കുറച്ചേറെ വര്‍ഷങ്ങളായി മലയാള മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിനില്‍ക്കുന്ന നടിയാണ് അര്‍ച്ചന ജയകൃഷ്ണന്‍ എന്ന പെണ്‍കുട്ടി. നൃത്തവും അഭിനയവും ഒക്കെയായി അഭിനയരംഗത്തേക്ക് എത്തിയ അര്‍ച്ചനയുടെ തുടക്കം സ്റ്റേജ് പ്രോഗ്രാമുകളും ഷോകളും ഒക്കെയായിരുന്നു. അതുവഴി സിനിമയിലും എത്തിയ അര്‍ച്ചന പഠന കാലത്താണ് അരുണിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അപ്പോള്‍ തന്നെ പ്രണയം വീട്ടുകാരെയും അറിയിച്ചിരുന്നു. ഒടുവില്‍ ഇപ്പോഴിതാ, ആ പ്രണയം പൂവണിഞ്ഞിരിക്കുകയാണ്. ഏഴു വര്‍ഷത്തോളം നീണ്ട പ്രണയം ഇന്നലെ ക്ഷേത്രമുറ്റത്ത് വച്ച് സഫലീകരിക്കപ്പെട്ടപ്പോള്‍ സന്തോഷത്തിന്റെ നെറുകയിലായിരുന്നു ഇരുവരും. പ്രണയ വിവാഹം ആയിരുന്നുവെങ്കിലും പെണ്ണുകാണലും വിവാഹനിശ്ചയവും ഒക്കെയായി പതിവുകളൊന്നും തെറ്റിക്കാതെയാണ് വിവാഹം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പെണ്ണുകാണലും തൊട്ടടുത്ത മാസവും വിവാഹനിശ്ചയവും നടത്തിയിരുന്നു. പിന്നാലെയാണ് അഞ്ചുമാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇപ്പോള്‍ വിവാഹവും വീട്ടുകാര്‍ ചേര്‍ന്ന് കെങ്കേമമാക്കിയിരിക്കുന്നത്. അതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലും നിറയുന്നത്.
ആദ്യം ക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ട് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഈ ചടങ്ങില്‍ പങ്കെടുത്തത്. സീരിയല്‍ നടി ഗൗരി കൃഷ്ണ താലികെട്ട് കാണാനായി ക്ഷേത്രത്തില്‍ എത്തിയിരുന്നു. താലികെട്ടി അര്‍ച്ചനയുടെ നെറ്റിയില്‍ ഉമ്മ നല്‍കിയാണ് അരുണ്‍ സ്നേഹം പ്രകടിപ്പിച്ചത്. തുടര്‍ന്നാണ് വിവാഹ റിസപ്ഷന്‍ ആഘോഷത്തിലേക്ക് വധുവരന്മാര്‍ വേഷം മാറി എത്തിയത്. മാലയിട്ടപ്പോള്‍ അര്‍ച്ചനയെ കെട്ടിപ്പിടിച്ചും സന്തോഷം പ്രകടിപ്പിച്ച അരുണിനെ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു വിവാഹം കൂടാന്‍ എത്തിയവരെല്ലാം.
അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് അര്‍ച്ചനയുടെ കുടുംബം. വിവാഹമണ്ഡപത്തിലേക്ക് അച്ഛന്റെ കൈപിടിച്ചാണ് അര്‍ച്ചന വന്നത്. തുടര്‍ന്ന് അര്‍ച്ചനയുടെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കുന്ന അരുണിനെയും അതിഥികളെ ഇരുവരും ചേര്‍ന്ന് സന്തോഷത്തോടെ ഹായ് പറഞ്ഞ് സ്വീകരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അമ്മയും ചേട്ടനും ചേട്ടന്റെ കുടുംബവും അടങ്ങുന്നതാണ് അരുണിന്റെ കുടുംബം. അവിടേക്കാണ് വലതുകാല്‍ വച്ച് അര്‍ച്ചനയും എത്തിയിരിക്കുന്നത്.
മോഡലിംഗിലൂടെയും നൃത്തത്തിലൂടെയും ഈ രംഗത്തേക്ക് കടന്നു വന്ന അര്‍ച്ചന ഷോകളില്‍ നൃത്തം ചെയ്യാനായിരുന്നു ആദ്യം എത്തിയിരുന്നത്. ഡാന്‍സര്‍ കുക്കുവിന്റെ സ്റ്റുഡിയോയില്‍ അംഗമായിരുന്ന അര്‍ച്ചന അതുവഴിയാണ് സിനിമകളിലേക്കും ആല്‍ബങ്ങളിലേക്കും എല്ലാം എത്തിയത്. സീരിയലിലാണ് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത്. കന്യാദാനം എന്ന പരമ്പരയിലും ഫ്ളവേഴ്സിലെ സുഖമോ ദേവിയിലും എല്ലാം തിളങ്ങിയ അര്‍ച്ചന ഇപ്പോള്‍ പുതുതായി ആരംഭിക്കുന്ന സിതാര എന്ന സീരിയലിന്റേയും ഭാഗമാണ്. അതേസമയം, ഭാരത് ബെന്‍സ് എന്ന കമ്പനിയുടെ അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫായി ജോലി ചെയ്യുകയാണ് അരുണ്‍.