തിരുവനന്തപുരം: മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള ടെലിവിഷൻ താരങ്ങളിൽ ഒരാളാണ് റിയാസ് നർമകല. മറിമായം സീരിയലിലെ മന്മഥനും അളിയൻസിലെ ക്ലീറ്റോയുമൊക്കെ ജനപ്രീയരാണ്. റിയാസ് നർമകല എന്ന പേരിനേക്കാൾ പ്രേക്ഷകർ അറിയുന്നതും മന്മഥനെന്നും ക്ലീറ്റോ എന്നും തന്നെ. താൻ നടത്തിയിരുന്ന നർമകല ട്രൂപ്പിനെ കുറിച്ചും പിന്നീട് ടെലിവിഷൻ രംഗത്തേയ്ക്കും സിനിമാരംഗത്തേയ്ക്കുമുള്ള ചുവടുവയ്‌പ്പിനെ കുറിച്ചും സിനിമാത്തെക്കിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ് റിയാസ് നർമകല.
മമ്മൂട്ടി നമ്മൾ വിചാരിക്കുന്നയാളല്ല എന്നാണ് റിയാസിന്റെ അഭിപ്രായം. അദ്ദേഹം എല്ലാ സീരിയലുകളും വിടാതെ കാണുന്നയാളാണ്. സീരിയൽ നടന്മാരയും കോമഡി ആർട്ടിസ്റ്റുകളേയുമൊക്കെ ശ്രദ്ധിക്കുകയും അവസരം വരുമ്പോൾ അഭിനന്ദിക്കാനും പ്രോൽസാഹിപ്പിക്കാനും മടിയില്ലാത്തയാളുമാണ്. തന്നെ വൺ സിനിമയിൽ വിളിച്ചത് മമ്മൂട്ടി പറഞ്ഞിട്ടാണ്. ഇത്രയും ഉയരത്തിലിരിക്കുന്നയാൾ നമ്മളോട് സംസാരിക്കുന്നുവെന്നത് തന്നെ ഓസ്‌കാറിനെക്കാൾ വലിയ അംഗീകാരമാണെന്നും റിയാസ് പറയുന്നു.
താൻ ആരംഭിച്ച നർമകലയിൽ അംഗമായിരുന്ന പലരും ഇന്ന് സിനിമാ- സീരിയൽ രംഗത്ത് സജീവമാണ്. സുരാജ് വെഞ്ഞാറമൂടും നർമകലയിൽ ഉണ്ടായിരുന്നു. സ്റ്റേജ് ഷോകളുടെ കാലത്ത് തന്നെ ഹീറോ ആയിരുന്നു സുരാജ്. അക്കാലത്ത് തന്നെ വലിയ ഫാൻബേസ് അദ്ദേഹത്തിനുണ്ടായിരുന്നു. സുരാജ് ഉള്ള സ്‌കിറ്റുകൾക്ക് ബുക്കിങ് കൂടുതലായിരുന്നു. അന്നുതന്നെ അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ മാതൃകാപരമായിരുന്നു.
സംവിധായകൻ പ്രിയദർശൻ മറിമായവും അളിയൻസും കണ്ട് ഇഷ്ടപ്പെട്ടിട്ട് ഇങ്ങോട്ട് വിളിച്ച് സംസാരിച്ചു. മെസേജ് ചെയ്താൽ മറുപടി തരാൻ മടിയില്ലാത്തയാളാണ് അദ്ദേഹം. അദ്ദേഹം തന്നെ ക്ലീറ്റോ എന്നാണ് വിളിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ഈ സീരിയലുകൾ ഏറ്റവുമധികം കണ്ടത് പ്രിയദർശനായിരിക്കുമെന്നും റിയാസ് പറയുന്നു.
സീരിയലുകൾ കണ്ടിട്ട് നടൻ ശ്രീനിവാസനും വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. ഷീലാമ്മയും സ്ഥിരം പ്രേക്ഷകയാണ്. കേരളം പോലൊരു സ്ഥലത്ത് കഥകൾക്ക് പഞ്ഞമില്ല. അതുകൊണ്ടുതന്നെ മറിമായത്തിന്റെ കഥയ്ക്കും ബുദ്ധിമുട്ടേണ്ടിവന്നിട്ടില്ലെന്നാണ് റിയാസിന്റെ അനുഭവം. അളിയൻസിലെ ക്ലീറ്റോയെ പോലുള്ള രാഷ്ട്രീയക്കാരും നമ്മുടെ സമൂഹത്തിലുണ്ട്. നല്ല രാഷ്ട്രീയക്കാർക്ക് ക്ലീറ്റോയെ കണ്ട് ദേഷ്യം തോന്നേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.