ആക്ഷന്‍ ഹീറോ ബിജു 2' ന്റെ നിര്‍മ്മാണം നിലച്ചതിന് പിന്നില്‍ സാങ്കേതിക പ്രശ്‌നങ്ങളാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ എബ്രിഡ് ഷൈന്‍. ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചിത്രം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും, താന്‍ ഏറെ ആഗ്രഹിക്കുന്ന ഈ ചിത്രം ഭാവിയില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും എബ്രിഡ് ഷൈന്‍ അറിയിച്ചു.
'ഞങ്ങള്‍ 'ആക്ഷന്‍ ഹീറോ ബിജു 2' തുടങ്ങിയതാണ്. പക്ഷേ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ആ സിനിമയ്ക്ക് സംഭവിച്ചു. ആ ചിത്രം ഇപ്പോള്‍ മുന്നോട്ട് പോകുന്നില്ല. ഞാന്‍ ഒരുപാട് ആഗ്രഹിച്ച സിനിമയാണത്. എപ്പോഴെങ്കിലും ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എബ്രിഡ് ഷൈന്‍ പറഞ്ഞു. നിവിന്‍ പോളിയും പി എസ് ഷംനാസും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ നിശ്ചയിച്ചിരുന്നത്. 2016 ഫെബ്രുവരി നാലിന് തിയറ്ററുകളിലെത്തിയ 'ആക്ഷന്‍ ഹീറോ ബിജു' ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനായി നിവിന്‍ പോളി എത്തിയ ഈ ചിത്രം, ഒരു പോലീസ് സ്റ്റേഷനിലെ സാധാരണവും അസാധാരണവുമായ സംഭവങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടി. ചിത്രത്തിന്റെ വലിയ വിജയത്തെത്തുടര്‍ന്നാണ് രണ്ടാം ഭാഗവും പ്രഖ്യാപിച്ചത്.അതേസമയം, നിവിന്‍ പോളിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 'സര്‍വ്വം മായ'യാണ്. ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചതിന് ശേഷവും ഈ ചിത്രം തിയറ്ററുകളില്‍ നിന്ന് 150 കോടി രൂപ നേടിയിട്ടുണ്ട്.