കോരിച്ചൊരിയുന്ന മഴ പോലും ആ കണ്ണീരിനു മുന്നില്‍ തോറ്റുപോയി. ആ രണ്ട് സഹോദരങ്ങള്‍... മനസ്സിന്റെ ആഴത്തോളം സ്‌നേഹവും ബന്ധവും പങ്കുവെച്ച കുഞ്ഞു ഹൃദയങ്ങള്‍. ജീവിതം തങ്ങളുടെ മുന്‍പില്‍ പടര്‍ത്തിയിട്ടുള്ള എല്ലാ ചെറിയ സന്തോഷങ്ങളും, പാഠപുസ്തകങ്ങളും, കളിസ്ഥലവും, ചിരികളുമെല്ലാം പിന്നിലാക്കിയാണ് ഇരട്ട പോലുള്ള സഹോദരങ്ങള്‍ ഇന്ന് അന്ത്യയാത്രയായത്. മരണത്തിലും പിരിയാത്ത സഹോദരങ്ങള്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയതും ഒരേ കല്ലറയില്‍ തന്നെ. ഈ കുരുന്നുകള്‍ ഇനി ഒരിക്കലും തിരികെ വരില്ലെന്ന് ആ കുടുംബം മനസ്സിലാക്കിയപ്പോള്‍ വിങ്ങുന്ന നിശബ്ദത മാത്രമായിരുന്നു ആ വീട്ടില്‍ ഉണ്ടായിരുന്നത്.
ഇന്നലെയാണ് വീട്ടിന്റെ അടുത്തുള്ള തോട്ടില്‍ കുളിക്കുന്നതിനിടെ ഷോക്കേറ്റ് ഐവിന്‍ ബിജു (11), നിധിന്‍ ബിജു(14) എന്നീ സഹേദരങ്ങള്‍ മരിച്ചത്. തോടിന്റെ അടുത്ത് ഉണ്ടായിരുന്ന തേക്ക് കാറ്റത്ത് മറിയുകും അത് പോസ്റ്റിലേക്ക് വീഴുകയും ലൈന്‍ കമ്പി പൊട്ടി തോട്ടിലേക്ക് വീണുമാണ് ഷോക്കേല്‍ക്കുന്നത്. രണ്ടുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നോക്കിയെങ്കിലും മരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്കഴിഞ്ഞ് ഒന്നരയോടെയാണ് കുടുംബവീട്ടില്‍ എത്തിച്ചത്. സഹോദരങ്ങളെ ഒരു നോക്ക് കാണാനും അന്ത്യമോപചാരം അര്‍പ്പിക്കാനുമായി നിരവധിയാളുകളാണ് അവരുടെ കുടുംബവീട്ടില്‍ തടിച്ച് കൂടിയത്. വീട്ടില്‍ നടന്ന ശുശ്രൂഷകള്‍ക്ക് കോടഞ്ചരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിലാണ് നേതൃത്വം നല്‍കിയത്. മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, ലിന്റോ ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി.
രണ്ട് പേരെയും അവസാനമായി ഒന്ന് കാണാന്‍ സഹപാഠിക്കളും വിദ്യാര്‍ത്ഥികളും കുടുംബവീട്ടില്‍ എത്തി. അവരുടെ മൃതശരീരം കണ്ട് ഉറ്റ സുഹൃത്തുക്കള്‍ വിങ്ങിപ്പൊട്ടി. ഇവരെ സമാധാനിപ്പിക്കാന്‍ ടീച്ചര്‍മാരും പാടുപെട്ടു. കുട്ടികള്‍ക്കെപ്പം ടീച്ചര്‍മാരും കണ്ണീരൊഴുക്കി. സഹപാഠികളെയും ടീച്ചര്‍മാരെയും കണ്ടതോടെ കുടുംബാംഗങ്ങള്‍ അലമുറയിട്ട് കരയാന്‍ തുടങ്ങി. ഇത് കണ്ട് നിന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുടുംബവീട്ടില്‍ നിന്നും കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. കുട്ടികളെ അവസാനമായി ഒന്ന് കാണാന്‍ ശക്തമായ മഴയെ അവഗണിച്ച് നിരവധിയാളുകളാണ് എത്തിച്ചേര്‍ന്നത്. പൊതുദര്‍ശനം കഴിഞ്ഞ് പള്ളിയിലെ ഒരേ കല്ലറില്‍ കുട്ടികള്‍ക്ക് അന്ത്യവിശ്രമം ഒരുക്കി.
