Latest News

മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കന്നഡ ബിഗ് ബോസിന്റെ സെറ്റിന് പൂട്ടിട്ട് സര്‍ക്കാര്‍

Malayalilife
 മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കന്നഡ ബിഗ് ബോസിന്റെ സെറ്റിന് പൂട്ടിട്ട് സര്‍ക്കാര്‍

റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ കന്നഡ പതിപ്പ് ചിത്രീകരിക്കുന്ന ജോളിവുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്സ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ്. നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും ഉള്‍പ്പെടെയാണ് നടപടി. ബിഗ് ബോസ് മത്സരാര്‍ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് ഇന്നലെ പുറപ്പെടുവിച്ച നോട്ടിസിലാണ് ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ എത്രയും വേഗം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. പരിസ്ഥിതിമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കന്നഡ ബിഗ് ബോസിന്റെ 12-ാം സീസണ്‍ ആണിത്. കന്നഡ താരം കിച്ച സുദീപ് ആണ് കന്നഡ ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത്.

ഷോ നിര്‍ത്തിവെച്ചതോടെ സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 700-ല്‍ അധികം ആളുകളാണ് ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറുമാസമായി ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റുകളിലായി തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഞ്ച് കോടിയിലേറെ ചെലവഴിച്ചാണ് ഈ ബിഗ് ബോസിന്റെ സെറ്റ് നിര്‍മിച്ചത്. 

നിയമലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടും അണിയറപ്രവര്‍ത്തകര്‍ ഷോ തുടര്‍ന്നെന്നും ആരും നിയമത്തിന് അതീതരല്ലെന്നും വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ബെംഗളൂരുവില്‍ പറഞ്ഞു. അതേസമയം, ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ സ്റ്റുഡിയോക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.
 

Read more topics: # ബിഗ് ബോസ്
kannada big boss house sealed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES