കടുക്കനിട്ട്, ഡബിള്‍ പോക്കറ്റ് ഷര്‍ട്ട് ധരിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ ചിത്രം കണ്ട മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സംശയം, അത് കാരിക്കാമുറി ഷണ്‍മുഖന്‍ അല്ല, ഒടുവില്‍ ഉറപ്പിച്ചു. 'ബ്ലാക്കി'ലെ നായക കഥാപാത്രം തിരിച്ചുവരുന്നു. ഇത്തവണ അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 'തുടരും' എന്ന ചിത്രത്തിലെ ജോര്‍ജ് സാറിനെ അവതരിപ്പിച്ച് കയ്യടി നേടിയ പ്രകാശ് വര്‍മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുക. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് കാരിക്കാമുറി ഷണ്‍മുഖന്‍ തിരിച്ചുവരുന്നത്.
മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. കോട്ടയം സിഎംഎസ് കോളജും ഒരു ലൊക്കേഷനാണ്. അഞ്ച് ദിവസത്തോളം മമ്മൂട്ടി ഈ സിനിമയുടെ ഭാഗമാകും. 'ചത്താ പച്ച'യ്ക്കുശേഷം മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്. മമ്മൂട്ടിയെ നായകനാക്കി 2004 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം 'ബ്ലാക്കി'ലെ നായക കഥാപാത്രത്തിന്റെ പേരായിരുന്നു കാരിക്കാമുറി ഷണ്മുഖന്‍. മമ്മൂട്ടിയുടെ കരിയറിലെ സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ഇത്. അമല്‍ നീരദ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായതും ഈ ചിത്രത്തിലാണ്.
അതേസമയം ഈ രഞ്ജിത്ത് ചിത്രം കൊച്ചിയിലെ പൊലീസുകാരുടെ കഥയാണ് പറയുന്നത്. പ്രകാശ് വര്‍മയ്ക്കൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിരാമിയും സിദ്ധിഖും ആണ് മറ്റു പ്രധാന വേഷങ്ങളില്‍. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കോഡയറക്ടര്‍ ശങ്കര്‍ രാമകൃഷ്ണന്‍. പ്രശാന്ത് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. സത്യം സിനിമാസിന്റെ ബാനറില്‍ എം.ജി. പ്രേമചന്ദ്രനും വര്‍ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈറും ചേര്‍ന്നാണ് നിര്‍മാണം