സിനിമ-സീരിയല്‍ നടന്‍ ദിലീപ് ശങ്കറിന്റെ വിയോഗം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍. സീമാ ജി നായരും നടി റാണി ശരണും, ഷാജു ശ്രീധറും അടക്കം കുറിപ്പ് പങ്ക് വച്ചു.
നടി സീമ ജി നായര്‍ പങ്കുവച്ച കുറിപ്പ്
'ആദരാഞ്ജലികള്‍...5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ ..അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാന്‍ പറ്റിയില്ല ..ഇപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് ..എന്താണ് ദിലീപ് നിനക്ക് പറ്റിയത് ..ഒന്നും പറ്റുന്നില്ലല്ലോ ഈശ്വരാ, എന്ത് എഴുതണമെന്നു അറിയില്ല ...ആദരാഞ്ജലികള്‍' സീമി.ജി.നായരുടെ വാക്കുകള്‍.
വേദന പങ്കുവച്ച് കുറിപ്പുമായി നടന്‍ ഷാജു ശ്രീധറും എത്തി.. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകയും നമ്മള്‍ ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 26 ന് നിന്റെ call വന്നപ്പോള്‍ ഞാന്‍ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തിരിച്ചുവരാത്ത ഒരു യാത്രക്കാണ് നീ പോകുന്നത് എന്ന്... വിശ്വസിക്കാന്‍ പറ്റാത്ത വിയോഗം'.- ഷാജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
നടി റാണി ശരണ്‍ കുറിച്ചതിങ്ങനെ:
'മോളെ നീയെന്നെ ഉറപ്പായും തിരിച്ച് വിളിക്കണം. എനിക്ക് നിന്നോട് പ്രധാനപ്പെട്ട ചിലത് പറയാനുണ്ട്', പറഞ്ഞോളൂ ദിലീപേട്ടാ ഞാനിപ്പോ ഫ്രീ ആയി എന്ന് പറയുമ്പോഴേക്കും അപ്പുറത്ത് കോള്‍ കട്ട് ആയിരുന്നു. ഉടന്‍ തിരിച്ചു വിളിച്ചെങ്കിലും നമ്പര്‍ ബിസി എന്നാണ് കേട്ടത്. ഇടവേളകള്‍ ഇട്ട് പിന്നെയും പിന്നെയും വിളിച്ചിട്ടും അത് തന്നെ. അപ്പോ ഞാന്‍ വാട്‌സ് ആപ്പില്‍ വോയ്‌സ് ഇട്ടു. തിരിച്ച് വിളിക്കുമ്പോ നമ്പര്‍ ബിസി പറയുന്നു, free ആവുമ്പോ തിരിച്ച് വിളിച്ചോളൂ സംസാരിക്കാം എന്ന് പറഞ്ഞ്. വൈകീട്ട് വീണ്ടും ഒരു മിസ്സ് കാള്‍ (ഒരേ ഒരു റിംഗ്) വന്നു. തിരിച്ച് വിളിക്കുമ്പോ വീണ്ടും നമ്പര്‍ ബിസി. തിരിച്ച് വിളിച്ചോളും എന്ന ഉറപ്പില്‍ ഞാനുമിരുന്നു. അതാണല്ലോ പതിവ്.
അന്ന് ഇരുപത്തിയാറാം തിയ്യതി. രാവിലെ മഞ്ചേരി മലബാര്‍ ഗോള്‍ഡില്‍ ഫംഗ്ഷനില്‍ നില്‍ക്കുമ്പോഴാണ് ദിലീപേട്ടന്റെ calls വന്നത്. ഫോണ്‍ സൈലന്റ് ആക്കി കണ്‍മണിയെ ഏല്‍പ്പിച്ചിരുന്നു. 'അമ്മാ, ദിലീപ് അങ്കിള്‍ വിളിച്ചിരുന്നു' എന്നവള്‍ പറഞ്ഞു. കുറെ കാലത്തിനു ശേഷമുള്ള വിളിയാണ് കുറച്ചധികം പറയാനുണ്ടാവും. അത് കൊണ്ട് വീട്ടിലെത്തി വിളിക്കാം എന്നുറപ്പിച്ചു. വീട്ടിലെത്തി വിളിക്കാന്‍ തുടങ്ങുമ്പോഴാണ് വീണ്ടും ഇങ്ങോട്ട് കോള്‍. Calls എടുക്കാന്‍ പറ്റാത്തതിന് ക്ഷമാപണം പോലെയാണ് ഫംഗ്ഷനില്‍ ആയത് കൊണ്ടാണ് എടുക്കാന്‍ പറ്റാത്തത് എന്ന് പറഞ്ഞത്. അപ്പോഴും തിരക്കില്‍ ആണെന്ന് കരുതിയാണെന്നു തോന്നുന്നു cut ചെയ്തത്.
ഇന്ന് അബിന്‍ വിളിച്ച് 'അമ്മാ ഒരു കാര്യം പറയാനുണ്ട്. സമാധാനത്തോടെ കേള്‍ക്കണം' എന്ന മുഖവുരയോടെ പറയുന്നത് വരെ ആ വിളിയ്ക്കായി ഈ കുഞ്ഞനിയത്തി കാത്തിരുന്നു ദിലീപേട്ടാ. പറയാനുള്ള ആ പ്രധാനപ്പെട്ട കാര്യം കേള്‍ക്കാന്‍.ഇന്ന് കേട്ടത്...അത് എനിക്ക് കേള്‍ക്കേണ്ട ഒന്ന് ആയിരുന്നില്ല. അത് കൊണ്ട് തന്നെ ഇപ്പോഴും വിശ്വസിക്കാന്‍ മടിക്കുന്നുണ്ട്. 'മോളെ' എന്ന വിളിയോടെ വല്ലപ്പോഴും വരുന്ന ആ കോളുകള്‍ ഇനി പ്രതീക്ഷിക്കണ്ട എന്ന് പറഞ്ഞു പഠിക്കുന്നുണ്ട് ഞാന്‍.'നീ എന്റെ കുഞ്ഞു പെങ്ങളാണ്' എന്ന് ആവര്‍ത്തിക്കുന്നത് കേള്‍ക്കാന്‍, 'എന്നും മോള്‍ക്ക് ഒപ്പമുണ്ട്' എന്ന ഉറപ്പില്‍ വീണ്ടും ബലപ്പെടാന്‍ എന്നിട്ടും മനസ്സ് കൊതിക്കുന്നുണ്ട്. ചേച്ചി, കുട്ടികള്‍, സിനിമാ സ്വപ്നങ്ങള്‍ ഒക്കെ ഇവിടെയല്ലേ ദിലീപേട്ടാ?! പിന്നെ ദിലീപേട്ടന് പ്രിയപ്പെട്ട ഞങ്ങള്‍ ചിലരും...?!'.- റാണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു ദിലീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീരിയല്‍ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഞായറാഴ്ച സീരിയലിന്റെ സെറ്റില്‍ നിന്ന് താരത്തെ അന്വേഷിച്ച് ഹോട്ടലില്‍ എത്തിയപ്പോഴാണ് ഹോട്ടല്‍ അധികൃതരും ഇക്കാര്യം ശ്രദ്ധിക്കുന്നത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
ദിലീപ് ശങ്കറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകന്‍ മനോജ് പറഞ്ഞു. കരള്‍ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നു. രോഗത്തെക്കുറിച്ച് അദ്ദേഹം കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.
ഫോണ്‍ വിളിച്ചാല്‍ എടുക്കാതിരിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. അദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് പ്രൊഡക്ഷന്‍ മാനേജര്‍ ഫോണില്‍ വിളിച്ചിരുന്നു. തുടരെ വിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രൊഡക്ഷന്‍ ടീമിലുള്ളവര്‍ ഹോട്ടലില്‍ നേരിട്ടെത്തുകയായിരുന്നു.
ഹോട്ടല്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ മരിച്ച നിലയില്‍ ദിലീപ് ശങ്കറിനെ കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണത്തില്‍ ദുരൂഹതയുള്ളതായി തോന്നുന്നില്ലെന്നും മനോജ് പറഞ്ഞു.
ദിലീപ് ശങ്കര്‍ എല്ലാ ദിവസവും റസ്റ്റോറന്റില്‍ കഴിക്കാന്‍ വരുമായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരനും പ്രതികരിച്ചു. രണ്ട് ദിവസമായി കണ്ടിരുന്നില്ല. സീരിയലുമായി ബന്ധപ്പെട്ട് പുറത്താണെന്നാണ് കരുതിയത്. സംശയം ഒന്നും തോന്നിയില്ല. ദുര്‍ഗന്ധം ഉണ്ടായതോടെയാണ് പരിശോധിച്ചതെന്നും ജീവനക്കാരന്‍ പറഞ്ഞു.
നിരവധി സിനിമകളിലൂടെയും സീരയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ദിലീപ് ശങ്കര്‍. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് അമ്മയറിയാതെ പരമ്പരയില്‍ ശക്തമായ വേഷം ചെയ്തു , സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരിയിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അമ്മാവന്‍ ആയിരുന്നു. മദ്യപാനം അടക്കമുള്ള തന്റെ എല്ലാ ദുശീലങ്ങളും താന്‍ ഒഴിവാക്കിയതെങ്ങിനെക്കുറിച്ച് മുന്‍പൊരിക്കല്‍ ദിലീപ് പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായിരുന്നു ദിലീപ്. അടുത്തിടെയാണ് അദ്ദേഹത്തിന് സത്യജിത് റേ പുരസ്‌കാരം ലഭിച്ചത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.