കഴിവ് മാത്രം ഉണ്ടായാല്‍ പോരാ, അല്‍പം ഭാഗ്യവും യോഗവും ഒക്കെ വേണം ജീവിത നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍. എന്നാല്‍ അതിലെ യോഗമില്ലായ്മയുടെ പേരില്‍, സ്വകാര്യ ജീവിതത്തിലെ തിരക്കുകളിലേക്ക് തിരിഞ്ഞപ്പോള്‍ കൈവന്ന സൗഭാഗ്യങ്ങള്‍ നഷ്ടപ്പെട്ടു പോയ നടിയാണ് മീരാ കൃഷ്ണന്‍. സ്‌കൂള്‍ കാലം മുഴുവന്‍ പഠനത്തിനും നൃത്തത്തിനും വേണ്ടി മാറ്റിവച്ച് ആ കഠിന പ്രയ്തനത്തിന്റെ ഫലമെന്നോണം ചെറുപ്രായത്തില്‍ തന്നെ ഭാഗ്യാവസരങ്ങള്‍ തേടിവന്നെങ്കിലും തെറ്റായ തീരുമാനം ജീവിതവും പ്രയത്നവും ഒക്കെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ മഞ്ജു വാര്യരേയോ കാവ്യാ മാധവനെയോ മീരാ ജാസ്മിനെയോ ഒക്കെ പോലെ ഇന്നും തിളങ്ങി നില്‍ക്കുന്ന നടിയായി എത്തേണ്ട താരമായിരുന്നു മീരാ കൃഷ്ണന്‍.
കോട്ടയംകാരിയായ മീരാ കൃഷ്ണന്‍ രണ്ടര വയസു മുതല്‍ക്കെ നൃത്തം പഠിച്ചിരുന്നു. കലാതിലക പട്ടങ്ങളും കലാമണ്ഡലത്തിനെ നൃത്ത പഠനവും ഒക്കെ മീരയെ മിടുമിടുക്കിയായാണ് വളര്‍ന്നത്. മകളുടെ നൃത്ത പഠനത്തിനു വേണ്ടി ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് എത്തിയ പിതാവ് വരെ ഉണ്ടായിരുന്നു. അത്രത്തോളം ആത്മസമര്‍പ്പണമായിരുന്നു മീരയ്ക്കും വീട്ടുകാര്‍ക്കും കലയോട് ഉണ്ടായിരുന്നത്. ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ എംജി യൂണിവേഴ്സിറ്റി കലാതിലകമായതാണ് മീരയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. മാര്‍ഗം എന്ന ആ ചിത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും തേടിയെത്തി. നടി മീരാ ജാസ്മിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം കിട്ടിയപ്പോഴാണ് മീരാ കൃഷ്ണന്‍ സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയെടുത്തത്.
രണ്ടാമത്തെ ചിത്രം മഞ്ഞുപോലൊരു പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ അതത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നാലെ തിരിഞ്ഞത് സീരിയലുകളിലേക്ക് ആയിരുന്നു. സ്ത്രീഹൃദയം, കൂടും തേടി, വീണ്ടും ജ്വാലയായ്, ആകാശദൂത് മുതല്‍ മൂന്നുമണി വരെ പല സീരിയലുകള്‍. അഭിനയിച്ച സീരിയലുകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ആരുമായും വ്യക്തിബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നില്ല. ആരെയും അങ്ങോട്ടു വിളിച്ച് അവസരം തേടിയിരുന്നുമില്ല. നടന്‍ മമ്മൂട്ടി പോലും ഇന്നും ആരോടെങ്കിലും അവസരം ചോദിക്കുന്ന കാലത്താണ് ആരുടേയും ഫോണ്‍ നമ്പര്‍ പോലും കയ്യില്‍ സൂക്ഷിക്കാതെ മീര ഒതുങ്ങിനിന്നത്. ഇതാണ് സിനിമയില്‍ നിന്നും ഔട്ടായതിനു കാരണവും. പ്രേമരാജ്യം എന്ന തെലുങ്കു സിനിമയില്‍ അഭിനയിക്കവേ അതിലെ കൊറിയോഗ്രാഫര്‍ ആയിരുന്നു ശിവ എന്ന ശിവകുമാര്‍. ശിവയ്ക്ക് മീരയെ ഇഷ്ടമായപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി വിവാഹ ആലോചനയുമായി വരികയായിരുന്നു. അങ്ങനെ കല്യാണം കഴിഞ്ഞു.
വിജയവാഡയാണ് നാട് എങ്കിലും ശിവ പഠിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയിലായിരുന്നു. ഭര്‍തൃപിതാവ് പര്‍വതനേനി സായി കുമാര്‍ കലാസംവിധായകനായിരുന്നു. എംജി ആറിന്റെ കാലത്തൊക്കെ തമിഴിലെ വലിയ കലാ സംവിധായകനായിരുന്നു അദ്ദേഹം. മീരയുടെ ഭര്‍ത്താവിന് ചെറുപ്പത്തിലേ നൃത്തമായിരുന്നു ഇഷ്ടം. അച്ഛന്‍ സിനിമയില്‍ ആയതുകൊണ്ട് പ്രോത്സാഹനവും കിട്ടി. ഇപ്പോള്‍ സ്വതന്ത്രമായി കൊറിയോഗ്രഫറായി പ്രവര്‍ത്തിക്കുകയാണ്. ഇന്ന് കോടമ്പാക്കത്തെ ഫ്ളാറ്റില്‍ രണ്ട് ആണ്‍മക്കള്‍ക്കൊപ്പം കഴിയുകയാണ് നടി. എട്ടാം ക്ലാസുകാരനായ ധന്വന്ത്, അഞ്ചാം ക്ലാസുകാരനായ നക്ഷിത് എന്നിവരാണ് മക്കള്‍. രണ്ടു പേര്‍ക്കും അച്ഛനേയും അമ്മയേയും പോലെ നൃത്തം ഇഷ്ടമാണ്.
കുടുംബ ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കവേ നടി അംബിക വഴിയാണ് വീണ്ടും സീരിയല്‍ ലോകത്തേക്ക് തിരികെ വന്നത്. കൂടുംതേടി എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. തമിഴില്‍ ഒരവസരം വന്നപ്പോള്‍ അംബികയാണ് മീരയുടെ പിതാവിന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചതും ക്ഷണിച്ചതും. പിന്നെ, കൈ നിറയെ തമിഴ് സീരിയലുകളായി. തമിഴും സരസ്വതിയും, മാരി, കാര്‍ത്തികൈ ദീപം തുടങ്ങിയ സീരിയലുകള്‍ക്കു പുറമേ സീ തമിഴിലെ സൂപ്പര്‍മാം സീസണ്‍ 3 ഷോയിലും പങ്കെടുത്തു. അതില്‍ മീരയും മകനും ആയിരുന്നു റണ്ണര്‍ അപ്. ഇതിനു പുറമേ സീരിയലില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് ബെസ്റ്റ് മദര്‍ അവാര്‍ഡും ബെസ്റ്റ് വില്ലി അവാര്‍ഡുകളുമെല്ലാം കിട്ടി.
അഞ്ചു വര്‍ഷത്തോളം അമ്മ കിടപ്പിലായിരുന്നു. ആ അവസ്ഥയിലും അമ്മയായിരുന്നു നടിയുടെ കരിയര്‍ കൈകാര്യം ചെയ്തിരുന്നത്. അമ്മയുടെ മരണത്തോടെ മലയാളത്തിേലക്ക് വരാന്‍ പോലും തോന്നിയില്ല. മാളിലും തിയറ്ററിലുമൊക്കെ പോകുമ്പോള്‍ ചെന്നൈ മലയാളികള്‍ ഇന്നും സ്‌നേഹത്തോടെ ഓടിയെത്തും. ഭര്‍ത്താവും മക്കളും ചെന്നൈയിലാണ്. മാസത്തില്‍ മിക്ക ദിവസവും തമിഴ് സീരിയലിന്റെ ഷൂട്ടും ഉണ്ടാകും. സിനിമയിലേക്കാണ് തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കുന്നത്.