച്ച് തൈറോയിഡ് ഓപ്പറേഷനു വരെ വിധേയമാക്കിയിരുന്നതായി മാതാവ് ഗീത സിനി ലൈഫിനോട് പറഞ്ഞു. ശ്രീചിത്രയില്‍ ചികിത്സയ്ക്കായി എത്തിയതോടെയാണ് ബ്രയിന്‍ ട്യൂമറാണെന്ന് സ്ഥിരികരിച്ചത്. ആദ്യം പരിശോധിച്ച കൊച്ചിയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയില്‍ ശരണ്യയുടെ തിരിച്ചുവരവിന് 35 % മാത്രം സാധ്യത കാണുന്നു എന്ന് വിലയിരുത്തിയപ്പോള്‍ മാതാവും മിനി സക്രീന്‍ ആര്‍ട്ടിസ്റ്റായ സീമാ ജി നായരും ചേര്‍ന്നാണ് ശ്രീചിത്രയില്‍ ശരണ്യയെ എത്തിച്ചത്.
ആശുപത്രി ചിലവിന്റെ നല്ലൊരു പങ്കും സീമ ജീ നായര്‍ തന്നാല്‍ കഴിയുന്ന രീതിയിലും നടത്തിയതായി മാതാവ് പ്രതികരിക്കുന്നു. ആദ്യ ഓപ്പറേഷന് ശേഷം ജീവിത്തത്തിലേക്കുള്ള സാധ്യതപോലും പ്രതിക്ഷിക്കാതിരുന്ന ശരണ്യയുടെ ജീവിതം തിരികേ കിട്ടിയത് ശ്രീചിത്രയിലെത്തിയതിന് ശേഷമാണ്. എച്ച് ഒ ഡി മാത്യു എബ്രഹാമാണ് ശരണ്യയുടെ ദൈവമെന്നും ഏഴു സര്‍ജറികള്‍ ചെയ്തിട്ടും ശരണ്യ ഇപ്പോഴും ജീവിനോടെ ഇരിക്കുന്നത് മാത്യു എബ്രഹാം കാരണമെന്നും ഗീത പറഞ്ഞു.
അതേസമയം അദ്ദേഹം ജൂനിയേര്‍സിനെ കൊണ്ട് ഓപ്പറേഷന്‍ ചെയ്യിക്കുന്നു എന്ന ആരോപണം പലരും ഉന്നയിക്കുന്നുണ്ടെന്നും എന്നാല്‍ സത്യം അതല്ലെന്നും അദ്ദേഹം മുന്‍കൈയെടുത്തും ശരണ്യയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയുമാണ് ഓരോ ഓപ്പറേഷന്‍ ചെയ്യുന്നതെന്നും അമ്മ വ്യക്തമാക്കി. ഇപ്പോള്‍ എത്തുന്ന അസത്യമായ ആരോപണത്തില്‍ അദ്ദേഹം ഏറെ വേദനിക്കുന്നുവെന്നും അമ്മ പറഞ്ഞു.
നടി സീമ ജീ നായരാണ് തനിക്കും മകള്‍ക്കുമൊപ്പം യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ആദ്യം മുതല്‍ ഇപ്പോള്‍ വരെ നിലകൊള്ളുന്നതെന്നും അമ്മ വെളിപ്പെടുത്തുന്നു. തീര്‍ത്താല്‍ തീരാത്ത അത്ര നന്ദിയും സീമയോടുണ്ടെന്നും ഗീത കൂട്ടിച്ചേര്‍ത്തു. മകള്‍ക്കൊപ്പം സീമയും താനും മാത്രമാണുള്ളത്. ശരണ്യയുടെ ഒരു സഹോദരി പ്രസവശേഷം വിശ്രമത്തിലാണെന്നും ഇളയ സഹോദരന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് വീട്ടു വാടകയും ചികിത്സയും നടത്താന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും ഗീത വ്യക്തമാക്കി.
അതേസമയം ശ്രീചിത്രയിലെ ചികിത്സയ്ക്കും നല്ലൊരു തുക ആവശ്യമാണ്. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ഈ മാതാവ് വേദനയോടെ പറയുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. എങ്ങനെയും മകളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള പ്രാര്‍ഥനയിലാണ് ഗീത ഇപ്പോള്‍. ഇന്നലെ ഉച്ചയോടെ ഡിസ്ചാര്‍ജ് ആയ ശരണ്യ ഇപ്പോള്‍ ശ്രീകാര്യത്തെ വീട്ടിലാണുള്ളത്. ശരീരത്തിന്റെ ഒരുവശം പൂര്‍ണരീതിയില്‍ തളര്‍ന്നതിനാല്‍ ഇനി വരും ദിവസങ്ങളില്‍ ഫിസിയോതെറാപ്പിക്ക് വിധേയമാക്കുമെന്നും മാതാവ് അറിയിക്കുന്നു.