Latest News

 ശിക്ഷവിധി ദിനത്തില്‍ ആലുവ ശിവക്ഷേത്രത്തില്‍ ദര്‍ശനം; പിന്നാലെ പാസ്‌പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍; ഹര്‍ജി 18ന് പരിഗണിക്കാമെന്ന് വിചാരണ കോടതി 

Malayalilife
 ശിക്ഷവിധി ദിനത്തില്‍ ആലുവ ശിവക്ഷേത്രത്തില്‍ ദര്‍ശനം; പിന്നാലെ പാസ്‌പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍; ഹര്‍ജി 18ന് പരിഗണിക്കാമെന്ന് വിചാരണ കോടതി 

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍, പാസ്‌പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിലീപ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടി വന്നത്. നിലവില്‍ ഇത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലാണ്. 

എന്നാല്‍, ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടുനല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ ഒരുങ്ങുകയാണ് തങ്ങളെന്നും, അതിനാല്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. പാസ്പോര്‍ട്ട് അത്യാവശ്യം ആയി വേണോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ തിരക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി ഡിസംബര്‍ 18ന് പരിഗണിക്കനായി മാറ്റി. ആലുവ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു ദിലീപ് കോടതിയിലെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന വേളയിലാണ് ക്ഷേത്ര ദര്‍ശനം. 

നേരത്തെ ഒന്നിലധികം തവണ ദിലീപിന് കോടതി പാസ്‌പോര്‍ട്ട് വിട്ടു നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ പാസ്പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നടന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുഢാലോചന കുറ്റം തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസില്‍ ദിലീപിനെ കോടതി വെറുതെ വിട്ടത്. ദിലീപിന് 2017ല്‍ ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയപ്പോഴും പാസ്പോര്‍ട്ട് ലഭിച്ചിരുന്നു.

 അന്ന് യുഎഇയിലെ കരാമയില്‍ തുടങ്ങിയ ഒരു ഹോട്ടലിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കാനായിരുന്നു പാസ്പോര്‍ട്ട് നല്‍കിയത്. വിദേശത്തു നിന്നും തിരികെ എത്തിയ ശേഷം അഭിഭാഷകന്‍ വഴി ദിലീപ് പാസ്പോര്‍ട്ട് തിരികെ നല്‍കിയിരുന്നു. 2018 നവംബറിലും കോടതി താല്‍ക്കാലികമായി പാസ്‌പോര്‍ട്ട് വിട്ട് നല്‍കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികള്‍ മാത്രമാണ് കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തല്‍. 

Read more topics: # ദിലീപ്
dileep in aluva temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES