മലയാളി പ്രേക്ഷകരെ വ്യത്യസ്ഥമായ അനുഭവത്തിലേക്ക് കൊണ്ടു പോകുന്നതിനൊപ്പം വിവാദ ശരങ്ങളും ഏറ്റുവാങ്ങിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഓരോ എപ്പിസോഡ് അവസാനിക്കുമ്പോഴോ അതിന് മുൻപോ മത്സരാർഥികളുടെ പ്രകടനം സമൂഹമാധ്യമത്തിൽ വൻ ചർച്ചയാകാറുമുണ്ട്. എന്നാൽ ഏതാനും ദിവസങ്ങളായി ചർച്ച നടക്കുന്നത് വരാനിരിക്കുന്ന ഒരു പ്രത്യേക എപ്പിസോഡിനെ കുറിച്ചാണ്. ഉലകനായകൻ കമൽഹാസൻ ബിഗ് ബോസ് വേദിയിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. എന്നാൽ വരാനിരിക്കുന്ന എപ്പിസോഡിൽ അതിഥിയായിട്ടാണോ അതോ അവതാരകനായാണോ കമൽഹാസൻ എത്തുന്നതെന്ന സംശയമാണ് ഇപ്പോൾ പ്രേക്ഷകരുടെ മനസിൽ നിറയുന്നത്.
ഉലകനായകൻ ബിഗ് ബോസിൽ എത്തുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. ഇതിന് പിന്നാലെ കമൽഹാസനുമൊത്തുള്ള ചിത്രങ്ങൾ പുറത്ത് വന്നതോടെ അഭ്യൂഹത്തിന് വിരാമമായി.ഷോ ആരംഭിച്ച ശേഷം ആദ്യമാണ് ഒരു സെലിബ്രിറ്റി അതിഥിയായി എത്തുന്നത്. മത്സരാർഥികൾക്ക് ടാസ്‌ക്കുകൾ കൊടുത്ത് ഷോ മുന്നേറുന്ന സമയത്താണ് അപ്രതീക്ഷിതമായി കമൽ രംഗപ്രവേശനം നടത്തിയതെന്നാണ് സൂചന. കമൽ ഓരോ മത്സരാർഥിയുമായും സംവദിക്കുകയും ചെയ്തിരുന്നു. ' ബിഗ് ബോസ് അവതാരകനായ നിങ്ങളുടെ സൂപ്പർ സ്റ്റാറിനെ കാണാനില്ല. പകരം ഞാൻ അവതാരകനാവട്ടെ, നമുക്ക് പരിപാടി തുടങ്ങിയാലോ എന്ന് ചോദിച്ചാണ് കമൽഹാസൻ രംഗപ്രവേശനം നടത്തിയത്.