ഡെയ്ഞ്ചറസ് ബോയ്സ് എന്ന പരിപാടിയിലൂടെയാണ് ഫിറോസ് ഖാന്‍ എന്ന പൊളി ഫിറോസ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ എത്തിയതോടെ ഫിറോസും ഭാര്യയും ജനശ്രദ്ധ നേടുകയും ചെയ്തു. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും സജ്നയും ഫിറോസുമാണ്. ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും ഷോയുടെ പാതിയില്‍ വെച്ച് രണ്ടാളും പുറത്താവുകയായിരുന്നു. ശേഷം വളരെ ആരോഗ്യപരമായ രീതിയില്‍ തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ തമാശ പരിപാടികളും പ്രാങ്കും അവതരിപ്പിച്ച് സജീവമായി നിന്നു. സജ്ന സീരിയല്‍ അഭിനയവുമായും സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ, താനും ഫിറോസും പിരിയാന്‍ പോവുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സജ്ന.
ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഏറെ വേദനയോടെ സജ്ന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രണയിച്ചു വിവാഹിതരായവരാണ് സജ്നയും ഫിറോസും. സജ്ന ഫോക്സ് വാഗണില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഫിറോസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. തുടര്‍ന്ന് വിവാഹശേഷം സീരിയലിലേക്കും ചുവടു വച്ച ദമ്പതികള്‍ ബിഗ്ബോസില്‍ എത്തിയതോടെ സൂപ്പര്‍ താരങ്ങളായി മാറുകയായിരുന്നു. നികവധി സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോയ ഇരുവര്‍ക്കും ഷോയില്‍ എത്തിയതോടു കൂടി അതെല്ലാം മറികടക്കുവാന്‍ സാധിച്ചിരുന്നു.
തുടര്‍ന്ന് വാടകയ്ക്ക് താമസിച്ചിരുന്ന അവര്‍ക്ക് കൊല്ലം ചാത്തന്നൂരില്‍ പുതിയ വീടും സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ കോണ്‍ട്രാക്ടറുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങള്‍ സോഷ്യല്‍മീഡിയയ്ക്ക് മുന്നില്‍ ഇരുവരും പങ്കുവച്ചത് വൈറലായി മാറുകയും ചെയ്തിരുന്നു. ഈവര്‍ഷം ജനുവരിയിലായിരുന്നു ഈ സംഭവം. എന്നാല്‍ വര്‍ഷം അവസാനിക്കവേ ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ വീട്ടില്‍ സജ്നയും ഉമ്മയും മക്കളും മാത്രമാണ് താമസിക്കുന്നത്. സജ്ന ഫിറോസ് എന്ന പേര് മാറ്റി സജ്ന നൂര്‍ എന്നാക്കുകയും ചെയ്തു. ഉമ്മയുടെ പേരായ നൂര്‍ ജഹാന്‍ ചുരുക്കിയാണ് നൂര്‍ എന്നാക്കി തന്റെ പേരിനൊപ്പം സജ്ന ചേര്‍ത്തത്.
പരസ്പര ബഹുമാനത്തോടെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനു പിന്നിലെ യഥാര്‍ത്ഥ കാരണം തുറന്നു പറയാന്‍ സജ്നയ്ക്ക് കഴിഞ്ഞിട്ടില്ല. ഒരുമിച്ച് മുന്നോട്ടു പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് എന്നു മാത്രമാണ് സജ്ന പറഞ്ഞിരിക്കുന്നത്. ഒരുമിച്ച് ഇത്രയുംനാള്‍ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാല്‍ അതിന്റെ വിഷമമുണ്ട്. അതുമാത്രമല്ല ഡിവോഴ്സാകുന്നുവെന്ന് ചുറ്റുമുള്ളവര്‍ അറിഞ്ഞപ്പോള്‍ പല മോശം അനുഭവങ്ങളും പലയിടത്തു നിന്നും ഉണ്ടാകുന്നുണ്ട്. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയില്‍ നിന്നുവരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത് എന്നും വേദനയോടെ സജ്ന പറയുന്നു.
ഫിറോസിനും സജ്നയ്ക്കും ഇടയില്‍ പ്രശ്നമുണ്ടാക്കിയത് ഷിയാസ് കരീമാണെന്ന തരത്തിലും പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് തീര്‍ത്തും തെറ്റാണെന്നും സജ് ന വ്യക്തമാക്കി. അതേസമയം, മക്കള്‍ക്ക് ഇരുവരും വേര്‍പിരിയുകയാണെന്ന് അറിയില്ല. പലപ്പോഴും ഫിറോസ് ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയുന്നത്. മക്കളെ കാണാന്‍ ഓടിയെത്തുകയും ചെയ്യാറുണ്ട് ഫിറോസ്. മക്കളുടെ കാര്യം ഓര്‍ക്കുമ്പോള്‍ മാത്രമാണ് വേര്‍പിരിയല്‍ സജ്നയ്ക്ക് ഏറെ വേദനയുണ്ടാക്കുന്നത്. അതേസമയം, പുതിയതായി പണി കഴിപ്പിച്ച വീടിനെ കുറിച്ചും സജ്ന സംസാരിച്ചു. ഇപ്പോഴും ആ വീട് ഇരുവരുടെയും പേരില്‍ തന്നെയാണുള്ളത്. ഒന്നുകില്‍ അത് ഞങ്ങളില്‍ ഒരാള്‍ എടുക്കും അല്ലെങ്കില്‍ വില്‍ക്കുമെന്നാണ്', സജ്ന പറഞ്ഞത്. ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് സജ്നയും ഫിറോസും വിവാഹിതരായത്.