ഇന്നലെ പുലര്‍ച്ചെ മലയാളികള്‍ മുഴുവന്‍ ഉറക്കമുണര്‍ന്നത് ദാരുണമായ ഒരു വാഹനാപകടത്തിന്റെ വാര്‍ത്ത അറിഞ്ഞുകൊണ്ടാണ്. പത്തനംതിട്ട കോന്നി മുറിഞ്ഞ കല്ലില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവദമ്പതികളായ നിഖിലും അനുവും അവരുടെ അച്ഛന്‍മാരും അടക്കം നാലു പേരാണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. മലേഷ്യയിലെ ഹണിമൂണ്‍ ആഘോഷം കഴിഞ്ഞു തിരിച്ചു വരികയായിരുന്ന നിഖിലിനേയും അനുവിനേയും എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവരാന്‍ പോയതായിരുന്നു അവരുടെ അച്ഛന്‍മാരായ മത്തായിയും ബിജുവും. വീട്ടിലേക്കെത്താന്‍ വെറും ഏഴു കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കെ ബിജു ഉറങ്ങിപ്പോയപ്പോള്‍ വഴിവക്കില്‍ പൊലിഞ്ഞത് എട്ടുവര്‍ഷത്തെ പ്രണയ സാക്ഷാത്കാരവുമായി ജീവിതത്തിലേക്ക് വലതുകാല്‍ വച്ചു കയറിയ അനുവും നിഖിലുമായിരുന്നു. ഇപ്പോഴിതാ, അനുവിന്റെ വേര്‍പാടില്‍ തകര്‍ന്ന് ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീരിയല്‍ നടി സയനാ കൃഷ്ണ.
നടിയുടെ കുറിപ്പ് ഇങ്ങനെയാണ്: ചേച്ചീമുത്തേന്നുള്ള വിളി ഇനി കേള്‍ക്കാനാകില്ലല്ലോ മോളേ... ഇന്ന് നിനക്കുള്ള പിറന്നാള്‍ ആശംസകള്‍ ഞങ്ങള്‍ എങ്ങനെ നല്‍കണം ?? എട്ട് വര്‍ഷം കാത്തിരുന്ന് സ്വന്തമാക്കിയ പ്രണയവുമായി നീ യാത്രയായപ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടമായത് കളങ്കമില്ലാത്ത നിന്റെ സൗഹൃദമാണ് അനുകുട്ടാ ???????? വളരെ കുറച്ച് ദിവസങ്ങള്‍ക്കൊണ്ട് നീ ഞങ്ങള്‍ക്ക് സമ്മാനിച്ചത് എന്നും ഓര്‍മ്മിപ്പിക്കപ്പെടുന്ന സുന്ദരമായ നിമിഷങ്ങളാണ് . ..ശപിക്കപ്പെട്ട ഈ പകല്‍ സമ്മാനിച്ചത് തീരാ ദുഃഖവും ??... നിന്റെ കരുതലും, സ്നേഹവും എന്നും എന്റെ ഹൃദയത്തില്‍ ജീവിക്കും നീ തന്നുപോയ സ്നേഹത്തിന് നന്ദി ?? ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് അത്യന്തം വേദനയില്‍ നടി കുറിച്ചത്.
മലയാള സീരിയല്‍ രംഗത്ത് സജീവമായ നടിയാണ് സയനാ കൃഷ്ണ. കളഭമഴ അടക്കമുള്ള സീരിയലുകളില്‍ അഭിനയിച്ച നടി മിനിസ്‌ക്രീനില്‍ നിറസാന്നിധ്യമാണ്. അനുവിന്റെയും നിഖിലിന്റെയും വിവാഹം കുടുംബാംഗങ്ങള്‍ ആഘോഷമാക്കിയിരിക്കവേയാണ് അപ്രതീക്ഷിത വേര്‍പാടും എത്തിയത്. കുട്ടിക്കാലം മുതല്‍ക്കെ പരസ്പരം അറിയാവുന്നവരായിരുന്നു അനുവും നിഖിലും. ഇരുവരുടേുയം വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്ററില്‍ താഴെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരേ ഇടവകക്കാരുമായിരുന്നു. പള്ളിമുറ്റത്തും റോഡിലും മൊട്ടിട്ട പ്രണയം എട്ടു വര്‍ഷത്തോളമാണ് നിഖിലും അനുവും മുന്നോട്ടു കൊണ്ടുപോയത്. അതിനിടെയാണ് ആ പ്രണയസാക്ഷാത്കാരത്തിലേക്കുള്ള ആദ്യ ചുവടായി നിഖില്‍ കാനഡയിലേക്ക് പോയതും പിന്നാലെ വിവാഹം തീരുമാനിച്ചതും.
പെണ്ണുകാണലും വിവാഹവും എല്ലാം പെട്ടെന്നായിരുന്നു. ഇരുവരുടേയും പ്രണയം വീട്ടുകാരും അറിഞ്ഞപ്പോള്‍ നടത്തികൊടുക്കാം എന്ന തീരുമാനത്തിലേക്കാണ് പ്രിയപ്പെട്ടവരും എത്തിയത്. അങ്ങനെയാണ് കൈനിറയെ പൂക്കളുമായി പ്രിയപ്പെട്ടവര്‍ക്കൊപ്പം നിഖില്‍ അനുവിനെ പെണ്ണുകാണാനെത്തിയത്. സ്വീകരണമുറിയിലിരിക്കെ അച്ഛന്‍ ബിജുവാണ് അനുവിനെ ഹാളിലേക്ക് കൊണ്ടുവന്നത്. പിങ്ക് ചുരിദാറിട്ട് സുന്ദരിയായി എത്തിയ അനുവിന് നിഖില്‍ ബൊക്കെ നല്‍കുന്നതും തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള പെണ്ണുകാണല്‍ ചിത്രവുമെല്ലാം നിറസന്തോഷത്തോടെയാണ് വീട്ടുകാര്‍ പകര്‍ത്തിയതും ആഘോഷമാക്കിയതും എല്ലാം. അധികം വൈകാതെ ഇരുവരുടേയും വിവാഹവും നടന്നു. തുടര്‍ന്ന് നിഖിലിന്റെ വീട്ടിലേക്ക് എത്തിയ അനുവിനെ ബൈബിള്‍ നല്‍കി അമ്മ സ്വീകരിക്കുന്ന ദൃശ്യങ്ങളെല്ലാം വേദനയോടെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക.
നവംബര്‍ മുപ്പതിനായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നവദമ്പതികള്‍ ജീവിതത്തിലെ തങ്ങളുടെ ഏറ്റവും സുന്ദര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ മലേഷ്യയിലേക്ക് വിമാനം കയറി. പ്രണയ കാലത്തു തന്നെ സ്വപ്നം കണ്ടതായിരുന്നു ഈ ഹണിമൂണ്‍ യാത്ര. ഡെസ്റ്റിനേഷന്‍ ബുക്ക് ചെയ്ത് കാത്തിരുന്നതും ഈ നിമിഷങ്ങള്‍ക്കായിരുന്നു. തിരിച്ചെത്തിയതിനുശേഷം മതി നാട്ടിലെ വിരുന്നുകളെന്നായിരുന്നു ഇവരുടെ തീരുമാനം. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ കൊച്ചിയില്‍ വിമാനമിറങ്ങി ഞായറാഴ്ച രാവിലെ കുമ്പഴയിലെ ഒരു ബന്ധുവീട്ടില്‍ വിരുന്നിന് പോകാനിരിക്കെയാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്.
മാത്രമല്ല, ഇന്ന് അനുവിന്റെ ജന്മദിനം കൂടിയായിരുന്നു. ഇത് ആഘോഷമാക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. വീട്ടിലടക്കം ഒരുക്കങ്ങള്‍ ക്രമീകരിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ദുരന്തം തേടിയെത്തിയത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ബസുമായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചായിരുന്ന അപകടം. പുലര്‍ച്ച നാലേ കാലോടെയാണ് നാടിനെ നടുക്കിയ അപകടം.