Latest News

'ഹോട്ടല്‍ മുറിയില്‍വച്ച് കയറിപ്പിടിച്ചെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി വ്യാജം'; ചോദ്യംചെയ്യലില്‍ കുറ്റം നിഷേധിച്ച് പി.ടി.കുഞ്ഞുമുഹമ്മദ്; ലൈംഗികാതിക്രമ കേസില്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായ സംവിധായകനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു 

Malayalilife
 'ഹോട്ടല്‍ മുറിയില്‍വച്ച് കയറിപ്പിടിച്ചെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി വ്യാജം'; ചോദ്യംചെയ്യലില്‍ കുറ്റം നിഷേധിച്ച് പി.ടി.കുഞ്ഞുമുഹമ്മദ്; ലൈംഗികാതിക്രമ കേസില്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായ സംവിധായകനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു 

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്നലെ രാവിലെയാണ് പി ടി കുഞ്ഞുമുഹമ്മദ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരായത്. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം സ്റ്റേഷന്‍ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് മുന്‍ എംഎല്‍എ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. 

ചോദ്യംചെയ്യലില്‍ കുഞ്ഞുമുഹമ്മദ് കുറ്റം നിഷേധിച്ചു. ഹോട്ടല്‍ മുറിയില്‍ കയറിപ്പിടിച്ചെന്ന പരാതി വ്യാജമെന്ന് ചോദ്യം ചെയ്യലില്‍ പി.ടി.കുഞ്ഞു മുഹമ്മദ് ആവര്‍ത്തിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ പൊലീസ് പി ടി കുഞ്ഞുമുഹമ്മദിനെ ചോദ്യംചെയ്തിരുന്നില്ല.അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 

കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഐഎഫ്എഫ്കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവര്‍ത്തകയുമുണ്ടായിരുന്നു. 

തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവര്‍ത്തക പരാതി ആവര്‍ത്തിച്ചു. പരാതിയില്‍ പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചിരുന്നു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പൊലീസിനോട് ഇത് തന്നെയാണ് പിടി കുഞ്ഞുമുഹമ്മദ് ആവര്‍ത്തിച്ചത്. 

കഴിഞ്ഞമാസം 27 ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി 13 ദിവസത്തിന് ശേഷമാണ് പൊലീസിന് കൈമാറിയത്. ഈ സംഭവത്തില്‍ ഡബ്ല്യു.സി.സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ പി.ടി.കുഞ്ഞുമുഹമ്മദിന് ഡിസംബര്‍ 20നാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ജാമ്യ ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്ന ഉപാധിയോടെയായിരുന്നു ജാമ്യം. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം. സമാന കേസുകളില്‍ അകപ്പെടാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും വിശദമായ വാദം തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായിരുന്നു. ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നും കുഞ്ഞുമുഹമ്മദിന് ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചന സംശയിക്കുന്നതായും പി.ടി.കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. സംവിധായകന്റെ അതിക്രമം അതിജീവിതയെ വല്ലാതെ തളര്‍ത്തി. ആഘാതത്തില്‍ നിന്നും കരകയറാന്‍ ദിവസങ്ങളെടുത്തുവെന്നും രാഷ്ട്രീയപ്രേരിതമായ കേസല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 

 പരാതിയില്‍ സൂചിപ്പിച്ച സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കെന്ന പേരില്‍ തലസ്ഥാനത്തെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവര്‍ത്തകയെ പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. കേസില്‍ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

pt kunjumuhammed sexual harassment arrest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES