സിനിമാ - സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം. ഇതോടെ കൊലപാത സാധ്യത മാറുകയാണ്. ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളുന്നതാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം അഴുകിയതിനാല്‍ കെമിക്കല്‍ പരിശോധ ഫലം വന്നാല്‍ മാത്രമേ കൃത്യതമായ കാരണം അറിയാനാകൂ.
ഇന്നലെയാണ് തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ ദിലീപ് ശങ്കറിനെ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സാഹചര്യം എല്ലാം പരിശോധിച്ച് ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന നിഗമനത്തിലെത്തിയിട്ടുണ്ട് പോലിസ്. ദിലീപ് മരിച്ചുകിടന്ന മുറിയിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ എല്ലാ അര്‍ത്ഥത്തിലും സ്വാഭാവിക അസുഖമരണമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുകയാണ്.
സീരിയല്‍ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു ദിലീപ് ശങ്കര്‍. ഇടയ്ക്ക് രണ്ടു ദിവസം ഷൂട്ടിങ് ഇല്ലായിരുന്നു. ഷൂട്ടിങ് പുനരാരംഭിക്കുന്നതു സംബന്ധിച്ച വിവരമറിയിക്കാന്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഞായറാഴ്ച മുറിയില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി തുറന്നു നോക്കിയപ്പോഴാണ് നടനെ മരിച്ചനിലയില്‍ കണ്ടത്. എല്ലാവരോടും സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം വ്യക്തിജീവിതത്തില്‍ അധികം ശ്രദ്ധ കാട്ടിയിരുന്നില്ല. കരള്‍സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. അതിന്റെ തീവ്രത വകവെയ്ക്കാതെയാണ് പലപ്പോഴും ഷൂട്ടിങ്ങുകളില്‍ പങ്കെടുത്തിരുന്നത്. മരണ കാരണവും രോഗത്തോട് കാട്ടിയ അലംഭാവമാകാമെന്ന വിലയിരുത്തലുണ്ട്. പഞ്ചാഗ്‌നി എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനായി 19ന് ആണ് ദിലീപ് മുറി എടുത്തത്. 26 വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഹോട്ടലില്‍നിന്നു പുറത്തേക്ക് പോയിരുന്നില്ല. ശനിയാഴ്ച സീരിയലിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ ഫോണില്‍ വിളിച്ചിട്ടും ദിലീപിനെ കിട്ടിയില്ല. ഇതോടെ അവരും ഹോട്ടലിലേക്ക് അന്വേഷിച്ചെത്തി. അപ്പോള്‍ അറിഞ്ഞത് മരണ വിവരമാണ്.
അഭിനയത്തിനു പുറമേ ബിസിനസ് രംഗത്തും സജീവമായിരുന്നു എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശ്ശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കര്‍. ചപ്പാത്തി, ദോശമാവ് തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങളാണ് ഇദ്ദേഹത്തിന്റെ കമ്പനി വിപണിയിലെത്തിക്കുന്നത്. ഭാര്യ സുമയാണ് ബിസിനസ് കാര്യങ്ങള്‍ നോക്കിയിരുന്നത്. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന ദേവ, വിദ്യാര്‍ഥിയായ ധ്രുവ് എന്നിവരാണ് മക്കള്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കൊച്ചിയിലേക്കു കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ 11വരെ ചിറ്റൂരിലെ വീട്ടിലും 12 മണിവരെ ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം ചേരാനെല്ലൂര്‍ ശ്മശാനത്തിലാണ്. അഭിനയത്തിന്റെ മികവിനൊപ്പം സീരിയലിലെ സൗമ്യമുഖമായിരുന്നു ദിലീപ് ശങ്കര്‍. തികഞ്ഞ അര്‍പ്പണബോധത്തോടെ അഭിനയത്തെ സമീപിച്ച നടന്‍. 25 വര്‍ഷമായി സീരിയല്‍-സിനിമാ രംഗത്ത് സജീവമായിരുന്നു ദിലീപ്. ജൂഡ് അട്ടിപ്പേറ്റിയുടെ റോസസ് അറ്റ് ഡിസംബര്‍ എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം തമിഴ് ഉള്‍പ്പെടെ 50 -ലേറെ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റിയുടെ കലാപ്രതിഭ ബഹുമതിയും നേടിയിട്ടുണ്ട്. മനോജ് സംവിധാനം ചെയ്യുന്ന പഞ്ചാഗ്‌നി എന്ന സീരിയലില്‍ അഭിനയിക്കാനാണ് തലസ്ഥാനത്തെത്തിയത്.
അടുത്ത ദിവസത്തെ ഷൂട്ടിനെക്കുറിച്ചു പറയാനായി കണ്‍ട്രോളര്‍ ദീപു പലതവണ വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് കണ്‍ട്രോളറെ ഹോട്ടലിലേക്ക് അയയ്ക്കുകയായിരുന്നു. ഹോട്ടല്‍ മുറിയിലെത്തി വിളിച്ചെങ്കിലും റൂം അടഞ്ഞു കിടന്നിരുന്നു. മുറിക്കുള്ളില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധവുമുണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ജനാല വഴി നോക്കിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മയറിയാതെ എന്ന സീരിയല്‍ അടക്കമുള്ളവയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ദിലീപ് ശങ്കര്‍. ചാപ്പ കുരിശ്, 24 നോര്‍ത്ത് കാതം തുടങ്ങിയ സിനിമകളിലും ചെറുവേഷങ്ങള്‍ ചെയ്തിരുന്നു. പ്രജാപതി, ബ്ലാക്ക് എന്നീ സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗ്രാമഫോണ്‍, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിവിന്‍പോളിയും നയന്‍താരയും അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. അഭിനയത്തോടുള്ള മോഹം കൊണ്ട് എംബിബിഎസ് പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിച്ചു ഈ വഴിക്കു തിരഞ്ഞ നടനാണ് ദിലീപ് ശങ്കര്‍. എംബിബിഎസ് പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന ദിലീപ് അഭിനയത്തോടുള്ള അടങ്ങാത്ത കമ്പം മൂലമാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതും അഭിനയത്തിലേക്ക് തിരിയുന്നതും. ഡോക്ടര്‍ ആകേണ്ട ആളല്ല താന്‍ എന്ന് ബോധ്യമായ ശേഷം എംഎസ്സി കംപ്ലീറ്റ് ചെയ്തു. പിന്നീട് മലയാളത്തിലും തമിഴിലും എല്ലാമായി നിരവധി വേഷങ്ങള്‍ ചെയ്തു. സിനിമയില്‍ ചെറു വേഷങ്ങളിലൂടെ തുടങ്ങിയ അദ്ദേഹത്തിന് പക്ഷേ സീരിയല്‍ രംഗത്ത് സൂപ്പര്‍താര പരിവേഷമായിരുന്നു.