ഏറെ മാധ്യമശ്രദ്ധ നേടിയ വാര്‍ത്തയായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരണമടഞ്ഞ സംഭവം. മികച്ച ഐഎഎസ് ഉദ്യോഗസ്ഥനായി പേരെടുത്ത ശ്രീറാം മദ്യപിച്ച് കാറോടിച്ച് ഒരാളെ ഇടിച്ചു കൊന്നെന്ന വാര്‍ത്ത മലയാളികള്‍ക്ക് അവിശ്വസിനീയമായിരുന്നു. ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബിഗ്‌ബോസ് വിജയിയും നടനുമായ സാബുമോന്‍ അബ്ദുസമദ്.
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സാബുമോന്‍ ശ്രീറാം വെങ്കട്ടരാമന്‍ വിഷയത്തില്‍ പ്രതികരണം നടത്തിയത്. ആര്‍ക്കും സംഭവിക്കാവുന്ന ഒരു അപകടമാണ് അത്, പക്ഷെ ഒരു സാധാരണക്കാരനേക്കാള്‍ സാമൂഹ്യ ഉത്തരവാദിത്വം കൂടുതലാണ് അദ്ദേഹത്തിന്. തീര്‍ച്ചയായും അദ്ദേഹം തന്റെ സ്ഥാനത്തെ ബഹുമാനിച്ചേ മതിയാവൂ. ഒരു സെലിബ്രിറ്റിയാല്‍ ആണ് ഇത് സംഭവിച്ചതെങ്കില്‍ അദ്ദേഹത്തെ ആളുകള്‍ കുറ്റപ്പെടുത്തുകയും കരിയര്‍ അവതാളത്തിലാവുകയും ചെയ്യും. കാറിനകത്ത് ഒരു സ്ത്രീയുണ്ടായതോ അവര്‍ തമ്മിലുള്ള ബന്ധമോ എന്റെ വിഷയമല്ല. എനിക്കും ഒരുപാട് പെണ്‍സുഹൃത്തുക്കളുണ്ട്. അവരും എന്നെ അര്‍ദ്ധരാത്രി പിക് ചെയ്യാന്‍ വരാറുണ്ട്. അത് കൊണ്ട് അത് തികച്ചും സ്വകാര്യമാണ്. ഞാന്‍ ആ അപകടത്തെ കുറിച്ച് കേട്ട സമയത്ത് ആകെ ഞെട്ടിപ്പോയി. കാരണം ശ്രീറാം ഒരു മാതൃകപുരുഷനാണ്, ഒരുപാട് പേര്‍ക്ക് പ്രചോദനം നല്‍കുന്ന വ്യക്തിയാണ്. അതും എന്നെ പെട്ടെന്ന് ഞെട്ടിച്ചു.
ആ അപകടത്തിന് ശേഷം മദ്യം ഉപയോഗിച്ച ശേഷം എനിക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ പോലും ഞാന്‍ എന്റെ കാര്‍ ഓടിക്കാറില്ല. ഞാന്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഞാനൊരു ഡ്രൈവറെ നിയോഗിക്കും. ഞാന്‍ കരുതുന്നത് ആ സംഭവത്തിന് ശേഷം ഒരുപാട് പേര്‍ മദ്യപിച്ചതിന് ശേഷം വാഹനമോടിക്കല്‍ നിര്‍ത്തിയെന്നാണ്. കാരണം അവര്‍ക്ക് മനസ്സിലായിട്ടുണ്ട് അതിന്റെ പ്രത്യാഘാതങ്ങള്‍. അതിന്റയൊക്കെ മുകളിലായി ആ കുറ്റം ജീവിതകാലം മുഴുവന്‍ നമ്മെ വേദനിപ്പിക്കും. എന്തെങ്കിലും തെറ്റ് ചെയ്തു കഴിഞ്ഞാല്‍ അത് നമ്മളെ വേദനിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യും എല്ലാ കാലത്തും സാബുമോന്‍ പറഞ്ഞു.
വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്കിഷ്ടമാണെന്നും അതിലൊരു കഥാപാത്രം ദ മെഷിനിസ്റ്റില്‍ ക്രിസ്ത്യന്‍ ബെയ്ല്‍ ചെയ്ത കഥാപാത്രത്തെ പോലെയുള്ളതാണെന്ന് സാബുമോന്‍ പറഞ്ഞു. വ്യത്യസ്ത ശരീര ഭാഷകളിലൂടെ കടന്നുപോവുന്ന കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞു. ജല്ലിക്കെട്ട്, ധമാക്ക, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളാണ് സാബുവിന്റെ പുതിയ ചിത്രങ്ങള്‍. ജയസൂര്യ നായകനായെത്തുന്ന തൃശ്ശൂര്‍ പൂരത്തില്‍ വില്ലനായാണ് സാബുവെത്തുന്നത്.