ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരകളിലൊന്നാണ് മൗനരാഗം. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ അധികമായി മലയാളികളുടെ സ്വീകരണ മുറിയിലേക്ക് മുടങ്ങാതെ എത്തുന്ന ഈ പരമ്പരയുടെ ആരാധകര്‍ ഒരു വലിയ കാത്തിരിപ്പിലായിരുന്നു. നായികയായ കല്യാണിയ്ക്ക് ശബ്ദം കിട്ടുന്നതും ആ ശബ്ദം ഒന്നു കേള്‍ക്കാനും. കഴിഞ്ഞ 991 എപ്പിസോഡുകളില്‍ ഒരു വാക്കു പോലും ഉരിയാടാതെ, ഒരു മൂളല്‍ പോലുമില്ലാതെ ആംഗ്യങ്ങളിലൂടെ മാത്രം ആരാധക മനസുകളില്‍ കൂടുകൂട്ടിയ കല്യാണിയ്ക്ക് 992-ാം എപ്പിസോഡിലാണ് ശബ്ദം കിട്ടിയത്. അതിന്റെ സംപ്രേക്ഷണം കഴിഞ്ഞപ്പോള്‍ മുതല്‍ ആ മനോഹരമായ ശബ്ദത്തിന് ഉടമ ആരാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കല്യാണിയായി അഭിനയിക്കുന്ന ഐശ്വര്യ റംസായിയുടെ യഥാര്‍ത്ഥ ശബ്ദം തന്നെയാണ് ഇതെന്നാണ് ഭൂരിഭാഗവും കരുതിയിരിക്കുന്നത്.
എന്നാല്‍ സത്യം അതല്ല. ആര്‍ ജെ നീനു അഥവാ നീനു ബാബു എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ് കല്യാണിയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു കല്യാണി ആദ്യമായി സംസാരിക്കുന്ന ദൃശ്യങ്ങളും ഹൃദയ സ്പര്‍ശിയായ ആ എപ്പിസോഡും. ആരാധക പ്രശംസ നേടിക്കൊണ്ടിരിക്കുന്നതിനിടെ നീനു കുറിച്ചത് ഇങ്ങനെയാണ്: കല്യാണി മിണ്ടാന്‍ കൊത്തി എല്ലാ അമ്മമാരോടും, മൗനരാഗം എന്നും മുടങ്ങാതെ കാണുന്ന എല്ലാ പ്രേക്ഷകരോടും.. 991 എപ്പിസോഡുകള്‍ഡ മിണ്ടാതിരുന്ന ഈ മിണ്ടാപ്പെണ്ണ് 992 എന്ന എപ്പിസോഡിലൂടെ മലയാളികളോട് മിണ്ടിയത് എന്റെ ശബ്ദത്തിലൂടെയാണ്. അങ്ങനെ ഒരു ഭാഗ്യം എനിക്കു തന്ന ഈശ്വരനും എന്റെ ഗുരുക്കന്മാര്‍ക്കും മൗനരാഗം വിടാതെ കാണുന്ന എന്റെ സ്വന്തം ബാബു അച്ഛനും ഉഷാമ്മയ്ക്കും പിന്നെ എന്റെ ഗോപുവേട്ടനോടും പ്രൊഡ്യൂസര്‍ രമേശ് ബാബു സാറിനോടും ഹാരിസണ്‍ സാറിനോടും വിടിവിയിലെ അരുണ്‍, വിനീത്, രജീഷേട്ടന്‍, നന്ദു, സുജിത്ത്.. എല്ലാവരോടും സ്നേഹത്തോടെ നന്ദി.. പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം എന്നാണ് നീനു പങ്കുവച്ചത്.
മൗനരാഗത്തില്‍ മാത്രമല്ല, സീ കേരളത്തിലെ കുടുംബശ്രീ ശാരദ എന്ന പരമ്പരയിലെ നടി ഹരിതാ നായര്‍ അവതരിപ്പിക്കുന്ന സുസ്മിത എന്ന കഥാപാത്രത്തിനും ശബ്ദം നല്‍കുന്നത് നീനു ആണ്. അതും ഒരിക്കല്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
അതേസമയം സംഭവ ബഹുലമായ എപ്പിസോഡുകളിലൂടെ മൗനരാഗം അതിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. സീരിയലില്‍ മാത്രമല്ല, ഇത്രയും കാലം കല്യാണി ഓഫ് സ്‌ക്രീനിലും സംസാരിച്ചിരുന്നില്ല. അതിനാല്‍ കല്യാണി ശരിക്കും ഊമയാണോ എന്നുള്ള സംശയങ്ങള്‍ ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ ക്യാരക്ടറിന്റെ നിലനില്‍പ്പിന് വേണ്ടി താരം ജീവിതത്തിലും മൗനം പാലിക്കുകയായിരുന്നുവെന്നതാണ് വസ്തുത. മൗനരാഗത്തിനായി ഐശ്വര്യ ആംഗ്യഭാഷയും പഠിച്ചിരുന്നു. കൂടാതെ അഭിമുഖങ്ങളിലും താരം ആംഗ്യഭാഷയില്‍ സംസാരിക്കാറുണ്ട്. കല്യാണി സംസാരിച്ച് തുടങ്ങുമ്പോള്‍ താനും സംസാരിച്ചു തുടങ്ങുമെന്നാണ് ഐശ്വര്യ മുമ്പൊരിക്കല്‍ പറഞ്ഞത്. അതിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകരും.
ഇപ്പോള്‍ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. കല്യാണി സംസാരിച്ചു തുടങ്ങുന്ന എപ്പിസോഡുകള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ഇന്ന് മലയാളികളുടെ വീട്ടിലെ ഒരംഗമാണ് ഐശ്വര്യ റംസായി. ഊമയായ കല്യാണിയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ഐശ്വര്യ. നായകന്‍ കിരണായി എത്തുന്ന നലീഫും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ പ്രശംസ നേടാറുണ്ട്.