Latest News

'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല'; ഓരോ സിനിമയും ഓരോ പോരാട്ടമാണ്; അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ ചവിട്ടി മെതിക്കരുത്; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ 'നരിവേട്ട' സംവിധായകന്‍ 

Malayalilife
'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല'; ഓരോ സിനിമയും ഓരോ പോരാട്ടമാണ്; അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ ചവിട്ടി മെതിക്കരുത്; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ 'നരിവേട്ട' സംവിധായകന്‍ 

മലയാള സിനിമകള്‍ പരാജയമാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മൈക്ക് കെട്ടി വിളിച്ചുപറയുന്നത് സിനിമയുടെ കടയ്ക്കല്‍ കത്തിവെക്കുന്നതിന് തുല്യമാണെന്ന് 'നരിവേട്ട' സംവിധായകന്‍ അനുരാജ് മനോഹര്‍. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വെറും 15 സിനിമകള്‍ മാത്രമാണ് ലാഭകരമായതെന്ന് അസോസിയേഷന്‍ പുറത്തുവിട്ട കണക്കിനെതിരെയാണ് സംവിധായകന്‍ രൂക്ഷമായി പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുരാജ് മനോഹര്‍ അസോസിയേഷന്റെ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയത്. 

ടൊവിനോ തോമസിനെ നായകനാക്കി താന്‍ സംവിധാനം ചെയ്ത 'നരിവേട്ട' സാമ്പത്തികമായി ലാഭമുണ്ടാക്കിയ സിനിമയാണെന്ന് അനുരാജ് അവകാശപ്പെട്ടു. 'തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല' എന്ന മനോഭാവമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിനിമയെന്നത് വലിയ പോരാട്ടമാണ്. ആരും കൈപിടിച്ചു കയറ്റിയതല്ലെന്നും ഏറെ കഷ്ടപ്പെട്ടാണ് ഇവിടെയെത്തിയതെന്നും പറഞ്ഞ അദ്ദേഹം, അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചാലും ചവിട്ടിമെതിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: ഞാന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസര്‍മാരെയെല്ലാം സമീപിച്ച,അവര്‍ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട. ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ പ്രൊഡ്യൂസര്‍മാരെ തേടിയുള്ള അലച്ചില്‍ സ്വാഭാവികമാണെന്നുള്ള ബോധ്യത്തില്‍ ആ സിനിമയോടുള്ള ഇഷ്ടത്തില്‍ നടന്ന തേടലില്‍ ആണ് ഇന്ത്യന്‍ സിനിമ കമ്പനി സിനിമ ചെയ്യാന്‍ തയ്യാറാവുന്നത്. അവരുടെ ആദ്യ നിര്‍മ്മാണ സംരംഭം ആണ് നരിവേട്ട. സിനിമ ഇറങ്ങി മാസങ്ങള്‍ക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ വര്‍ഷാവസാന വിധിയില്‍ ഈ വര്‍ഷം പതിഞ്ച് സിനിമകള്‍ മാത്രമാണ് ലാഭകരമായി തീര്‍ന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സിനിമ ഒരു വ്യവസായം കൂടെയാണ് ,സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവര്‍ ഇതിന്റെ കടയ്ക്കല്‍ കത്തി വെക്കുകയാണ്. 

പുതിയ പ്രൊഡ്യൂസര്‍ മാര്‍ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളില്‍ ഭരിച്ച് നിര്‍ത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കില്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാര്‍ത്ഥ്യമാണ് ഏതാണ്ട് വൈക്കോല്‍ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ ''തിന്നുകയുമില്ല തീറ്റിക്കുകയുമില്ല'' ഇന്ത്യന്‍ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാന്‍ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാന്‍ ഞങ്ങള്‍ തയ്യാറുമാണ്. ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതെ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവര്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്നത് സിനിമയില്‍ വിരളമായി സംഭിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദര്‍ഭത്തില് ഞങ്ങള്‍ അടുത്ത സിനിമയുടെ ആലോചനയില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്. 

 Nb:-ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല,നടന്നു തയഞ്ഞ ചെരുപ്പുകളും,വിയര്‍ത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ ചവിട്ടി മെതിക്കരുത്‌
 

narivetta director anuraj post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES