ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിവാഹ വീഡിയോ വലിയ തോതില്‍ പ്രചരിക്കുകയാണ്. 65കാരനും 60 കാരിയും രണ്ടാം വിവാഹം കഴിക്കുന്നു എന്ന തരത്തില്‍ ഓരോന്നിലും വ്യത്യസ്തമായ കഥകളുമായി വീഡിയോ പ്രചരിക്കുമ്പോള്‍ ഇപ്പോഴിതാ, ആ വിവാഹത്തിനു പിന്നിലെ യഥാര്‍ത്ഥ സത്യമെന്താണെന്ന് പുറത്തു വന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു പ്രണയത്തിന്റെ സാഫല്യമെന്നു തന്നെ പറയാവുന്ന ഈ കഥയിലെ നായികയുടെ രണ്ടു പെണ്‍മക്കള്‍ തന്നെയാണ് ഈ കഥ വിശദമാക്കിയിരിക്കുന്നതും. കൊല്ലം മുണ്ടക്കലിലാണ് ഈ രണ്ടാം വിവാഹം നടന്നത്.
കുട്ടിക്കാലം മുതല്‍ക്കെ പരിചയമുള്ളവരായിരുന്നു രശ്മിയും ജയപ്രകാശും. അയല്‍ക്കാരായിരുന്ന ഇരുവര്‍ക്കും കുട്ടിക്കാലം മുതല്‍ക്കു തന്നെ പരസ്പരം ഇഷ്ടമായിരുന്നു. എന്നാല്‍ അന്ന് ആ പ്രണയം വീട്ടുകാരോട് പറയാനും വിവാഹത്തിലേക്ക് എത്തിക്കാനുമുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. ഒന്നും ചെയ്യാന്‍ സാധിക്കാതിരിക്കവേയാണ് രശ്മി വിവാഹിതയാകുന്നത്. ഏറെ സങ്കടത്തോടെ പ്രണയിനി മറ്റൊരാള്‍ക്ക് സ്വന്തമാകുന്നത് ജയപ്രകാശ് കണ്ടുനിന്നത് ചങ്കുപൊട്ടിയാണ്. പതുക്കെ ജയപ്രകാശും മറ്റൊരു ജീവിതത്തിലേക്കും കടന്നു. അങ്ങനെയിരിക്കെയാണ് രശ്മി രണ്ടു പെണ്‍കുട്ടികളുടേയും ജയപ്രകാശ് രണ്ട് ആണ്‍കുട്ടികളുടേയും അച്ഛനമ്മമാരായത്. കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്ത ഇരുവര്‍ക്കും അതിനിടെയാണ് അപ്രതീക്ഷിതമായി ജീവിത പങ്കാളികളെ നഷ്ടപ്പെട്ടത്. തുടര്‍ന്ന് പേരക്കുട്ടികളായിരുന്നു ഏക ആശ്വാസം. അവരെ ലാളിച്ചും സ്നേഹിച്ചും ജീവിതം നയിക്കുകയായിരുന്നുവെങ്കിലും പലപ്പോഴും അവര്‍ ഒറ്റപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായി.
പലപ്പോഴും മക്കള്‍ അവരുടെ ജീവിതത്തില്‍ തിരക്കിലാകുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന അച്ഛനമ്മമാരെ കുറിച്ച് അവര്‍ ചിന്തിച്ചപ്പോഴാണ് രണ്ടാമതൊരു വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയത്. എന്നാല്‍ നല്ലൊരു ബന്ധം എങ്ങനെ കിട്ടുമെന്നത് വലിയ തടസമായി മുന്നില്‍ നില്‍ക്കെയാണ് വിധി ഇരുവര്‍ക്കും ആയി ഒരു പുതുജീവിതം ഒരുക്കി വച്ചതും അതിനു പിന്തുണ നല്‍കി രണ്ടുപേരുടെയും മക്കളും എത്തുകയും ചെയ്തു. അങ്ങനെയാണ് 41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്പത്തിയൊന്‍പതുകാരിയായ രശ്മിക്ക് വരനായി 60 കഴിഞ്ഞ ജയപ്രകാശ് എത്തുന്നത്. രണ്ടാം വിവാഹം ഇന്നും സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത ഒരുപാട് ആളുകളുണ്ട്. അല്ലെങ്കില്‍ പ്രായം അല്‍പ്പം കൂടിയശേഷം മറ്റൊരു ജീവിതത്തിലേക്ക് കടന്നു എന്ന് അറിഞ്ഞാല്‍ പരിഹാസവും കുത്തുവാക്കുകളും പറയുന്ന സദാചാരക്കാര്‍ ഉള്ള നാട്ടിലാണ് നമ്മളൊക്കെയും ജീവിക്കുന്നത്. എങ്കിലും ഏറെ സന്തോഷത്തോടെ ഇത്തരം വാര്‍ത്തകളെ സ്വീകരിക്കുന്ന ആളുകളും നമുക്ക് ഇടയിലുണ്ട്. അത്തരക്കാര്‍ക്ക് ആഘോഷിക്കാന്‍ ആകുന്ന ഒരു വിവാഹവാര്‍ത്തയായി മാറുകയാണ് ഈ രണ്ടാം വിവാഹവും.