കഴിഞ്ഞ ദിവസമാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മാംഗല്യം തന്തുനാനേന എന്ന സീരിയലിലെ നായികാ പദവിയില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് സീരിയല്‍ നടി ഗോപിക വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലുള്ള ഭര്‍ത്താവിനരികിലേക്ക് പോകുവാന്‍ താന്‍ അഭിനയം തന്നെ ഉപേക്ഷിക്കുകയാണെന്നാണ് നടി പറഞ്ഞത്. പിന്നാലെ പ്രേക്ഷകര്‍ മുഴുവന്‍ നടിയെ തിരിച്ചു കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ പുതിയ നിധി ആരായിരിക്കും എന്ന ആകാംക്ഷയും ആരാധകര്‍ പങ്കുവെച്ചിരുന്നു. പരമ്പരയില്‍ നിധിയെ കാണ്മാനില്ല എന്ന തരത്തില്‍ കുറച്ചു ദിവസങ്ങളായി കഥ മുന്നോട്ടു പോകുമ്പോള്‍ ഇപ്പോഴിതാ, പുതിയ നിധി ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചാനല്‍ അധികൃതര്‍ തന്നെ. ഇതിന്റെ പ്രമോ വീഡിയോ പരമ്പരയിലെ നായകനും പങ്കുവച്ചിട്ടുണ്ട്.
നേരത്തെ സൂര്യാടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തിപ്രാവ് എന്ന സീരിയലിലൂടെ ശ്രീലക്ഷ്മി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയയായ നടി ജൂലി ഹെന്‍ഡ്രിയാണ് പുതിയ നിധിയായി എത്തുന്നത്. അനിയത്തിപ്രാവിലൂടെ മാത്രമല്ല, മറ്റനേകം സീരിയലുകളിലും ജൂലി അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ സ്നേഹക്കൂട്ട് സീരിയലിലെ റിത്വികയായും നിന്നിഷ്ടം എന്നിഷ്ടം സീരിയലിലെ നായികയായി അഞ്ജലിയായും എല്ലാം ജൂലി എത്തിയിട്ടുണ്ട്. നിന്നിഷ്ടം എന്നിഷ്ടത്തില്‍ നിന്നും നായിക പിന്മാറിയപ്പോഴാണ് അതിലേക്ക് നായികയായി ജൂലി എത്തിയത്. ഇപ്പോഴിതാ, മാംഗല്യം തന്തുനാനേനയിലേക്കും ജൂലി എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതികരിക്കുന്നത് സമ്മിശ്രമായാണ്. ജൂലിയുടെ വരവിന് നിരവധി പേര്‍ കയ്യടിക്കുമ്പോള്‍ ഗോപിക തന്നെ മതി.. ഗോപിക ചേച്ചിയെ കൊണ്ടു വരൂ എന്ന് അഭ്യര്‍ത്ഥിക്കുന്നവും ഉണ്ട്. അതേസമയം, ജൂലിയെ പരിചയപ്പെടുത്തികൊണ്ട് പരമ്പരയിലെ നായകനായ ജിഷ്ണു മേനോന്‍ കുറിച്ചത് ഇങ്ങനെയാണ്.
എന്റെ നിധിയെ മിസ് ചെയ്യുന്നു.. ഗോപികയും മാംഗല്യം തന്തുനാനേന ഫാമിലിയും എനിക്കെപ്പോഴും പ്രിയപ്പെട്ടതാണ്. നീ എന്താണോ ആഗ്രഹിച്ചത് അതിനു നിനക്ക് ആശംസകള്‍ നേരുന്നു. അതോടൊപ്പം ജൂലിയെ സ്വാഗതം ചെയ്യുന്നു. നിന്നോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഗോപിക ഒരുപാട് ഉയരത്തിലെത്തിച്ച പരമ്പരയിലേക്ക് നീ എത്തുമ്പോള്‍ അതു നിന്റേതു മാത്രമായി നീ മാറ്റട്ടേ, മാത്രമല്ല, പരമ്പരയ്ക്ക് പുതിയ ജീവിതം സമ്മാനിക്കട്ടേ.. നമുക്കൊരുമിച്ച് വിസ്മയം സൃഷ്ടിക്കാം എന്നാണ് ജിഷ്ണു പറഞ്ഞിരിക്കുന്നത്.
അതേസമയം, ഓസ്ട്രേലിയയിലെ ഭര്‍ത്താവിനരികിലേക്ക് പോകുവാനാണ് ഗോപികാ ചന്ദ്രന്‍ മാംഗല്യം തന്തുനാനേനയില്‍ നിന്നും പിന്മാറിയത്. അഞ്ചു മാസം മുമ്പാണ് ഗോപിക വിവാഹിതയായത്. വിവാഹശേഷവും ഗോപിക അഭിനയരംഗത്ത് തുടര്‍ന്നിരുന്നു. അതേറെ റിസ്‌ക് എടുത്തു കൂടിയായിരുന്നു അഭിനയിക്കാനെത്തിയത്. കാരണം, വിവാഹ ശേഷം ഭര്‍ത്താവ് വരുണ്‍ ദേവിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോയ ഗോപിക ഇടയ്ക്ക് അവിടെ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയാണ് മിനിസ്‌ക്രീനില്‍ സജീവമായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇനിയും തനിക്ക് അങ്ങനെ തുടരാന്‍ സാധിക്കാത്തതിനാല്‍ പൂര്‍ണമായും അഭിനയം ഉപേക്ഷിച്ച് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കാന്‍ ഒരുങ്ങുകയാണെന്ന് നടി വ്യക്തമാക്കിയത്.
ഞാന്‍ സീരിയലില്‍ നിന്ന് പിന്മാറുക മാത്രമല്ല, എന്റെ അഭിനയ ജീവിതം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണ്. ഇതൊരു നീണ്ട യാത്രയായിരുന്നു, നിങ്ങളെല്ലാവരും എന്റെ എല്ലാ ഘട്ടങ്ങളിലും എന്നോടൊപ്പം ഉണ്ടായിരുന്നു, പിന്തുണയും സ്‌നേഹവും പ്രോത്സാഹനവും നിങ്ങള്‍ വാഗ്ദാനം ചെയ്തു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. സ്‌നേഹത്തോടെയും നന്ദിയോടെയും ശ്രീഗോപിക വരുണ്‍ എന്നാണ് നടി കുറിച്ചത്. വീണ്ടും ചോദ്യങ്ങളുമായി എത്തിയതോടെയാണ് നടി ലൈവില്‍ താന്‍ ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോവുകയാണെന്നും മറ്റും വ്യക്തമാക്കിയത്.