സംസ്‌കാര ശുശ്രൂഷകള്‍ക്ക് താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. ഏബ്രഹാം വയലിലാണ് കാര്‍മികത്വം വഹിച്ചത്. ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകന്‍മാക്കല്‍ എന്നിവരും ചടങ്ങിന് നേതൃത്വം നല്‍കി. ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പ്രിയങ്ക ഗാന്ധി എംപിക്കു വേണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോബി ഇലത്തൂര്‍ എന്നിവര്‍ റീത്തും സമര്‍പ്പിച്ചു. ഷോക്കേറ്റ് മരിച്ച കുട്ടികളുടെ കുടുംബത്തിന് ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇവരുടെ ഏക സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനു ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെയാണ് സംഭവം നടക്കുന്നത്. വീടിന്റെ സമീപം ഒഴുകുന്ന തോട്ടില്‍ അവര്‍ രണ്ട് പേരും ഒന്നിച്ചാണ് കുളിക്കാനായി പോകുന്നത്. കഴിഞ്ഞ ദിവസവും അവര്‍ അത് മുടക്കിയില്ല. മണ്‍സൂണ്‍ കാലം തുടങ്ങിയതിനാല്‍ എല്ലായിടത്തും മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു. ഇതെന്നും വക വെക്കാതെയാണ് അവര്‍ എപ്പോഴും നീന്തികളിക്കുന്ന അവര്‍ക്ക സുപചരിചതമായ തോട്ടിലേക്ക് കുളിക്കാന്‍ പോകുന്നത്. പക്ഷേ അവര്‍ അറിഞ്ഞിരുന്നില്ല രണ്ട് പേരും നടന്ന് അടുക്കുന്നത് മരണത്തിലേക്ക് ആയിരുന്നു എന്ന്. രണ്ട് പേരും കുളിക്കാന്‍ പോകുന്ന സമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവര്‍ എന്നത്തേയും പോലെ തോട്ടിലേക്ക് കുളിക്കാന്‍ പോയത്. അവിടെ എത്തി കുളിക്കുന്നതിനിടെ മഴ ശക്തമാകുകയായിരുന്നു. ശക്തമായ മഴയും കാറ്റും വന്നതോടെ തോടിന് സമീപം ഉണ്ടായിരുന്ന തേക്ക് മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ നിന്ന് ഷോക്ക് ഏല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ജീവിതം മുഴുവന്‍ ഒരുമിച്ചു നടന്ന വഴികള്‍... കുട്ടിക്കാലം, പഠനം, വിനോദം, കുടുംബ ബന്ധങ്ങള്‍ എല്ലാം പങ്കുവെച്ചത് ഒന്നിച്ചായിരുന്നു. കോഴിക്കോട് താമരശ്ശേരി കോടഞ്ചേരിയില്‍ കുന്നേല്‍ വീട്ടില്‍ വളര്‍ന്ന സഹോദരങ്ങള്‍ നിഥിനു, ഐബിനും എല്ലാത്തിലും ഒന്നിച്ചായിരുന്നു. ബാല്യകാലം മുതല്‍ സ്‌നേഹബന്ധം തകര്‍ത്തിയിട്ടില്ലാത്ത ഈ ഇരട്ടമനസ്സുകള്‍ ഒരുമിച്ചാണ് എല്ലാ വഴികളിലും യാത്രചെയ്തത്. ഇവരുടെ ഇഷ്ടങ്ങളും ഒരുപോലെ. പക്ഷേ, ഏറ്റവും വേദനാജനകമായ സത്യമായി, മരണത്തിലേക്കുള്ള യാത്രയും അവര്‍ ഒരിമിച്ചായി. മരണത്തില്‍ പോലും ഈ സഹോദരന്‍മാരുടെ ബന്ധത്തിന്റെ ആഴം തെളിയിക്കുന്നു.