ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സീരീസുകളിലൊന്നായ 'ബ്രേക്കിങ് ബാഡി'ലെ വില്ലന്‍ കഥാപാത്രമായ ഗുസ്താവോ ഫ്രിങ്ങിനെ ആരാധകര്‍ക്ക് അത്രപെട്ടെന്ന് മറക്കാനാകില്ല. ആ കഥാപാത്രത്തിന് ജീവന്‍ നല്‍കി സ്‌ക്രീനില്‍ തിളങ്ങിയ പ്രശസ്ത ഹോളിവുഡ് താരം ജിയാന്‍കാര്‍ലോ എസ്പാസീറ്റോ കേരളത്തിലെത്തി. പാലക്കാട് ജില്ലയിലെത്തിയ താരം അവിടെ 14 ദിവസത്തോളമാണ് ചെലവഴിച്ചത്.
ഡീന്‍ വിന്‍ചെസ്റ്റര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഹോളിവുഡ് താരത്തിന്റെ പാലക്കാടന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പുറത്തുവന്നത്. ജിയാന്‍കാര്‍ലോ എസ്പാസീറ്റോയ്ക്ക് പാലക്കാടിനോടുള്ള പ്രത്യേക പ്രിയത്തെക്കുറിച്ചും അദ്ദേഹവുമൊത്ത് ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ചും ഡീന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിശദമായി പങ്കുവെച്ചിട്ടുണ്ട്. മുന്‍പും താരം പാലക്കാട് സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ ഈ കുറിപ്പില്‍ പറയുന്നത്. ക്യാമറയ്ക്ക് മുന്നില്‍ നാം കാണുന്ന ആ മഹാനടന്‍ നേരില്‍ അതീവ വിനയവും സൗഹൃദവും നിറഞ്ഞ ഒരു യഥാര്‍ത്ഥ ജെന്റില്‍മാനാണെന്നും, അദ്ദേഹത്തെ നേരിട്ട് കണ്ടുമുട്ടാന്‍ കഴിഞ്ഞത് വിശ്വസിക്കാന്‍ കഴിയാത്ത അനുഭവമായിരുന്നുവെന്നും ഡീന്‍ വ്യക്തമാക്കുന്നു.
തുറിച്ചുള്ള ആ ഒറ്റ നോട്ടം കൊണ്ടുതന്നെ പ്രേക്ഷകരെ ഭയപ്പെടുത്തിയ നടനാണ് അദ്ദേഹം. സീരീസിലെ അത്യധികം ബുദ്ധിശാലിയായ ഹെയ്സന്‍ബെര്‍ഗ് എന്ന പ്രധാന കഥാപാത്രത്തെപ്പോലും വെള്ളം കുടിപ്പിച്ച ഗുസ്താവോ ഫ്രിങ് എന്ന കഥാപാത്രം ഹോളിവുഡിലെ തന്നെ മികച്ച വില്ലന്‍ വേഷങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. തന്റെ പുതിയ പ്രോജക്ടുകളെയും വരാനിരിക്കുന്ന സീരീസുകളെയും കുറിച്ച് താരം സംസാരിച്ചതായി കുറിപ്പില്‍ പറയുന്നു. സിനിമയെയും വ്യക്തിജീവിതത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ തനതായ കാഴ്ചപ്പാടുകള്‍ കേട്ടിരുന്നത് തന്നെ തനിക്ക് വേറിട്ടൊരു അനുഭവമായിരുന്നുവെന്നും പോസ്റ്റില്‍ ഡീന്‍ വിന്‍ചെസ്റ്റര്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
ഒരു കടുത്ത ആരാധകന്‍ എന്ന നിലയില്‍ തന്റെ ട്രൈയംഫ് ബൈക്ക് ഹോളിവുഡ് നടന് ഓടിച്ചുനോക്കാന്‍ നല്‍കിയെന്നും, അത് എസ്പാസീറ്റോ ഓടിച്ചപ്പോള്‍ തനിക്ക് ഉണ്ടായത് അപൂര്‍വ്വമായൊരു ആവേശമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. കൂടാതെ താരം ബൈക്ക് ഓടിക്കുന്നതിന്റെ വിഡിയോയും ഡീന്‍ പങ്കുവെച്ചിട്ടുണ്ട്.
പാലക്കാടുനിന്ന് മടങ്ങുന്നതിന് മുന്‍പ് നടനില്‍ നിന്ന് ഒരു ഓട്ടോഗ്രാഫും ഡീന്‍ സ്വന്തമാക്കി. ബ്രേക്കിങ് ബാഡിലെ ഗുസ്താവോ ഫ്രിങ്ങിന്റെ പ്രശസ്തമായ റസ്റ്ററന്റ് 'ലോസ് പോളോസ് ഹെര്‍മാനോസിന്റെ' ചിത്രം പതിപ്പിച്ച കപ്പിലാണ് അദ്ദേഹം ഓട്ടോഗ്രാഫ് വാങ്ങിയത്. അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന് ഉറപ്പുനല്‍കിയാണ് പ്രിയതാരം മടങ്ങിയതെന്നും കുറിപ്പ് അവസാനിക്കുന്നു.