നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി എന്നതില്‍ അപ്പുറം അഭിനയിലോകത്ത് സ്വന്തമായ ഒരു ഇടം കണ്ടെത്തിയ താരമാണ് പ്രിയ മോഹന്‍. മുംബൈ പോലീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിഹാല്‍ പിള്ളയാണ് പ്രിയയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പേശികള്‍ക്കും സന്ധികള്‍ക്കും അസഹ്യമായ വേദന നല്‍കുന്ന 'ഫൈബ്രോമയാള്‍ജിയ' എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പ്രിയമോഹന്‍ വെളിപ്പെടുത്തിയിരുന്നു. 2023-ല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെങ്കിലും അടുത്തിടെയാണ് പ്രിയയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ തന്റെ രോഗാവസ്ഥ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പ്രിയ പങ്കുവെച്ച കുറിപ്പ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്്.
തന്നെ നിരന്തരം ചോദ്യം ചെയ്യുന്നവര്‍ക്കായി താരം കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്:
'എന്റെ വിശേഷങ്ങള്‍ തിരക്കുന്നവര്‍ക്കും, മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ധാരാളം സമയം കണ്ടെത്തുന്നവര്‍ക്കും വേണ്ടിയാണ് ഇത്. അതെ, എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീര്‍ത്തതുപോലെയാണ്. ഭൂരിഭാഗം സമയത്തും ഞാന്‍ തളര്‍ന്നുപോയതുപോലെ തോന്നിക്കുന്നുണ്ടാകാം. ഫൈബ്രോമയാള്‍ജിയയുടെ ചികിത്സയ്ക്കായി ഞാന്‍ കഴിക്കുന്ന സ്റ്റിറോയിഡ് മരുന്നുകളുടെ പാര്‍ശ്വഫലങ്ങളാണിവ.
നിലവില്‍, ബാഹ്യസൗന്ദര്യത്തേക്കാള്‍ എന്റെ ആരോഗ്യത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ആ തീരുമാനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. സൗന്ദര്യത്തിന് കാത്തിരിക്കാം, പക്ഷേ രോഗശാന്തിക്ക് കഴിയില്ല. സമാധാനപ്പെടൂ. മറ്റൊരാളുടെ ജീവിതയാത്രയെ വിധിക്കുന്നതിനേക്കാള്‍ എത്രയോ വലിയ കാര്യങ്ങള്‍ ഈ ജീവിതത്തിലുണ്ട്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക,' എന്നാണ് പ്രിയ കുറിച്ചത്.
ചലനശേഷിയില്‍ കുറവ് സംഭവിക്കുകയും ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാതെ വരികയും ചെയ്യുന്ന അവസ്ഥയാണിത്. ഉറക്കമില്ലായ്മ ക്ഷീണം വേദന ഡിപ്രഷന്‍ തുടങ്ങിയ അവസ്ഥകളെല്ലാം ഈ രോഗത്തോട് അനുബന്ധിച്ച് ഉണ്ടായെന്നും പ്രിയ പറഞ്ഞിരുന്നു