കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ തന്നെ വലിയൊരു നാഴികക്കല്ലായ എറണാകുളം ജനറല്‍ ആശുപത്രിയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. സര്‍ക്കാര്‍ മേഖലയിലെ ഒരു ജില്ലാ ആശുപത്രിയില്‍ ഇത്തരമൊരു സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം.
രാജ്യത്തെ ആദ്യത്തെ ഹൃദയമാറ്റശസ്ത്രക്രിയ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് മമ്മൂട്ടി കുറിച്ചു. ചരിത്രപരമായ ഈ മെഡിക്കല്‍ നാഴികക്കല്ല് പിന്നിട്ടതിന് എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീമിനും അഭിവാദ്യങ്ങളും ഹൃദയംഗമമായ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു.
തൃശൂര്‍ സ്വദേശിയായ യുവാവിനാണ് പുതിയ ഹൃദയം വെച്ചുപിടിപ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയില്‍ നിന്നാണ് ഹൃദയം സ്വീകരിച്ചത്. വാഹനാപകടത്തില്‍പ്പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവിന്റെ ഏഴ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം ദുര്‍ഗയ്ക്കും, വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെയും രോഗികള്‍ക്കും നല്‍കി. കരളും നേത്രപടലങ്ങളും ചര്‍മ്മവും മറ്റ് രോഗികള്‍ക്കായി കൈമാറി. ഡിസംബര്‍ 14-ന് കൊല്ലം മൂക്കാട്ടുകുന്നില്‍ വെച്ചുണ്ടായ സ്‌കൂട്ടര്‍ അപകടത്തിലാണ് ഷിബുവിന് ഗുരുതരമായി പരിക്കേറ്റത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 21-ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം മൂളി. ഒരു ജില്ലാ ആശുപത്രിയില്‍ വെച്ച് വിജയകരമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു എന്നത് പൊതുജനാരോഗ്യ മേഖലയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഡോ. ജോര്‍ജ് വാളൂരാന്‍, ഡോ. ജിയോപോള്‍ തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
രാജ്യത്താദ്യമായിട്ടാണ് ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഏറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിദേശ പൗരയ്ക്ക് ഹൃദയം മാറ്റിവയ്ക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് ഹൃദയം മാറ്റിവെച്ചതിന് ശേഷം മാത്രം വിദേശത്തുള്ളവരെ പരിഗണിച്ചാല്‍ മതിയെന്ന കേന്ദ്ര ചട്ടമായിരുന്നു ദുര്‍ഗ്ഗയ്ക്ക് മുന്നില്‍ ഇത്രകാലം ഇരുട്ടായി നിന്നത്. അനുയോജ്യമായ ഹൃദയവും കിട്ടിയതോടെ നാടും നമ്മുടെ ഭരണകൂടവും കൈകോര്‍ത്തു. ഏറാംബുലന്‍സില്‍ ഹൃദയമെത്തിക്കാന്‍ ഇത്തവണയും സംവിധാനങ്ങളെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
ഏറെ നാളായി ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന ദുര്‍ഗയ്ക്ക് ഈ ശസ്ത്രക്രിയ ഒരു രണ്ടാം ജന്മമാണ്. വിദഗ്ധരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ദുര്‍ഗയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയത്തിന് പുറമേ ഷിബുവിന്റെ രണ്ട് വൃക്കകള്‍, നേത്രപടലങ്ങള്‍, ത്വക്ക് എന്നിവയും ദാനം ചെയ്തു. കേരളത്തില്‍ ആദ്യമായാണ് ഒരാള്‍ ത്വക്ക് ദാനം ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്ന 'ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോ മയോപ്പതി' എന്ന ഗുരുതര രോഗാവസ്ഥയിലായിരുന്നു ദുര്‍ഗ കാമി. ഇതേ അസുഖം ബാധിച്ചാണ് ദുര്‍ഗയുടെ അമ്മയും സഹോദരിയും മുന്‍പ് മരണപ്പെട്ടത്.